Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍ത്തവകാലത്തെ നിശ്‌ശബ്‌ദ കൊലയാളി അഥവാ ‘സാനിറ്ററി നാപ്‌കിന്‍’

ഭാഗം ഒന്ന്

ആര്‍ത്തവകാലത്തെ നിശ്‌ശബ്‌ദ കൊലയാളി അഥവാ ‘സാനിറ്ററി നാപ്‌കിന്‍’

വെബ്‌ദുനിയ ഹെല്‍ത്ത് ഡെസ്ക്

ചെന്നൈ , തിങ്കള്‍, 17 ഓഗസ്റ്റ് 2015 (17:11 IST)
ആവര്‍ത്തിക്കപ്പെടുന്ന ഓരോ ആര്‍ത്തവകാലവും സ്ത്രീകള്‍ക്ക് അസ്വസ്ഥതകളുടേത് കൂടിയാണ്. പല തരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങളും ഈ സമയത്ത് സാധാരണമാണ്. എന്നാല്‍, ഓരോ ആര്‍ത്തവഘട്ടത്തിലും സ്ത്രീകള്‍ ഉപയോഗിച്ചു തള്ളുന്ന സാനിറ്ററി നാപ്‌കിനുകള്‍ ഒരു നിശ്‌ശബ്‌ദ കൊലയാളി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫീസും വീടും മാറി മാറി സ്ത്രീകളുടെ ഇടമാകുമ്പോള്‍ തിരക്കില്‍ നിന്ന് തിരക്കിലേക്ക് വീണു പോകുന്നവരാണ് ഓരോ മഹിളാരത്നവും. ഇതിനിടയില്‍ ഉപയോഗിക്കുന്ന നാപ്‌കിന്റെ ശാസ്ത്ര, സാങ്കേതികവശങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സമയം ഇല്ലാത്തവര്‍ ആയിരിക്കും അവര്‍. പക്ഷേ, ഓരോ സ്ത്രീയും അറിഞ്ഞിരിക്കണം അവളുടെ ആര്‍ത്തവകാലം സുരക്ഷിതമാക്കി തരുന്ന ഓരോ നാപ്‌കിനും അവളുടെ ആരോഗ്യം അരക്ഷിതമാക്കുകയാണെന്ന്.
 
ഒരു സ്ത്രീജീവിതത്തില്‍  400ഓളം ആര്‍ത്തവകാലങ്ങള്‍ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. അതായത്, ഓരോ സ്ത്രീജീവിതവും കുറഞ്ഞത് 10, 000ത്തിനും 15, 000ത്തിനും (ആര്‍ത്തവകാലം നീണ്ടുനില്‍ക്കുന്നതിന് അനുസരിച്ച്) ഇടയില്‍ സാനിറ്ററി നാപ്‌കിനുകള്‍ ആണ് ഉപയോഗിച്ച് തള്ളുന്നത്. പക്ഷേ, ഓരോ ആര്‍ത്തവകാലവും സുരക്ഷിതമാക്കുന്ന ഈ സാനിറ്ററി നാപ്‌കിനുകള്‍ എത്രത്തോളം സുരക്ഷിതമാണ് എന്നത് ഇന്നും സംശയനിവാരണം വരുത്താന്‍ കഴിയാത്ത ഒരു ചോദ്യം തന്നെയാണ്. സാധാരണ കോട്ടണില്‍ ലഭ്യമാകുന്ന പാഡുകള്‍ മുതല്‍ ജെല്‍ ഉപയോഗിക്കുന്ന പാഡുകള്‍ വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സാധാരണ കോട്ടണില്‍ ലഭിക്കുന്ന നാപ്‌കിനുകളെ അപേക്ഷിച്ച് സെല്ലുലോസ് ജെല്‍ ഉപയോഗിച്ചുള്ള നാപ്‌കിനുകള്‍ അലര്‍ജി മുതല്‍ ക്യാന്‍സര്‍ വരെ ഉണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‍.
 
സാധാരണയായി ഉപയോഗിച്ചു കണ്ടുവരുന്ന കോട്ടണ്‍ സാനിറ്ററി നാപ്‌കിനുകള്‍ മറ്റ് നാപ്‌കിനുകളെ അപേക്ഷിച്ച് നനവ് അധികമാകുമ്പോള്‍ കോട്ടണ്‍ ചുരുണ്ടു കൂടുന്ന വിധത്തിലുള്ളതാണ്. ഇത്തരം നാപ്‌കിനുകള്‍ ആണ് പൊതുവെ ആരോഗ്യകരം എന്ന് വിലയിരുത്തുന്നത്. ഇത്തരം പാഡുകള്‍ നനവ് അധികമായി ചുരുണ്ടു കൂടിയതിനു ശേഷവും ഉപയോഗിച്ചാല്‍ പൊതുവെ മൃദുവായ യോനിയുടെ സമീപഭാഗങ്ങളില്‍ മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ പാഡ് മാറേണ്ടതാണ്. ഏറ്റവും കുറഞ്ഞത് ഓരോ നാലു മണിക്കൂറിലും പാഡ് മാറ്റണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. തുടര്‍ച്ചയായി മൂന്നു മണിക്കൂറിലധികം ഉപയോഗിക്കുന്നത് അസ്വസ്ഥതകള്‍ക്കും അണുബാധയടക്കമുള്ള മറ്റ്ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കും.
 
