Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറല്‍ മാര്‍ക്സിന്‍റെ താടി

സ്വാതി ആര്‍

കാറല്‍ മാര്‍ക്സിന്‍റെ താടി
, ബുധന്‍, 19 ഒക്‌ടോബര്‍ 2011 (20:13 IST)
PRO
മുഖത്ത് എണ്ണ തേക്കുന്നവരെ ഹിമയ്ക്ക് ഇഷ്ടമല്ല. തല വരെ പുതപ്പുമൂടി
കിടക്കുന്നവരെ ഇഷ്ടമല്ല.
കാര്‍ക്കിച്ചു തുപ്പുന്നവരെയും ഇഷ്ടമല്ല.
നിങ്ങള് പറയുന്ന ഏത് കോന്തനെ വേണെങ്കിലും കെട്ടാം. നാലാം ക്ലാസും ഗുസ്തിയായാലും
ഫുള്‍ടൈം പാമ്പായാലും പ്രശ്നമില്ല. പക്ഷെ ഈ പറഞ്ഞ എനങ്ങള് വേണ്ട.

ഹിമ കണ്ണാടിയുടെ മുന്നില്‍ പോയി നിന്നു.
പാമ്പുകള്‍ക്ക് എന്താ ഇത്ര കുഴപ്പം?
ഇളവെയിലില്‍ തെളിവെള്ളത്തില്‍ പുളയുന്ന നീര്‍ക്കോലികള്‍!

കണ്ണാടിയുടെ മുന്നില്‍ നിന്നാല്‍ ഹിമയ്ക്ക് കവിത വരും.
ചിലപ്പോ കുളിക്കുമ്പോഴും വരും. അവള്‍ ഷവറിന്റെ ചുവട്ടില്‍ നിന്ന് ധ്യാനിക്കും.
വെള്ളത്തിന്റെ നേരിയ നൂലുകള്‍ അവളുടെ മുഖത്തൂടെ അരിച്ചിറങ്ങും. വെള്ളം കയറി
ചുവക്കുന്നതുവരെ അവളുടെ കണ്ണുകള്‍ തുറന്നുതന്നെയിരിക്കും. എന്നിട്ട് നിറം
മങ്ങിത്തുടങ്ങിയ ടൈല്‍സില്‍ വിരലുകള്‍ കൊണ്ട് അവള്‍ എഴുതും. അസ്ഥിത്വവാദം,
നഖക്ഷതം, മജ്ജ, മാംസം, ആട്ടുകല്ല്, അരകല്ല് തുടങ്ങിയ പദപ്രയോഗങ്ങള്‍ പുട്ടിന്
തേങ്ങയിടുന്ന കണക്കെ അങ്ങിങ്ങായി ചേര്‍ക്കും.

"തീരാനായില്ലേടി നിന്‍റെ ആനക്കുളി''
അമ്മയുടെ ഗര്‍ജനം അടുക്കളയില്‍ നിന്ന് മുഴങ്ങുന്നതിന് തൊട്ടുമുന്നേ കലങ്ങിയ
കണ്ണുകളോടെ ഹിമയുടെ കുളി അവസാനിക്കും.
അല്ലെങ്കിലും ഈ അമ്മയ്ക്കെന്തറിയാം?
ആദാമിന്റ വാരിയെല്ലുകളില്‍ അസ്ഥിത്വവാദം പിടിപെടുന്നതോ പൊതുസമൂഹത്തില്‍
സാമ്രാജ്യത്വത്തിന്റെ നിഴല്‍ക്കൂനകള്‍ ഉയരുന്നതോ അമ്മയ്ക്കറിയണോ.

