Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരയുടെ അരനൂറ്റാണ്ട് പിന്നിട്ട യേശുദാസന്‍

വരയുടെ അരനൂറ്റാണ്ട് പിന്നിട്ട യേശുദാസന്‍
WDWD
കാര്‍ട്ടൂണിസ്റ്റ് യേശുദാസനും വരയുടെ അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു.2005 ല്‍ പാടാത്ത യേശുദാസനാണ് അദ്ദേഹം. പക്ഷെ വരകളിലൂടെപാടുന്ന യേശുദാസിനെപ്പോലെ എന്നുമദ്ദേഹം മലയാളിക്കൊപ്പമുണ്ട്.

കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിന്‍റെ രചയിതാവ്, മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്നീ ബഹുമതികള്‍ യേശുദാസനുള്ളതാണ്. കേരള ലളിതകലാ അക്കാഡമിയിലും കാര്‍ട്ടൂണ്‍ അക്കാഡമിയിലും അദ്ദേഹം അദ്ധ്യക്ഷനായി ഇരുന്നിട്ടുണ്ട്.

1955ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നര്‍മ്മ മാസികയില്‍ ദാസ് എന്ന പേരില്‍ വരച്ചു തുടങ്ങിയ അദ്ദേഹം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ചിരിയും ചിന്തയും ചിന്തേരിടുന്ന വരകളുടെ തമ്പുരനായ യേശുദാസനായി മാറിക്കഴിഞ്ഞു.

കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും യേശുദാസിന്‍റെ ഇരുണ്ട പെന്‍സില്‍ മുനകളില്‍ നിന്ന് ഉതിര്‍ന്നു വീണുകൊണ്ടേയിരിക്കുന്നു. ജീവിതത്തില്‍ കണ്ടു പരിചയിച്ച ചില മുഖങ്ങള്‍ അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി മാറുന്നു. കിട്ടുമ്മാവനും, മിസിസ് നായരും (മിസ്റ്റര്‍ നായരും) പൊന്നമ്മ സൂപ്രണ്ടും എല്ലാം അദ്ദേഹത്തിന്‍റെ പരിചയക്കാരില്‍പ്പെട്ടവര്‍ തന്നെ.

അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന മഹാഭാരത കാവ്യ വാക്യം - യേശുദാസന്‍റെ കാര്‍ട്ടൂണിന്‍റെ കാര്യം വച്ചു നോക്കിയാല്‍ ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെല്ലാം ബാധകമാണ്. യേശുദാസന്‍റെ വരയുടെ, ഫലിതത്തിന്‍റെ അമ്പുകൊള്ളാത്തവരായി അവരില്‍ ആരുമുണ്ടായിരിക്കുകയില്ല.


webdunia
WDWD
മുഖച്ഛായയ്ക്ക് പ്രാമുഖ്യം കൊടുക്കുകയും വിശദാംശങ്ങള്‍ പരമാവധി ഉപയോഗിക്കുകയും ചെയ്യുന്ന കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍. ഇ.എം.എസ്. പോലുള്ള ചുരുക്കം ചില വ്യക്തികള്‍ക്ക് മാത്രമാണ ചെറിയ രീതിയിലൊന്ന് ശൈലീവത്ക്കരണം നടത്തിയത്. അസാധു തുടങ്ങി രണ്ടു മൂന്നു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം തുടങ്ങിയിരുന്നു.

വരയുടെ വരപ്രസാദം യേശുദാസന് ജന്മസിദ്ധമാണെങ്കിലും കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെയാണദ്ദേഹം ഗുരുസ്ഥാനത്ത് കാണുന്നത്. രണ്ടു പേരും ഓണാട്ടുകരക്കാര്‍. യേശുദാസിന്‍റെ കാര്‍ട്ടൂണില്‍ ജ്യാമതീയ ശൈലി ഒളിഞ്ഞിരിക്കുന്നത് കാണാം. മിസിസ് നായരുടെ തല തന്നെ ഉദാഹരണം.

എഞ്ചിനീയറാവാന്‍ കൊതിച്ച് കാര്‍ട്ടൂണിസ്റ്റായി മാറിയ ആളാണ് യേശുദാസന്‍ .മാവേലിക്കരയിലെ ഭരണിക്കാവാണ് സ്വദേശം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലാണ് പഠിച്ചത്.

വരകളുടെ ലാളിത്യവും അനായാസതയുമാണ് യേശുദാസനെ വേറിട്ടു നിര്‍ത്തുന്നത്. ജനയുഗത്തിലായിരുന്നു ആദ്യ വരച്ചു തുടങ്ങിയത്. കിട്ടുമ്മാവന്‍ എന്നൊരു പോക്കറ്റ് കാര്‍ട്ടൂണും അതില്‍ വരച്ചിരുന്നു. മലയാള പത്രങ്ങളിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ അതായിരിക്കും.


webdunia
WDWD
1959 ജൂലായ് 19നായിരുന്നു ഇതിന്‍റെ തുടക്കം. അതേ കൊല്ലം പൗരധ്വനിയില്‍ ഉപ്പായിമാപ്പിള എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിനും ജീവന്‍ നല്‍കി. 1961ല്‍ കൊല്ലത്ത് ജനയുഗത്തില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി. മലയാള പത്ത്രതിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്ന ബഹുമതി അങ്ങനെ അദ്ദേഹം സ്വന്തമാക്കി.

1973ല്‍ കേരളം വിട്ട് ദില്ലിക്ക് പോയി. ശങ്കേഴ്സ് വീക്കിലിയില്‍ ചേര്‍ന്നു. ഏഴു കൊല്ലം അവിടെ പ്രവര്‍ത്തിച്ചതാണ് യേശുദാസനിലെ കാര്‍ട്ടൂണിസ്റ്റിനെ പരുപ്പെടുത്തിയെടുത്തത്. തിരിച്ചു വന്ന് രണ്ടും കൊല്ലം ജനയുഗത്തില്‍ തുടര്‍ന്നു.

പിന്നീടാണ് സ്വന്തമായ പ്രസിദ്ധീകരണങ്ങള്‍ക്ക് അദ്ദേഹം മുതിര്‍ന്നത്. അസാധു, ടക്-ടക്, ടിക് -ടിക് എന്നിവ യേശുദാസന്‍റെ മാസികകളായിരുന്നു.

ഇതിനിടയില്‍ വനിതയില്‍ മിസിസ് നായര്‍ എന്ന കാര്‍ട്ടൂണ്‍ പരമ്പരക്ക് തുടക്കമിട്ടു. 1985ല്‍ പ്രസിദ്ധീകരണങ്ങള്‍ നഷ്ടമായതോടെ അവ വച്ചു കെട്ടി മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നു.

മനോരമയിലൂടെ അദ്ദേഹം ഒട്ടേറെ കാര്‍ട്ടൂണുകള്‍ വരച്ചു. ദി വീക്കിലും അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ടു. ശങ്കേര്‍സ് വീക്കിലി വിട്ടശേഷം അങ്ങനെ യേശുദാസന്‍ കാര്‍ട്ടൂണിലെ മലയാളി പെരുമ ഉയര്‍ത്തി.

Share this Story:

Follow Webdunia malayalam