കഴിഞ്ഞ തവണത്തെ സെമി ഫൈനൽ പോരാട്ടത്തിന് തനിയാവർത്തനമായി ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് നേർക്ക് നേർ വരുന്നു. എല്ലാം തീർന്നുവെന്ന ഘട്ടത്തിൽ നിന്നും അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് റയൽ മാഡ്രിഡ് സെമിയിലെത്തിയത്. ഇൻ്റർമിലാൻ- എ സി മിലാൻ മത്സരത്തിലെ വിജയികളെയാകും ഫൈനലിൽ നേരിടേണ്ടത് എന്നതിനാൽ യഥാർഥ ഫൈനൽ പോരാട്ടമായാണ് സെമി പോരാട്ടത്തെ ഫുട്ബോൾ ലോകം കാണുന്നത്.
റയൽ തട്ടകമായ സാൻ്റിയാഗോ ബെർണാബ്യൂവിലാണ് ആദ്യ പാദ മത്സരം നടക്കുന്നത്. അതേസമയം മികച്ച ഫോമിലാൺ് മാഞ്ചസ്റ്റർ സിറ്റി.സൂപ്പർ സ്ട്രൈക്കറായ എർലിംഗ് ഹാലണ്ട്,കെവിൻ ഡിബ്ര്യൂയ്നെ തുടങ്ങിയ വമ്പൻ താരങ്ങളുടെ മികച്ച നിരയുമായാണ് സിറ്റി എത്തുന്നത്. മെഹ്റെസും ഗ്രീലിഷും ഗുണ്ടോഗനും ബെർണാഡോ സിൽവയുമടക്കമുള്ള നിര ഏത് സമയവും എതിർ പാളയത്ത് ഗോൾ നേടാൻ കഴിവുള്ള താരങ്ങളാണ്. ലാലിഗ കൈവിട്ടതിനാൽ കോപ്പ ഡെൽ റേക്ക് പുറമെ സീസണിൽ നേട്ടം കൊയ്യാനുള്ള റയലിന് മുന്നിലുള്ള അവസാനത്തെ അവസരമാണ് ചാമ്പ്യൻസ് ലീഗ്. അതേസമയം ട്രെബിൾ ലക്ഷ്യമിട്ടാണ് സിറ്റി ഓരോ മത്സരത്തിലും കളിക്കാൻ ഇറങ്ങുന്നത്.