Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുധനു മൌഡ്യമുള്ളപ്പോള്‍ വിദ്യാരംഭമരുത്

മുഹൂര്‍ത്തം ഗണിക്കുമ്പോള്‍ - പതിനൊന്നാം ഭാഗം

ബുധനു മൌഡ്യമുള്ളപ്പോള്‍ വിദ്യാരംഭമരുത്
, ബുധന്‍, 3 മാര്‍ച്ച് 2010 (14:04 IST)
PRO
പകല്‍ ഗുരുവിനെയോ ശുക്രനെയോ നക്ഷത്ര രൂപത്തില്‍ കണ്ടാലും ഗുരുശുക്രന്മാര്‍ക്ക് മൌഡ്യമുള്ള കാലമായാലും ഗുരുശുക്ര പരസ്പര ദൃഷ്ടിയുള്ളപ്പോഴും ശുഭകര്‍മ്മങ്ങള്‍ക്ക് തുടക്കമിടുന്നത് ഉത്തമമല്ല. ബുധനു മൌഡ്യമുള്ളപ്പോള്‍ വിദ്യാരംഭവും അരുത്.

ശുക്ലപക്ഷ പ്രതിപദം മുതല്‍ ഇഷ്ടദിന തിഥിവരെ എണ്ണിയ സംഖ്യയില്‍ 2 കൂടി കൂടി കൂട്ടി 7 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം 2, 4, 6 എന്നിവയിലേതെങ്കിലും വന്നാല്‍ ആദിവസം ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജ്യമാണ്.

ശുക്രന്റെ വക്രമൌഡ്യം കഴിഞ്ഞ് 5 ദിവസവും ക്രമമൌഡ്യം കഴിഞ്ഞ് 7 ദിവസവും വക്രമൌഡ്യം തുടങ്ങുന്നതിന് മുമ്പ് 5 ദിവസവും ക്രമമൌഡ്യം തുടങ്ങുന്നതിന് മുമ്പ് 7 ദിവസവും, വ്യാഴത്തിന്റെ മൌഡ്യം തുടങ്ങുന്നതിനു മുമ്പും കഴിഞ്ഞും ഏഴ് ദിവസവും ശുഭകാര്യങ്ങള്‍ തുടങ്ങരുത്. ഈ ദിവസങ്ങളില്‍ വിവാഹമുഹൂര്‍ത്തം ഒരിക്കലും പാടില്ല.

ഒമ്പത് രാശിയും പത്ത് തീയതിയും വച്ച് അതില്‍നിന്നും സൂര്യാദിഗ്രഹസ്ഫുടങ്ങളെ കുറച്ചാല്‍ കിട്ടുന്നതില്‍ വരുന്ന നക്ഷത്രങ്ങള്‍ ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജ്യമാവുന്നു.

പഞ്ചവര്‍ഗ്ഗ വേധത്തില്‍ ഏതെങ്കിലും വര്‍ഗ്ഗത്തിലുള്ള നക്ഷത്രം നിന്നാല്‍, ആ വര്‍ഗ്ഗത്തിലുള്ള മുഴുവന്‍ നക്ഷത്രങ്ങളും വര്‍ജ്ജ്യമാണ്. വിശേഷിച്ച് ഗ്രഹാരംഭപ്രവേശ കര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജിച്ചിരിക്കേണ്ടതാണ്. സഗ്രഹ നക്ഷത്രവും ഇത്തരത്തില്‍ വര്‍ജ്ജ്യമാണ്.

കിഴക്കുപടിഞ്ഞാറ് 7 രേഖകളും തെക്കുവടക്ക് 7 രേഖകളും വരച്ച് ഒരു സമചതുരചക്രമുണ്ടാക്കിയാല്‍ അതിന് 28 രേഖാംശങ്ങള്‍ ഉണ്ടായിരിക്കും. ഇതില്‍, കിഴക്കുവടക്കേ അറ്റത്തുനിന്ന് തുടങ്ങി കാര്‍ത്തിക മുതല്‍ ഭരണി വരെയുള്ള നക്ഷത്രങ്ങളെ എഴുതണം. ഉത്രാടം കഴിഞ്ഞ് അഭിജിത്തുകൂടി എഴുതിക്കൊള്ളണം. ചന്ദ്രന്‍ നില്‍ക്കുന്ന നക്ഷത്രത്തില്‍ നിന്ന് എത്രാമത്തെ നക്ഷത്രത്തില്‍ ഗ്രഹം നില്‍ക്കുന്നോ ആ നക്ഷത്രം മുതല്‍ അത്രയും നക്ഷത്രം തള്ളിവരുന്ന നക്ഷത്രം ശുഭ കര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജിക്കണം.

ഗ്രഹങ്ങള്‍ക്ക് മൌഡ്യം തുടങ്ങുന്ന ദിവസം, വക്രഗതി ആരംഭിക്കുന്ന ദിവസം, സ്വദേശത്തുള്ള ദേവാലയത്തിലെ മഹോത്സവ ദിവസം, ധൂമകേതു ഉദിക്കുക, ബഹുവിധങ്ങളായ ഉല്പാദങ്ങള്‍ സംഭവിക്കുന്ന ദിവസം, ഇടിമുഴങ്ങുന്ന ദിവസം, ധൂമകേതു ഉദിക്കുക, കൊള്ളിമീന്‍ വീഴുക, ദിഗ്ദാഹമുണ്ടാവുക, ഭൂകമ്പമുണ്ടാവുക, ഗ്രഹയുദ്ധമുണ്ടാവുക എന്നിവയൊന്നും മുഹൂര്‍ത്തങ്ങള്‍ക്ക് സ്വീകരിക്കരുത്. ധൂമകേതു ഉദിക്കുക തുടങ്ങി പറഞ്ഞിരിക്കുന്നവയിലൊന്നാണ് ഉണ്ടാവുന്നതെങ്കില്‍ അതുണ്ടാകുന്ന ദിവസം മുതല്‍ മൂന്ന് ദിവസം വരെ ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജിക്കേണ്ടതാണ്.

(ലേഖനം അടുത്ത ആഴ്ചയും തുടരുന്നതാണ്)

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386.

Share this Story:

Follow Webdunia malayalam