കറിക്കരിഞ്ഞുകൊണ്ടിരിക്കുന്ന അമ്മയുടെ കൈ പിടിച്ച് ഹിമ പറഞ്ഞു:
"ഈ എസ്റ്റാബ്ലിഷ്മെന്റുകളൊക്കെ നമുക്ക് പുതുക്കിപ്പണിയണം അമ്മേ. അരിയുടെ
വേവിനെക്കുറിച്ചും അടുക്കളത്തോട്ടത്തില്‍ ചീര പൊടിച്ചതിനെക്കുറിച്ചും
കഴിഞ്ഞാല്‍ അമ്മയ്ക്കാകെ സംസാരിക്കാനുള്ളത് ശമ്പള സ്കെയില്‍ വര്‍ധനവിനെക്കുറിച്ച്
മാത്രമാണ്. ഈ നാലു ചുവരുകള്‍ക്കുള്ളില്‍ അമ്മയുടെ മനസ്സ് അത്രമാത്രം
സങ്കുചിതമായിപ്പോയിരിക്കുന്നു. ഫെമിനിസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു
എന്നൊക്കെ കശ്മലന്മാര്‍ വെറുതെ തട്ടിവിടുന്നതല്ലേ.
കേരളത്തില്‍ ഫെമിനിസത്തിന് പ്രസക്തി ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് പ്രസക്തി?
ഫീനിക്സ് പക്ഷിയെപ്പോലെ ഫെമിനിസം ഉയിര്‍ത്തെണീക്കുന്ന ഒരു ദിവസം വരും.
തേഞ്ഞുപോയ ചൂലോ വക്കൊടിഞ്ഞ പാത്രങ്ങളോ ഉണ്ടെങ്കില്‍ കളയണ്ട. എടുത്തുവച്ചോ.
നമുക്കതൊക്കെ എടുത്ത് പ്രകടനത്തിന് പോകേണ്ടതാ. അമ്മയ്ക്കറിയാഞ്ഞിട്ടാ, ഇതൊക്കെ
ഓരോ പ്രതീകങ്ങളാ”.

പക്ഷെ സത്യജിത്റേയെ കാണുമ്പോള്‍ ഹിമയുടെ ഫെമിനിസം നാടുവിടും.
നല്ല നീളമുള്ള ആണുങ്ങളാണ് ആണുങ്ങള്‍ എന്ന് അവള്‍ വിശ്വസിച്ചു. അതുകൊണ്ടുതന്നെ
അവള്‍ ആദ്യമായി പ്രണയിച്ചത് റേയെ ആണ്.
പഥേര്‍ പാഞ്ചാലിയുടെ സിഡി പതിനേഴാമത്തെ പ്രാവശ്യവും ഡ്രൈവില്‍ കിടന്ന് വട്ടം
കറങ്ങുന്നത് കണ്ടപ്പോള്‍ അമ്മയ്ക്ക് വരേണ്ടയാള്‍ വന്നു.

'നിനക്കെന്തിന്റെ അസുഖാണ് ഹിമേ... ഇനിയും ഈ കുന്ത്രാണ്ടം കണ്ട് നടന്നാല്‍
തല്ലിപ്പൊട്ടിച്ച് പറമ്പിലെറിയും ഞാന്‍. പറഞ്ഞില്ലാന്ന് വേണ്ട.'
സിഡി പൊട്ടിച്ചതും ഇല്ല, പറമ്പിലെറിഞ്ഞതും ഇല്ല. അത് പതിനെട്ടാമത്തെ
പ്രാവശ്യവും പത്തൊമ്പതാമത്തെ പ്രാവശ്യവും ഡിസ്കില്‍ കിടന്ന് കറങ്ങി.
സിനിമയുടെ ചില സീനുകളില്‍ റേയുടെ നീണ്ട നിഴല്‍ വീണു കിടക്കുന്നത് ഹിമ രഹസ്യമായി
കണ്ടുപിടിച്ചു.