ഈ സാഹചര്യത്തില്‍, നിരന്തരം നാപ്‌കിന്‍ മാറ്റുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് മിക്കവരും സെല്ലുലോസ് ജെല്‍ ഉപയോഗിച്ചുള്ള നാപ്‌കിനുകളെ ആശ്രയിക്കുന്നത്. ജെല്‍ ഉപയോഗിച്ചുള്ള നാപ്‌കിനുകള്‍ ദീര്‍ഘസമയം മാറ്റാതിരിക്കുന്നത് വിവിധ തരത്തിലുള്ള അണുബാധകള്‍ക്ക് കാരണമാകും. ഇത്തരം നാപ്‌കിനുകളിലെ ജെല്ലുകള്‍ ഗര്‍ഭാശയ കാന്‍സറിനു വരെ കാരണമാകും എന്നാണ് റിപ്പോര്‍ട്ട്. സാനിറ്ററി നാപ്‌കിനുകള്‍ കവറിനു പുറത്ത് അത് കോട്ടണ്‍ ഉപയോഗിച്ചുള്ളതാണോ ജെല്‍ ഉപയോഗിച്ചുള്ളതാണോ എന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. നാപ്‌കിനുകള്‍ വാങ്ങുന്നതിനു മുമ്പ് അല്പസമയം ശ്രദ്ധയോടെ ചെലവഴിച്ചാല്‍ ഓരോ സ്ത്രീക്കും അവളുടെ ആര്‍ത്തവകാലം സുരക്ഷിതവും ആരോഗ്യകരവും ആക്കാവുന്നതാണ്. 
 
നാപ്‌കിനുകളുടെ മറ്റൊരു രൂപമാണ് ടാമ്പൂണുകള്‍. ഉള്ളിലേക്ക് കടത്തിവെച്ച്  ഉപയോഗിക്കുന്ന ടാമ്പൂണുകളില്‍ ഡയോക്‌സിന്‍, റെയോണ്‍ എന്നിങ്ങനെ രണ്ടു വിധത്തിലുള്ള രാസവസ്തുക്കളുണ്ട്. കാന്‍സറിനു കാരണമായ രാസപദാര്‍ത്ഥമാണ് ഡയോക്‌സിന്‍ എന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍വറോണ്‍മെന്റല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റികില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥമാണ് ഡയോക്‌സിന്‍. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം ചൂടാക്കുമ്പോള്‍ ഇത് ചൂടായി ഭക്ഷണത്തിനൊപ്പം കലരുന്നതിനാലാണ് പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം കഴിക്കരുതെന്ന് പറയരുത്. അപ്പോള്‍, ഡയോക്‌സിന്‍ അടങ്ങിയ ടാമ്പൂണുകള്‍ നിരന്തരമായി ഉപയോഗിച്ചാലുള്ള ഭവിഷ്യത്തുകള്‍ ഊഹിക്കാവുന്നത് മാത്രമാണ്.
 
പാര്‍ശ്വഫലങ്ങളില്ലാത്ത നാപ്‌കിനുകള്‍ കോട്ടണില്‍ ക്രീം കലര്‍ന്ന വെളുത്ത നിറത്തിലായിരിക്കും ലഭിക്കുക. എന്നാല്‍, നല്ല വെളുത്ത നിറത്തില്‍ ആയിരിക്കും നാപ്‌കിനുകളും ടാമ്പൂണുകളും വിപണിയില്‍ ലഭിക്കുക. ഈ വെളുത്ത നിറത്തിനുള്ളില്‍ ഡയോക്‌സിനും റയോണും ഉണ്ട്. ഈ രാസവസ്തുക്കളാണ് നാപ്‌കിനുകള്‍ക്ക് ഇത്രയേറെ വെണ്‌മയും പരിശുദ്ധിയും നല്കുന്നത്. എന്നാല്‍, ഇത്തരം നാപ്‌കിനുകളും ടാമ്പൂണുകളും സ്ത്രീകളുടെ ആരോഗ്യത്തെയും പ്രത്യുല്പാദനശേഷിയെയും തകരാറിലാക്കും എന്നതാണ് സത്യം. 
 
സാനിറ്ററി നാപ്‌കിനുകള്‍ / ടാമ്പൂണുകള്‍ ഇവ ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും അസ്വസ്ഥതകളോ അലര്‍ജി പ്രശ്നങ്ങളോ ഉണ്ടാകുകയാണെങ്കില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്. അല്ലാത്ത പക്ഷം ആ അസ്വസ്ഥത നിങ്ങളെ ഏതൊക്കെ തരത്തിലുള്ള അസുഖങ്ങളിലേക്ക് ആയിരിക്കും നയിക്കുക എന്ന് പറയാന്‍ കഴിയില്ല. മുന്‍കരുതലുകള്‍  ആണല്ലോ എപ്പോഴും ചികിത്സയേക്കാള്‍ നല്ലത്.

Share this Story:

Follow Webdunia malayalam