Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിത്രങ്ങള്‍ക്കൊരു കാഴ്ചബംഗ്ളാവ്

ചിത്രങ്ങള്‍ക്കൊരു കാഴ്ചബംഗ്ളാവ്
ക്ളോദ് മോണെ മുതല്‍ എം.എഫ് ഹുസൈന്‍വരെ. ഒറീസയിലെ പദചിത്രം മുതല്‍ കേരളത്തിലെ ചുവര്‍ചിത്രങ്ങള്‍ വരെ. എല്ലാം കണ്ടാസ്വദിക്കാന്‍ ഒരു ശേഖരം.

കൊച്ചിയിലെ ഇടപ്പളളിയില്‍ ദേശീയ പാതയോടു ചേര്‍ന്ന് മാധവന്‍നായര്‍ എന്ന സമുദ്രോᅲന്ന കയറ്റുമതി ഉദ്യോഗസ്ഥന്‍ രൂപ കല്പന ചെയ്ത് മ്യൂസിയത്തില്‍ വിസ്മയകാഴ്ചകളാണേറെയും.

കൗതുകം കൊണ്ട് മാധവന്‍ നായര്‍ ശേഖരിച്ചു തുടങ്ങിയതാണ് ചിത്രങ്ങള്‍. പേരും പെരുമയും നേടിയ ചിത്രങ്ങളുടെ ഒറിജിനലുകള്‍ പറഞ്ഞ വിലയ്ക്കു വാങ്ങിയക്കൂട്ടിയ നായര്‍ക്ക് ചില ചിത്രങ്ങളുടെ പ്രിന്‍റുകളേ കിട്ടിയുള്ളൂ.

ലോകം മുഴുവന്‍ സഞ്ചരിച്ച് വിശ്വോത്തര ചിത്രകാരന്മാരുടെ ചിത്രങ്ങളും, പുനര്‍ നിര്‍മ്മിതികളും നായര്‍ വാങ്ങിച്ചു. അവയ്ക്കൊരു വീടും."സെന്‍റര്‍ ഫോര്‍ വിഷ്വല്‍ ആര്‍ടസ്്'.

ദൃശ്യകലകള്‍ക്കായുള്ള ഈ കാഴ്ചബംഗ്ളാവില്‍ കേരള ചരിത്രത്തിനും പാവകള്‍ക്കും പുനര്‍നിര്‍മിത ചിത്രങ്ങള്‍ക്കും ലോകചിത്രങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഗ്യാലറികളുണ്ട്.


സാധാരണക്കാരനും, കലാവിദ്യാര്‍ത്ഥിക്കും, ആസ്വാദകനും ഒരുപോലെ ലോകക്ളാസിക്കുകളുടെ വര്‍ണപ്രപഞ്ചം ഇവിടെ അടുത്തറിയാനാവും. മാധവന്‍നായര്‍ ഫൗണ്ടേഷനാണ് ഇപ്പോള്‍ മ്യൂസിയത്തിന്‍റെ ചുമതല.

മോണെയും പിക്കാസോയും ഡാവിഞ്ചിയും രവിവര്‍മയുമല്ലാതെ തഞ്ചാവൂര്‍ ചിത്രങ്ങളും ഒറീസയിലെ പദചിത്രങ്ങളുമുണ്ട് കാഴ്ചബംഗ്ളാവില്‍.മറ്റൊരാകര്‍ഷണം മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍ വരച്ച 25 ÷ 5 അടി വലിപ്പമുള്ള ചുമര്‍ ചിത്രമാണ്.കാളിദാസന്‍റെ ശാകുന്തളത്തെ പ്രമേയമാക്കിയതാണ് ചിത്രം.

എം.എഫ്. ഹുസൈന്‍, നന്ദ് കത്യാല്‍, പ്രഭാ, എഫ്.എന്‍.സൂസ, കെ.ജി. സുബ്രഹ്മണ്യന്‍, ഭൂപേന്‍
കാക്കര്‍ തുടങ്ങിയ ഇന്ത്യന്‍ കലാകാരന്മാരുടെ ചിത്രങ്ങളുടെ ഒരു നിരയുമുണ്ട് ഇവിടെ. അബനീന്ദ്രനാഥ ടാഗോര്‍, ജാമിനി റോയ്, നന്ദ്ലാല്‍ ബോസ് തുടങ്ങിയവരുടെ ബംഗാളിച്ചിത്രങ്ങളുമുണ്ട് .

വിവിധ എംബസികള്‍ അവരുടെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നല്‍കിയ സ്ളൈഡുകളുടെ പ്രദര്‍ശനവുമുണ്ട് മ്യൂസിയത്തില്‍. അക്ഷരാര്‍ത്ഥത്തില്‍ ഏതു രാജ്യത്തുനിന്നുള്ള ചിത്രകാരന്മാരുടെ ചിത്രങ്ങളും നിങ്ങളുടെ കണ്‍മുന്നില്‍ ഉണ്ട് ഇവിടെയെത്തിയാല്‍.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തിങ്കളാഴ്ചയും പൊതു അവധികളും ഒഴികെയുള്ള ദിവസങ്ങളില്‍ പ്രദര്‍ശനം കാണാന്‍ സൗകര്യമുണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണിവരെയാണ് പ്രദര്‍ശനാനുമതി.

Share this Story:

Follow Webdunia malayalam