ടിവിയില്‍ ഹോര്‍ലിക്സിന്റെ പരസ്യത്തില്‍ ഒരുത്തന്‍ നീളം വെക്കാന്‍ കമ്പിയില്‍
പിടിച്ച് തൂങ്ങുന്നത് കണ്ട് ഹിമ ശരിക്കും നടുങ്ങി.
എന്റെ പ്രിയപ്പെട്ട റേ... ഹോര്‍ലിക്സോ ബൂസ്റോ ഇല്ലാതിരുന്ന ആ കാലത്ത്
നിങ്ങളിതെന്ത് തൂങ്ങലാ തൂങ്ങിയത്...
അത്രത്തോളമില്ലെങ്കിലും ഏകദേശം ആ റേഞ്ചില്‍ നീളമുള്ള ഒരുത്തനെ ഹിമ കണ്ടത്
കോളജിലെ യൂണിറ്റ് കമ്മിറ്റി മീറ്റിങ്ങിലാണ്.

മെലിഞ്ഞ കൊലുന്നനെയുള്ള പയ്യന്‍. പോരാത്തതിന് നസ്രാണിയും. അപ്പോ വിപ്ലവത്തിനും
വകയായി.
ഇവന്‍ താന്‍ടാ മാപ്പിളൈ...
പ്രണത്തിന്റെ ഗിരിശൃംഗങ്ങളില്‍ നിന്ന് ഊര്‍ന്നൂര്‍ന്ന് ഹിമ വീട്ടിലെത്തി.
കളിക്കുടുക്കയില്‍ കുറുക്കന് വഴി കാണിക്കുകയായിരുന്നു അനിയന്‍.
ഹിമ ഓടിച്ചെന്ന് അവന്റെ മുഖം പിടിച്ചുയര്‍ത്തി.

"ജെന്നി ആരാന്നറിയോടാ നിനക്ക്.''
"ആ... വര്‍ഗീസ് മാഷെ രണ്ടാമത്തെ മോള്.''
"അതല്ലെട കൊരങ്ങാ... ഇത് ജെന്നി മാര്‍ക്സ്''
ഒരു കയ്യില്‍ പ്രണയത്തിന്റെ കുളിരും മറുകയ്യില്‍ വിപ്ലവത്തിന്റെ ജ്വാലയും
ചേര്‍ത്തുപിടിച്ച കാറല്‍ മാര്‍ക്സിന്റ പ്രണയിനി.

കഴിഞ്ഞ വര്‍ഷം സ്റ്റഡി ടൂര്‍ പോയപ്പോ ഊട്ടീന്ന് വാങ്ങിയ തൊപ്പിയെടുത്തിട്ട് ഹിമ
മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒരു പൂച്ചനടത്തം നടന്നു.
താടിയില്ലാത്ത ഒരു മാര്‍ക്സുണ്ടല്ലോ എന്റെ കോളജില്. അപ്പോ ഞാന്‍ ഗൌണില്ലാത്ത
ജെന്നിയാവണ്ടെ...

വായ പകുതി തുറന്നിരിക്കുന്ന അനിയന്റെ താടി പിടിച്ചുകുലുക്കി ഹിമ പറഞ്ഞു:
"നിന്റെ ഏച്ചിക്ക് ഒരു നസ്രാണിച്ചെക്കനോട് ഐ ഡബ്ള്യു...''
നിന്നാലും ഐ ഡബ്ള്യു ഇരുന്നാലും ഐ ഡബ്ള്യു കിടന്നാലും ഐ ഡബ്ള്യു..
ഒന്നു മുരടനക്കി ഹിമ കൂടുതല്‍ നാടകീയമായി.
"താണ്ടാനുള്ള വഴികള്‍ ദുര്‍ഘടം പിടിച്ചതാണ്. സാമ്രാജ്യത്വത്തിന്റെ
കരാളഹസ്തങ്ങള്‍ക്കൊപ്പം പ്രതിലോമകാരികളും ജാതി-മത വര്‍ഗ്ഗീയതകളും
ഇത്തിള്‍ക്കണ്ണിയെപ്പോലെ ഞങ്ങളുടെ രക്തം ഊറ്റിക്കുടിക്കാനെത്തുമ്പോള്‍ ഈ
ഗൌണില്ലാത്ത ജെന്നിക്കും താടിയില്ലാത്ത മാര്‍ക്സിനും മുന്നില്‍ വിപ്ളവത്തിന്റെ
കെടാവിളക്കുമായി നീ നടക്കില്ലെ കൂടപ്പിറപ്പേ....''
അനിയന്‍ പേടിച്ച് കരഞ്ഞ് അടുക്കളയിലേക്കോടിയപ്പോള്‍ ഹിമ പൊട്ടിച്ചിരിച്ചു.

