Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലേലം 2 വരുന്നു: ചാക്കോച്ചിക്ക് കൂട്ടായി ജോസഫ് അലക്‍സും?

ലേലം 2 വരുന്നു: ചാക്കോച്ചിക്ക് കൂട്ടായി ജോസഫ് അലക്‍സും?
, ബുധന്‍, 18 ജൂലൈ 2018 (17:49 IST)
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നാണ് ലേലം. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി ഒരുക്കിയ സിനിമ. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ്ഗോപി തകര്‍ത്താടിയ സിനിമ. ചാക്കോച്ചി തിരിച്ചുവരികയാണ്.
 
അതേ, ‘ലേലം 2’ ഒരുങ്ങുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ സുരേഷ്ഗോപി നായകനാകും. ചിത്രത്തിന്‍റെ തിരക്കഥ രണ്‍ജി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ‘കസബ’യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2. ചിത്രീകരണം ഉടന്‍ ആരംഭിക്കും.
 
ഇപ്പോള്‍ ലഭിക്കുന്ന ചില സൂചനകളില്‍ ഒന്ന് കൌതുകമുണര്‍ത്തുന്നതാണ്. ലേലം 2 മമ്മൂട്ടിയുടെ ചിത്രം കൂടിയാവുമെന്നാണ് അത്. ചാക്കോച്ചിയെ ഒരു നിര്‍ണായകഘട്ടത്തില്‍ സഹായിക്കാന്‍ ജോസഫ് അലക്‍സ് ഐ എ എസ് എത്താനുള്ള സാധ്യത തെളിയുന്നതായാണ് വിവരം. കിംഗിലെ മമ്മൂട്ടിക്കഥാപാത്രത്തിന് ലേലത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ഇടം കൊടുക്കാന്‍ രണ്‍ജിക്ക് താല്‍പ്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ ലേലത്തിന് വീര്യമേറുമെന്ന് ഉറപ്പ്. 
 
വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപി വീണ്ടും മുഖ്യധാരയിലേക്ക് വരുന്ന ചിത്രം കൂടിയാകും ലേലം 2. ലേലത്തിന്‍റെ ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങള്‍ ലേലം 2ലും ഉണ്ടാകും. എങ്കിലും എം ജി സോമന്‍, എന്‍ എഫ് വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരുടെ അസാന്നിധ്യം ഈ രണ്ടാം ഭാഗത്തിന്‍റെ വേദനയായിരിക്കും.
 
മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിക്കുന്നതുതന്നെ അപൂര്‍വ്വ സംഭവമാണ്. അവര്‍ തമ്മിലുള്ള പിണക്കമൊക്കെ ഏവര്‍ക്കും അറിയാവുന്ന കാര്യം. എന്നാല്‍ പിന്നീട് അത് പരിഹരിക്കപ്പെട്ടതായും വാര്‍ത്തകള്‍ വന്നു. കിംഗ് ആന്‍റ് ദി കമ്മീഷണര്‍ ആണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ സിനിമ. ലേലത്തില്‍ ചാക്കോച്ചിക്കൊപ്പം ജോസഫ് അലക്സും കൂടിയെത്തിയാല്‍, പടം ബമ്പര്‍ ഹിറ്റാകുമെന്നുറപ്പ്.
 
1997ലാണ് ജോഷിക്ക് രണ്‍ജി ലേലത്തിന്‍റെ തിരക്കഥ നല്‍കിയത്. കുറ്റാന്വേഷണവും പൊലീസ് കഥയുമൊക്കെ വിട്ട് വ്യത്യസ്തമായ രീതിയിലുള്ള ഒരു കഥയാണ് രണ്‍ജി തയ്യാറാക്കിയത്. മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ചിത്രത്തിന്‍റെ കേന്ദ്രബിന്ദു. കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് വലിയ രാഷ്ട്രീയമാനവുമുണ്ടായിരുന്നു. സിനിമയിലെ പല രാഷ്ട്രീയ കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥമുഖങ്ങളെ കേരളരാഷ്ട്രീയത്തില്‍ തന്നെ കണ്ടെത്താം.
 
പശ്ചാത്തലം ഇതൊക്കെയാണെങ്കിലും, ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ ‘ദി ഗോഡ്ഫാദര്‍’ എന്ന സിനിമയുടെ മലയാള ആവിഷ്കാരം കൂടിയായിരുന്നു ലേലം. അച്ഛനും മകനുമായി എം ജി സോമനും സുരേഷ്ഗോപിയും സ്ക്രീനില്‍ ജീവിക്കുക തന്നെ ചെയ്തു. സിനിമയുടെ ആദ്യപകുതിയില്‍ സ്കോര്‍ ചെയ്തത് സോമനായിരുന്നു. ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രമായി സോമന്‍ ജ്വലിച്ചു. അദ്ദേഹത്തിന് മരണത്തിന് തൊട്ടുമുമ്പ് ലഭിച്ച ഈ കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവുമായി മാറി.
 
സോമന്‍ അഭിനയിച്ചുതകര്‍ത്ത ആദ്യപകുതിയുടെ ഹാംഗ്‌ഓവറില്‍ നില്‍ക്കുന്ന പ്രേക്ഷകരെ അതിന് മുകളിലുള്ള ആവേശത്തിലേക്ക് നയിക്കുകയാണ് സുരേഷ്ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചി ചെയ്തത്. തകര്‍പ്പന്‍ ഡയലോഗുകളും ഉഗ്രന്‍ ആക്ഷന്‍ പെര്‍ഫോമന്‍സുമായി സുരേഷ്ഗോപി കസറി. ഭരത് ചന്ദ്രന്‍ കഴിഞ്ഞാല്‍ സുരേഷ്ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രം ചാക്കോച്ചി തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയിൽ പിച്ചയെടുത്ത് പിഷാരടിയും ധർമ്മജനും; വീഡിയോ