Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫുട്ബോള്‍ രാജാവിന്‌ നാല്‍പ്പത്തേഴ്

ഫുട്ബോള്‍ രാജാവിന്‌ നാല്‍പ്പത്തേഴ്
ANIFILE
ഫുട്ബോളില്‍ ഡീഗോ മറഡോണ എന്ന നാമം ദൈവത്തിന്‍റേതാണ്. കാരണം മൈതാനത്തു ദൈവത്തിനു മാത്രം സാധ്യമാകുന്ന പ്രകടനത്തിലൂടെയാണ് മറഡോണ എന്ന നക്ഷത്രം ഉദിച്ചുയര്‍ന്നത്. ഫുട്ബോളില്‍ കാലിനൊപ്പം കൈകൊണ്ടും ചരിത്രം രചിച്ച ഇതിഹാസ താരമായിരുന്നു ഡിഗോ മറഡോണ. 1977 മുതല്‍ 1996 വരെ ലോക ഫുട്ബോളിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു ഡീഗോ ഇന്നും ഫുട്ബോളില്‍ നിറഞ്ഞു നില്‍ക്കുന്നു.

കാല്‍പന്തു കളിയിലെ കലാകാരനായിരുന്ന മറഡോണയുടെ നാല്‍പ്പത്തേഴാം ജന്‍‌മദിനമാണ്‌ 2006,ഒക്‌ടോബര്‍ 30. അര്‍ജന്‍റീനിയന്‍ ദരിദ്ര സാഹചര്യത്തെ പന്തുകളി കൊണ്ടു നേരിട്ട മറഡോണ ലോക ഫുട്ബോളില്‍ കഴിവു തെളിയിച്ച ഇതിഹാസ താരമായി വളര്‍ന്നത്‌ പ്രതിഭ ഒന്നു കൊണ്ടു മാത്രമാണ്‌. മികച്ച കായിക ശേഷിയും പന്തു നിയന്ത്രണവും കയ്യിലുണ്ടായിരുന്ന മറഡോണ ഫുട്ബോളിലെ ഡ്രിംബ്ലിംഗ് എന്ന കലയിലെ ഉസ്താദായിരുന്നു.

രണ്ടു ലോകകപ്പിലായി ഇംഗ്ലണ്ടിനെതിരെ നേടിയ രണ്ടു ഗോളുകള്‍ തന്നെ ഇതിന് ഉദാഹരണം. 86 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ സ്വന്തം ഹാഫില്‍ മറഡോണയ്‌ക്ക് പന്തു കിട്ടുമ്പോള്‍ 11 ടച്ച് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിന്‍റെ അഞ്ചു കളിക്കാരെയും(ഗ്ലെന്‍ ഹോഡില്‍, പീറ്റര്‍ ഷീല്‍ഡ്, കെന്നി സാന്‍സം, ടെറി ബുച്ചര്‍, ടെറി ഫെന്‍‌വിക്ക്) ഗോളി പീറ്റര്‍ ഷില്‍ട്ടണെയും മറികടന്ന് മറഡോണ നേടിയ ഗോള്‍ 2002 ഓണ്‍ലൈന്‍ വോട്ടിംഗില്‍ നൂറ്റാണ്ടിന്‍റെ ഗോളായിട്ടാണ് കുറിച്ചത്.

അതിനും മുമ്പ് അര്‍ജന്‍റീന താരം ഷില്‍ട്ടണെ മറികടന്ന് കൈകൊണ്ടുള്ള നേടിയ ഗോള്‍ യുകെയിലെ ചാനല്‍ ഫോര്‍ തെരഞ്ഞെടുത്ത 100 മഹത്തായ കായിക നിമിഷങ്ങളിലും പെട്ടു. അതായത് അഭിമാന ബോധം കൂടുതലുള്ള ഇംഗ്ലീഷുകാര്‍ പോലും ലാറ്റിനമേരിക്കന്‍ മാന്ത്രികന്‍റെ മായിക പ്രപഞ്ചത്തില്‍ വീണു പോയെന്നര്‍ത്ഥം. ഡീഗോയുടെ ഓരോ നീക്കത്തിലും ദൈവത്തിന്‍റേ തലോടലുണ്ടായിരുന്നു. വിശ്വ വിഖ്യാതമായ ദൈവത്തിന്‍റേ ഗോള്‍ അതു തെളിയിക്കുന്നു.