പിന്നെ ഒരു വെളിപാടെന്നപോലെ അച്ഛന്റെ ഹോം ലൈബ്രറിയില്‍ ഒരു മൂലക്ക് കിടന്ന
'ജെന്നിയുടെ കത്തുകള്‍' എടുത്ത് ഒറ്റയിരിപ്പിന് രണ്ടുപ്രാവശ്യം വായിക്കുകയും
ഒരു പായപ്പേപ്പറില്‍ സ്ഥലം തീരുന്നതുവരെ 'ജെന്നിയാണ് സ്നേഹം, സ്നേഹമാണ് ജെന്നി'
എന്നെഴുതുകയും ചെയ്തു. ഒന്നു കുളിക്കുക പോലും ചെയ്യാതെ ഹിമ കിടന്നുറങ്ങി.

പിറ്റേന്ന് ഞായറാഴ്ച ആയിട്ടും 'അമ്മച്ച്യേ ഞാന്‍ പോവ്‌വ്വാണേ' എന്ന് വിളിച്ചുപറഞ്ഞ്
അമ്മയ്ക്കൊന്ന് അത്ഭുതപ്പെടാന്‍പോലും സമയം നല്‍കാതെ അവള്‍ കൂടെ
പഠിക്കുന്ന ഹെലന്റെ വീട്ടിലേക്കോടി.
ഒരേ ക്ളാസിലാണെന്ന് പറഞ്ഞിട്ടെന്നാ കാര്യം. നമ്മളിതുവരെ നേരെ ചൊവ്വേ വല്ലതും
മിണ്ടിയിട്ടുണ്ടോ. മരിക്കാന്‍ കെടക്കുമ്പോള്‍ ആള്വോള്‍ക്ക് ആഗ്രഹങ്ങള് കൂടും
എന്നുപറയുന്നത് പോലെ കോഴ്സ് കഴിയാറാവുമ്പോ ഈ ഹായ് - ബായ് റിലേഷന്‍സൊക്കെ
പൊളിച്ചെഴുതണം എന്നൊരു തോന്നല്‍.

webdunia
PRO
"അല്ല, നിങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ഏതാണ്ടൊക്കെ ഇടണമെന്ന് നിര്‍ബന്ധമൊന്നും
ഇല്ലേ...''
ഹെലന്റെ ഇളം നീല സാറ്റിന്‍ നൈറ്റി തൊട്ടുനോക്കി ഹിമ ചോദിച്ചു:
"ഏത്'' ഹെലന്റെ പൂച്ചക്കണ്ണ് വിടര്‍ന്നു.
"അതില്ലേപ്പാ... ഒരു മുണ്ടും പിന്നെ പിറകിലൊരു വാലും.''
"ഓ... ചട്ടേം മുണ്ടും...ഞങ്ങള് ചെറിയ പെമ്പിള്ളാരെന്നത്തിനാ ഇപ്പോഴെ അതൊക്കെ
ഇട്ട് നടക്കുന്നെ. അപ്പന്റെ തറവാട്ടിലെ ചില വല്യമ്മച്ചിമാര് ഇട്ന്നത് കാണാം.''
"ആ പറഞ്ഞത് ശരിയല്ല ഹെലന്‍. കാര്യം നമ്മള് ഇന്ത്യക്കാരാണെങ്കിലും ഹിന്ദൂസ്
മുണ്ടും നേര്യതും ക്രിസ്ത്യന്‍സ് ചട്ടേം മുണ്ടും മുസ്ലിംസ് ബുര്‍ക്കേം ഇടണം.
എല്ലാരും ഒരു പോലെയാണെങ്കില്‍ പിന്നെ എന്തോന്ന് നാനാത്വത്തില്‍ ഏകത്വം?''

