Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഉറുമിയുമായി വരുന്ന പോരാളിയെ വെറും കയ്യാല്‍ തറ പറ്റിച്ച അരിങ്ങോടർ'

'ഉറുമിയുമായി വരുന്ന പോരാളിയെ വെറും കയ്യാല്‍ തറ പറ്റിച്ച അരിങ്ങോടർ'

'ഉറുമിയുമായി വരുന്ന പോരാളിയെ വെറും കയ്യാല്‍ തറ പറ്റിച്ച അരിങ്ങോടർ'

കെ എസ് ഭാവന

, തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (12:49 IST)
വില്ലനായും സഹനടനായും കൊമേഡിയനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങി നിന്ന ക്യാപ്‌റ്റൻ രാജു ഇനി ഓർമ്മ. എന്നും ഓർമ്മിക്കാൻ പാകത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച താരം. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിലടക്കം 500 റോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ക്യാപ്‌റ്റൻ രാജുവിന്റെ ആദ്യത്തെ ചിത്രം 1981 ഇറങ്ങിയ രത്നമാണ്. 
 
ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ രത്നത്തിന് ശേഷം നിരവധി വില്ലൻ വേഷങ്ങളുമായി രാജു പ്രേക്ഷകരിലേക്കെത്തി. രതിലയം, തടാകം, മോര്‍ച്ചറി, അസുരന്‍, ഇതാ ഒരു സ്‌നേഹഗാഥ, നാടോടിക്കാറ്റ്, ആഗസ്‌റ്റ് 1, വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ ക്യാപ്‌റ്റൻ രാജുവിന് കഴിഞ്ഞത്.
 
ഒരുപാട് എതിര്‍പ്പുകള്‍ നേരിട്ട് ക്യാപ്‌റ്റൻ രാജു അവിസ്‌മരണീയമാക്കിയ വടക്കന്‍ വീരഗാഥയിലെ അരിങ്ങോടർ‍. ചിത്രത്തിന്റെ എഴുത്തുകാരനായ എംടി വാസുദേവന്‍ നായര്‍ അരിങ്ങോടര്‍ എന്ന കഥാപാത്രമായി മനസ്സില്‍ കണ്ടത് അഭിനയകുലപതിയായ തിലകനെ ആയിരുന്നു. എന്നാൽ‍, ചന്തുവിന്റെ മുന്നില്‍ നെടുന്തൂണായി നിവര്‍ന്നു നില്‍ക്കാന്‍ നല്ല ഉയരമുള്ള ഒരാള്‍ വേണമെന്നായിരുന്നു സംവിധായകന്‍ ഹരിഹരന്റെ അഭിപ്രായം.
 
അങ്ങനെയാണ് ആ കഥാപാത്രം ക്യാപ്‌റ്റൻ രാജുവിലേക്കെത്തുന്നത്. തിലകനെ പോലുള്ള ഒരു അഭിനേതാവ് ചെയ്യേണ്ട വേഷം ക്യാപ്റ്റന്‍ രാജുവിന് കൊടുക്കുന്നതിനെതിരെ പലരും എതിർത്തെങ്കിലും ഹരിഹരന്‍ പിന്മാറിയില്ല. അതുപോലെതന്നെ ഹരിഹരന്റെ വിശ്വാസം തെറ്റിക്കാതെ തന്നെ അരിങ്ങോടൻ എന്ന കഥാപാത്രത്തെ ക്യാപ്‌റ്റൻ രാജു അവിസ്‌മരണീയമാക്കി. ഉറുമിയുമായി വരുന്ന പോരാളിയെ വെറും കയ്യാല്‍ തറ പറ്റിക്കാന്‍ കരുത്തുള്ള അരിങ്ങോടര്‍ രാജുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുകയും ചെയ്‌തു.
 
'ആനയെ മയക്കുന്ന അരിങ്ങോടർ' എന്ന് പാടിക്കേട്ട വില്ലനിൽ നിന്ന് വ്യത്യസ്‌തനായ സ്വഭാവമാണ് വടക്കൻ വീരഗാഥയിലെ അരിങ്ങോടർ. 20 വർഷത്തിനുശേഷം ഇതേ ടീം പഴശ്ശിരാജ അണിയിച്ചൊരുക്കിയപ്പോഴും ഉണ്ണിമൂത്ത എന്ന കഥാപാത്രമായി ക്യാപ്റ്റൻ രാജു ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഐ ആം പവനായ്...‘