1976 ല്‍ അര്‍ജന്‍റീനാ ജൂനിയേഴ്‌സിനു വേണ്ടി ഫസ്റ്റ്‌ ക്ലാസ്‌ ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച മറഡോണ 692 മത്സരങ്ങളില്‍ പങ്കെടുത്തു. 351 ഗോളുകളും ഈ മധ്യനിരക്കാരന്‍ സ്വന്തം പേരില്‍ കുറിച്ചു. അര്‍ജന്‍റീനയുടെ ദേശീയ ടീമില്‍ മറഡോണയുടെ ആദ്യ കളി 1977 ഫെബ്രുവരി 27ന്‌ ഹങ്കറിയ്ക്കെതിരെയായിരുന്നു. 91 കളികളില്‍ ദേശീയ ടീമില്‍ ഉണ്ടായിരുന്ന മറഡോണ നാല്‌ ലോകകപ്പുകളിലായി 21 മത്സരങ്ങള്‍ കളിച്ചു. 34 ഗോളുകളും മറഡോണ അര്‍ജന്‍റീനയ്ക്കായി നേടി
webdunia
ANIFILE


മറഡോണയുടെ പ്രഹര ശേഷി ഏറ്റവും കണ്ട 86 ലോകകപ്പില്‍ അഞ്ചു ഗോളടിക്കുകയും അഞ്ചെണ്ണത്തിനു അവസരം ഒരുക്കുകയും ചെയ്‌‌തു. ഏതൊരു എതിരാളിയുടെയും പേടി സ്വപ്നമായ മിഡ്ഫീല്‍ഡര്‍, ഗോളവസരം ഒരുക്കുന്നതിലും ഫ്രീകിക്കിലും വിദഗ്‌ദന്‍, ഒറ്റയ്ക്ക്‌ മുന്നേറി ഗോള്‍ നേടാന്‍ കഴിവുള്ള പ്രതിഭാധനന്‍....മറഡോണയ്ക്ക്‌ വിശേഷണങ്ങള്‍ ഏറെയായിരുന്നു. അതോടോപ്പം വിവാദങ്ങളും മറഡോണ തന്‍റേ കളി തോഴാനായി കൊണ്ടുനടന്നു.

ഉത്തേജക മരുന്നു വിവാദം അമിതമായ കൊക്കൈയ്‌ന്‍ ഉപയോഗം ക്ലബ്ബുമായി ഉടക്ക് എന്നിവയെല്ലാം അര്‍ജന്‍റീന താരത്തിന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. 1990 ലോകകപ്പ് ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയോട് പരാജയപ്പെട്ടു കിരീടം നഷ്ടമായി. 94 ല്‍ ടീമിലേക്ക് മടങ്ങിവരികയും ഗ്രീസിനെതിരെയുള്ള ആദ്യ മത്സരത്തിനു ശേഷം മയക്കു മരുന്നു വിവാദത്തില്‍ പെട്ട് പുറത്താകുകയും ചെയ്‌‌തു.

മറഡോണയുടെ ജീവിതത്തിലൂടെ

1960: ഒക്ടോബര്‍ 30ന്‌ ബ്യൂണസ്‌ അയേഴ്‌സില്‍ ജനനം.

1976: ഫസ്റ്റ്‌ ഡിവിഷന്‍ ഫുട്ബോളില്‍ അരങ്ങേറ്റം. അന്ന്‌ അര്‍ജന്‍റീനോസ്‌ ജൂനിയേഴ്‌സിനായി കളിക്കാനിറങ്ങുമ്പോള്‍ മറഡോണക്ക്‌ 16 വയസ്‌ തികയാന്‍ 10 ദിവസങ്ങള്‍ കൂടിയുണ്ടായിരുന്നു.

webdunia
PTIFILE
1977: അന്താരാഷ്‌ട്ര ഫുട്ബോളില്‍ അര്‍ജന്‍റീനയ്ക്ക്‌ വേണ്ടി അരങ്ങേറ്റം കുറിച്ചു.

1978: അര്‍ജന്‍റീനയുടെ ലോക്കപ്പ്‌ ടീമില്‍ ഇടം നേടാനായില്ല.

1979: ലോക യൂത്ത്‌ കപ്പില്‍ അര്‍ജന്‍റീനയെ വിജയത്തിലേക്ക്‌ നയിച്ചു.

1981: ബൊക്കോ ജൂനിയേഴ്‌സിന്‌ അര്‍ജന്‍റീനിയന്‍ ലീഗ്‌ ക്ലബ്ബ്‌ ഫുട്ബോള്‍ കിരീടം നേടിക്കൊടുത്തു.