ഹിമ ഒന്നുകൂടി ഹെലനോട് ചേര്‍ന്നിരുന്ന് ശബ്ദം താഴ്ത്തി ചോദിച്ചു:
"നിങ്ങള്‍ടെ ജാതിക്കാരെങ്ങന്യാ... ഈ സങ്കരയിനങ്ങളെയൊക്കെ
പ്രോത്സാഹിപ്പിക്ക്വോ...?''
"അല്ലാതെ പറ്റില്ലല്ലോ... കടേന്ന് വാങ്ങുന്നത് മലക്കറികള് മൊത്തം ഇപ്പോ ആ
ടൈപ്പല്ലേ.''
"ആണോ... അങ്ങനാണെങ്കില്‍ നല്ല എ ക്ലാസ് നായരെ ഞാന്‍ കൊണ്ടുത്തന്നാല്‍ നീ
കെട്ട്വോ...?''
"നിനക്കിതെന്നതാ സാത്താന്‍ കൂടിയോ രാവിലെത്തന്നെ...''
ഹെലന്റെ ചോദ്യം വകവയ്ക്കാതെ ഹിമ കിഴക്കോട്ട് തിരിഞ്ഞിരുന്ന് വായുവില്‍ ഒരു
വലിയ കുരിശ് വരച്ചു.

"വിശുദ്ധകുരിശിന്റെ അടയാളത്താലേ ഞങ്ങളുടെ ശത്രുക്കളില്‍ നിന്നും ഞങ്ങള്‍ക്ക്
രക്ഷയേകണേ, ഞങ്ങളുടെ തമ്പുരാനെ... പിതാവിന്റെയും പുത്രന്റെയും
പരിശുദ്ധാത്മാവിന്റേയും നാമത്താലേ ആമേന്‍...''
കാറ്റത്തൊരു അപ്പൂപ്പന്‍ താടിപോലെ ഹിമ ഒഴുകിപ്പോകുന്നതുനോക്കി നില്‍ക്കെ
അടുത്തു തന്നെ മലയാറ്റൂര്‍ പള്ളീല്‍ പോയി ഒന്നു കുമ്പസരിക്കണമെന്ന് ഹെലന്‍
ഉറപ്പിച്ചു.

യൂണിറ്റ് കമ്മിറ്റി നടക്കുന്ന ദിവസം സെക്രട്ടറിയോടൊപ്പം കള്ളനും പൊലീസും
കളിക്കുന്ന ഹിമ, ചരിത്രത്തിലാദ്യമായി സെക്രട്ടറിയെ അങ്ങോട്ട് വിളിച്ച്
കമ്മിറ്റിയുടെ സമയം ചോദിച്ചത് ചെറിയ ചര്‍ച്ചാവിഷയമായി.
ഏരിയ കമ്മറ്റീന്ന് സഖാക്കളൊക്കെ എത്തുന്നതേ ഉള്ളൂ. ഹിമ പുറകിലത്തെ ഒരു
ബെഞ്ചില്‍ പോയിരുന്നു.

താന്‍ തേടിയ വള്ളി മുന്‍ബെഞ്ചില്‍ രണ്ടാമതായി ഇരിക്കുന്നതു കണ്ടപ്പോള്‍
അരയ്ക്കു മുകളിലോട്ടാണ് അവന്റെ നീളമെന്ന് അവള്‍ക്ക് തോന്നി.
ഹിമ ചുറ്റും നോക്കി.
ചരിത്രപരമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് തങ്ങള്‍ സാക്‍ഷ്യം വഹിക്കുന്നതെന്നറിയാതെ
പരസ്പരം സൊറ പറഞ്ഞിരിക്കയാണ് എല്ലാരും.