1982: ലോകകപ്പിന്‌ ശേഷം സ്പാനീഷ്‌ ക്ലബ്ബായ ബാഴ്‌സലോണിയയിലേക്ക്‌ കൂടുമാറി. 1.875 ദശലക്ഷം ഡോളറായിരുന്നു കരാര്‍. എന്നാല്‍ പരുക്ക്‌ ആ വര്‍ഷം മറഡോണയെ അലട്ടി.

1984: ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയില്‍ ചേര്‍ന്നു. 4.68 ദശലക്ഷം ഡോളറായിരുന്നു കരാര്‍ തുക.

1986: ലോകകപ്പില്‍ അര്‍ജന്‍റീനയെ ജേതാക്കളാക്കി. ലോകകപ്പിന്‍റേ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ 2-1ന്‌ അര്‍ജന്‍റീന തോല്‍പ്പിച്ചപ്പോള്‍ ആ രണ്ട്‌ ഗോളും പിറന്നത്‌ മറഡോണയിലൂടെയാണ്‌.

ദൈവത്തിന്‍റേ കൈയിലൂടെ നേടിയ ആദ്യഗോള്‍ ഏറെ വിവാദമുണ്ടാക്കി. എന്നാല്‍ മറഡോണ നേടിയ രണ്ടാം ഗോള്‍ ഫുട്ബോള്‍ ചരിത്രത്തിലെ മികച്ച ഗോളായാണ്‌ കരുതുന്നത്‌. ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെയാണ്‌ മറഡോണ്‌ നയിച്ച ടീം തോല്‍പ്പിച്ചത്‌ (3-2).

webdunia
ANIFILE
1987: നാപ്പോളിക്ക്‌ ഇറ്റാലിയന്‍ ലീഗ്‌ കിരീടം നേടിക്കൊടുത്തു.

1987: നാപ്പോളിയെ യുവേഫ ചാമ്പ്യന്‍മാരാക്കി. തുടര്‍ന്ന്‌ രണ്ട്‌ മാസം അര്‍ജന്‍റീനയില്‍ ചെലവഴിച്ചു. നാപ്പോളിയില്‍ തിരിച്ചെത്താന്‍ വൈകിയത്‌ വിവാദമായി.

1990: നാപ്പോളിയെ രണ്ടാമതു തവണ ഇറ്റാലിയന്‍ലീഗില്‍ ജേതാക്കളാക്കി. തുടര്‍ന്ന്‌ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്‍റീനയെ നയിച്ചു. ആ ലോകകപ്പ്‌ ഫൈനലില്‍ ജര്‍മ്മനിയോട്‌ ഒരു ഗോളിനാണ്‌ മറഡോണയുടെ ടീം തോറ്റത്‌. തുടര്‍ന്ന്‌ നാപ്പോളിയുമായി അഭിപ്രായ ഭിന്നതയുണ്ടായി. 30,000 ഡോളര്‍ ക്ലബ്‌ അച്ചടക്ക ലംഘനത്തിന്‍റേ പേരില്‍ മറഡോണയില്‍ നിന്ന്‌ ഈടാക്കി. യുവേഫ കപ്പില്‍ കളിക്കാന്‍ വിസമ്മതിച്ചു.

1991: ഉത്തേജന മരുന്ന്‌ പരിശോധനയില്‍ പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ 15 മാസം വിലക്ക്‌. ഇറ്റലിയില്‍ നിന്ന്‌ അര്‍ജന്‍റീനയില്‍ മടങ്ങിയെത്തിയ മറഡോണയെ കൊക്കൈന്‍ കൈവശം സൂക്ഷിച്ചതിന്‌ അറസ്റ്റ്‌ ചെയ്തു. കൊക്കൈന്‍ ഉപയോഗിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ മറഡോണയോട്‌ കോടതി നിര്‍ദ്ദേശിച്ചു.

1992: വിലക്ക്‌ തീര്‍ന്നെങ്കിലും നേപ്പാളിക്ക്‌ കളിക്കാന്‍ വിസമ്മതിച്ചു. പിന്നീട്‌ സ്പാനീഷ്‌ ക്ലബ്ബായ സെവില്ലയില്‍ ചേര്‍ന്നു. 4.62 ദശലക്ഷം ഡോളറായിരുന്നു കരാര്‍ തുക.

1993: അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍റേ 100 മത്‌ വാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന കളിയില്‍ രാജ്യത്തെ നയിച്ചു. സെവില്ലയുമായും അഭിപ്രായഭിന്നത. മറഡോണയ്ക്ക്‌ നല്‍കാനുള്ള ബാക്കി തുക (625,000 ഡോളര്‍) നല്‍കിയില്ല. സെവില്ലയുമായി തെറ്റിപ്പിരിഞ്ഞ മറഡോണ അര്‍ജന്‍റീനിയന്‍ ക്ലബ്ബായ നേവല്‍സ്‌ ഓള്‍ഡ്‌ സോയിസില്‍ ചേര്‍ന്നു. ലോകകപ്പ്‌ യോഗ്യത മത്സരങ്ങളുടെ ആദ്യ രണ്ട്‌ പാദങ്ങളില്‍ അര്‍ജന്‍റീനയ്ക്കായി കളിച്ചു.

1994: ക്ലബ്ബിന്‍റേ പരിശീലനങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നാരോപിച്ച്‌ മറഡോണയെ നേവല്‍സ്‌ പുറത്താക്കി. പത്രപ്രവര്‍ത്തകരെ എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവച്ചത്‌ വിവാദമായി.ഈ കേസില്‍ പിന്നീട്‌ ജാമ്യം എടുത്തു. ലോകകപ്പിന്‌ മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ ഗോളടിച്ചു. ലോകകപ്പിലെ ആദ്യ രണ്ട്‌ കളികളില്‍ അര്‍ജന്‍റീനയെ ജയത്തിലേക്ക്‌ നയിച്ചു. പിന്നീട്‌ ഉത്തേജകമരുന്ന്‌ പരിശോധനയില്‍ പിടിക്കപ്പെട്ടതോടെ ലോകകപ്പില്‍ നിന്നും പിന്‍‌മാറേണ്ടി വന്നു. ഇതേ കുറ്റത്തിന്‌ 15 മാസത്തെ വിലക്കും 10,000 ഡോളര്‍ പിഴയും മറഡോണക്ക്‌ ശിക്ഷയായി ലഭിച്ചു.

webdunia
ANIFILE
1995: അര്‍ജന്‍റീനയിലെ രണ്ടാം ഡിവിഷന്‍ ലീഗില്‍ ടീമുകളെ പരിശീലിപ്പിച്ചു. ദക്ഷിണകൊറിയയില്‍ ഒരു പരിശീലനമത്സരത്തില്‍ ബൊക്കോ ജൂനിയേഴ്‌സിനുവേണ്ടി കളിച്ചു. ഒരു ടെലിവിഷന്‍ ഡോക്യുമെന്‍ററിയില്‍ കൊക്കെയിന്‍ ഉപയോഗം നിറുത്തിയതായും കുടുംബത്തിനായി ജീവിക്കാന്‍ തുടങ്ങിയതായും മറഡോണ പ്രഖ്യാപിച്ചു.

1996: സ്വിസ്‌ ഡ്രഗ്‌ ക്ലിനിക്കില്‍ ഉത്തേജക മരുന്നിനെതിരെ ചികിത്സ നടത്തി. എപ്പോള്‍ വേണമെങ്കിലും മറണോഡ മരിക്കാമെന്ന്‌ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കി.

1997: ഫുട്ബോളില്‍ വീണ്ടും മടങ്ങിയെത്തി. എന്നാല്‍ ബൊക്ക ജൂനിയേഴ്‌സിനു വേണ്ടി കളിക്കാനിറങ്ങിയ മറഡോണ വീണ്ടും ഉത്തേജകമരുന്ന്‌ പരിശോധനയില്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തി. മൂത്രത്തില്‍ കൊക്കയിന്‍റേ അംശമുണ്ടെന്നായിരുന്നു ബൊക്കാ ജൂനിയേഴ്‌സ്‌ അന്ന്‌ പറഞ്ഞത്‌.

2000: കൊക്കൈന്‍ ഉപയോഗത്തെ തുടര്‍ന്നുണ്ടായ ഹൃദയപ്രശ്നങ്ങള്‍ക്ക്‌ ചികിത്സയ്ക്കായി ഉറഗ്വായിലെ ആശുപത്രിയില്‍ കിടന്നു. ‘ഐ ആം മറഡോണ’ എന്ന ആത്‌മകഥ പുറത്തിറക്കി. രാജ്യത്തെ ബെസ്റ്റ് സെല്ലറില്‍ ഒന്നായിരുന്നു പുസ്തകം.
ഈ വര്‍ഷം തന്നെ നൂറ്റാണ്ടിലെ ഫുട്ബോള്‍ താരത്തിനുള്ള ആരാധകരുടെ വോട്ടെടുപ്പില്‍ 53.6 ശതമാനം വോട്ടില്‍ മറഡോണ മുന്നിലെത്തി. എന്നാല്‍ ഇക്കാര്യത്തില്‍ ഫുട്ബോള്‍ ഫാമിലി എന്ന കമ്മറ്റിയെ വച്ച് ഫിഫ വോട്ടിംഗ് രണ്ടാമതു നടത്തിയപ്പോള്‍ പെലെ ഒന്നാമതായി. ഈ നടപടിയില്‍ മറഡോണ പൊട്ടിത്തെറിച്ചു.