എന്റെ പ്രിയപ്പെട്ടവനേ... കമ്മിറ്റി തുടങ്ങീട്ട് ഇത്ര നേരമായിട്ടും
ഒരിക്കല്‍പ്പോലും തിരിഞ്ഞുനോക്കാത്തത് സമീപഭാവിയില്‍ നിന്റെ ഏറ്റവും വലിയ
തെറ്റായി ലോകം വിലയിരുത്താന്‍ പോവുകയാണ്. എങ്കിലും അല്‍പം മുന്നോട്ട് ചാഞ്ഞുള്ള
നിന്റെ ആ ഇരിപ്പ് ഹൊ! നീ തന്നെ വിപ്ലവത്തിന്റെ യാഗാശ്വം.
ഒടുവില്‍ ചര്‍ച്ചയുടെ സമയമായപ്പോള്‍ സ്വിച്ചിട്ടതുപോലെ ഹിമയുടെ ശ്വാസം നിന്നു.
തന്റെ യാഗാശ്വം സംസാരിക്കാനായി എഴുന്നേല്‍ക്കുകയാണ്.

പണ്ടെങ്ങാണ്ട് വിവേകാനന്ദന്‍ സായിപ്പിന്റ നാട്ടില്‍പോയി ഒരു പ്രസംഗം
കാച്ചിയപ്പോള്‍ എല്ലാവരുടേയും കണ്ണ് ഒരു മീറ്റര്‍ നീളത്തില്‍ തള്ളിപ്പോയെന്ന്
കേട്ടിട്ടുണ്ട്. ഇവിടെയെങ്ങാന്‍ അത് സംഭവിച്ചാല്‍ എന്തായിരിക്കും കോമഡി.
അനുചിതമായി കോമഡി കയറി വന്നതില്‍ ഹിമയ്ക്ക് കുറ്റബോധം തോന്നി. അവന്റെ കനത്ത
ശബ്ദം ഈ നിശബ്ദതയെ കീറിമുറിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം.
വീര്‍പ്പുമുട്ടി താനിപ്പോ മരിച്ചുപോവുമെന്ന് തോന്നി ഹിമയ്ക്ക്. അവള്‍ മുറുകെ
കണ്ണകളടച്ചു.

"ഇന്നലെ തന്ന അസൈന്‍മെന്റ് എപ്പോ സബ്മിറ്റ് ചെയ്യാനാ പറഞ്ഞെ.''
ഹിമ തിരിഞ്ഞുനോക്കി. അസമയത്ത് ഒരുത്തീടെ ഒരു സംശയം. പക്ഷെ ഒന്നു
കണ്ണുരുട്ടാന്‍പോലും അവള്‍ക്കായില്ല. കാരണം, രണ്ടു ചെവികള്‍ മാത്രമായിരുന്നു
അപ്പോള്‍ അവള്‍ക്കുണ്ടായിരുന്നത്.

"എനിക്കിവിടെ പറയാന്ള്ളത് രണ്ടേ രണ്ട് കാര്യങ്ങളാ. ഒന്നാമത്തെ കാര്യം
ക്യാന്റീനിലെ സാമ്പാറിന്റെ ശോച്യാവസ്ഥയെക്കുറിച്ചാ. ഇങ്ങനെ ഉപ്പിട്ടാ
ആരിക്കെങ്കിലും മര്യാദക്ക് ചോറുണ്ണാന്‍ പറ്റ്വോ... എന്തോന്നാ ഇത്.
വെള്ളരിക്കാപട്ടണോ.. പത്തുര്‍പ്യ കൊടുത്താ താഴത്തെ ഹോട്ടലിന്ന് ഇതിലും നല്ല
ചോറ് കിട്ട്വല്ലോ. ഒന്നും രണ്ടും അല്ല. ഇന്നേക്ക് നാലാമത്തെ ദിവസാ ഞാന്‍
ചോറുണ്ണാണ്ട് മടങ്ങുന്നെ.''
ഇരുന്ന ഇരുപ്പില്‍ അനങ്ങാന്‍ പറ്റാതെ താനിപ്പോ ഒരു പ്രതിമയായിപ്പോവുമെന്ന്
ഹിമക്ക് തോന്നി.

ഒരു നിമിഷം നിര്‍ത്തി അവന്‍ എല്ലാവരേയും ഒന്നു നോക്കി. ആര്‍ക്കും ഒരു
ഭാവമാറ്റവും ഇല്ലെന്ന് കണ്ടപ്പോള്‍ തുടര്‍ന്നു:
"ഇനി രണ്ടാമത്തെ കാര്യം. ഇച്ചിരി നീളം കൂടിപ്പോയത് എന്റെ കുറ്റൊന്ന്വല്ല.
അതിനൊരുമാതിരി മനുഷ്യനെ ആക്കരുത്. എന്റെ ക്ലാസിലെ ബോര്‍ഡില്‍ കൊടക്കമ്പീന്ന്
എഴുതിവച്ചവര്‍ക്കെതിരെ - അത് കമ്മറ്റീലുള്ളവരായാലും കര്‍ശന നടപടി വേണം. ആ
കയ്ഞ്ഞു... ബാക്കി പിന്ന...''
അറബിക്കഥയിലെ രാജകുമാരിയെപ്പോലെ വല്ല പരവതാനീലും കേറി വെന്റിലേറ്ററിലൂടെ ആ
മുറിക്ക് പുറത്തു കടക്കാന്‍ അവള്‍ക്ക് തോന്നി.
webdunia
PRO


കമ്മറ്റി കഴിഞ്ഞ് പുറത്തിറങ്ങിയ ആ കൊടക്കമ്പിയെ ഹിമ കൈകൊട്ടി വിളിച്ചു.
"ഈ തീവ്ര ഇടതുപക്ഷം തീവ്ര ഇടതുപക്ഷം എന്നുപറയുന്നവരായിരിക്വോ ക്യാന്റീനിലെ
സാമ്പാറിന് ഉപ്പുകൂട്ടാന്‍ കാരണം?''
"എന്ത്?'' മുഖം ചുളിഞ്ഞ് അവനൊരു കൊട്ടത്തേങ്ങ കണക്കെയായി.
"ഒന്നൂല്ലെടാ ഈര്‍ക്കിലിച്ചെക്കാ...''
നീളന്‍കാലുകള്‍ പരമാവധി നീട്ടി വച്ചിട്ടും അകന്നുപോകുന്ന ഹിമയുടെ
പൂച്ചനടത്തിനൊപ്പം എത്താന്‍ അവനായില്ല.

വീട്ടിലെത്തുന്നവതുവരെയുള്ള ക്ഷമയില്ലാത്തതിനാല്‍ ഹിമ പാതിവഴിയില്‍ നടത്തം
നിര്‍ത്തി. ബാഗിനുള്ളില്‍ നിന്ന് ഡയറി വലിച്ചെടുത്ത് എഴുതി.
'ഈ മഹാന്മാരെന്നു പറയുന്നവര്‍ നമ്മള്‍ വിചാരിക്കുന്നതുപോലൊന്നും അല്ല. അവരൊക്കെ
ഭയങ്കര സംഭവങ്ങളാ. കാരണം, അവരുടെ താടിക്കും മീശക്കും വരെ ചരിത്രപരമായ ഒരുപാട്
ദൌത്യങ്ങളുണ്ട്.'
പിന്നെ ഡയറി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കോളജ് മുറ്റത്തെ ചെറിയ കുളത്തിലേക്ക്
അവള്‍ ഏന്തിവലിഞ്ഞു നോക്കി. ഇലയനക്കം കേട്ട് ഒരു പച്ചത്തവള പ്ളം...ന്ന് പറഞ്ഞ്
ചാടി. ഹിമയുടെ മുഖം നൂറു കഷണങ്ങളായി.

Share this Story:

Follow Webdunia malayalam