2001 ല്‍ മറഡോണയോടുള്ള ആദര സൂചകമായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പത്താം നമ്പര്‍ ജേഴ്‌സി മാറ്റി വയ്‌ക്കാന്‍ ഒരുങ്ങി. എന്നാല്‍ ഫിഫയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിച്ചു.

2002 ല്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ 96 ലോകകപ്പില്‍ കണ്ടെത്തിയ രണ്ടാമത്തെ ഗോള്‍ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോളായി ആരാധകര്‍ വോട്ടു നല്‍കി.

2003 ല്‍ അര്‍ജന്‍റീനിയോ ജൂനിയേഴ്‌സ് അവരുടെ സ്റ്റേഡിയത്തിനു മറഡോണയുടെ പേര് നല്‍കി.

2004 ഏപ്രില്‍ 18 :ഫുട്ബോള്‍ മത്‌സരം കാണുന്നതിനിടെ ഹൃദ്‌രോഗം ബാധിച്ച മറഡോണയെ ഗുരുതരാവസ്ഥയില്‍ ബ്യൂണസ്‌ അയേഴ്‌സിലെ അശുപത്രിയിലാക്കി.

2005 ല്‍ ബൊക്കയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്തെത്തിയ മറഡോണ ബൊക്കയെ മികച്ച നിലയിലേക്ക് ഉയര്‍ത്തി. ഇതേ വര്‍ഷം തന്നെ അര്‍ജന്‍റീന ടെലിവിഷന്‍റെ ‘നൈറ്റ് ഓഫ് ടെന്‍’ എന്ന പരിപാടിയുടെ അവതാരകനായി എത്തി. ഷോയില്‍ ആദ്യം ഇന്‍റര്‍വ്യൂ നടത്തിയത് ഇതിഹാസ താരം പെലെയെയായിരുന്നു. അതിനു ശേഷം മൈക്ക് ടൈസണ്‍, സിദാന്‍, റൊണാള്‍ഡീഞ്ഞോ, ക്രെസ്പോ ഫിഡെല്‍ കാസ്ട്രോ തുടങ്ങിയ പ്രമുഖരെ പങ്കെടുപ്പിച്ചു.

2006 സെര്‍ബിയന്‍ ചലച്ചിത്ര പ്രവര്‍ത്തകനായ എമിര്‍ കുസ്തൂറിക്ക മറഡോണയുടെ ജീവിതം ആധാരമാക്കി ഒരു ഡോക്യുമെന്‍ററി നിര്‍മ്മിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായ ചിത്രം 2007 ല്‍ ഇതു പുറത്തു വരും.
webdunia
ANIFILE


എതിരാളികളായ അര്‍ജന്‍റീന-ബ്രസീല്‍ ഫുട്ബോളിലെ സൌഹൃദമായി മാറിയ മറഡോണ ഒരിക്കല്‍ അയല്‍ക്കാരുടെ ജേഴ്‌സിയിലും പ്രത്യക്ഷപ്പെട്ടു. ബ്രസീലിലെ ‘ഗ്വരാന അന്‍റാര്‍ട്ടിക്ക’ എന്ന ശീതള പാനീയത്തിന്‍റെ പരസ്യത്തിനായി സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡീഞ്ഞോയോടും കാകയോടും ഒപ്പമായിരുന്നു. എന്നാല്‍ ഇതു പിന്നീട് വിവാദമാകുകയും പാനീയം അര്‍ജന്‍റീനയില്‍ നിരോധിക്കുകയും ചെയ്‌‌തു. അതുകൊണ്ട് ഡീഗോ ബ്രസീലുകാരനായുള്ള പരസ്യം അര്‍ജന്‍റീന ആരാധകര്‍ക്ക് കാണാനായത് നെറ്റിലൂടെയായിരുന്നു.

Share this Story:

Follow Webdunia malayalam