Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രീസ്: സാമ്പത്തിക പരിഷ്കരണം ഇന്ന് പാർലമെന്റിൽ

ഗ്രീസ്: സാമ്പത്തിക പരിഷ്കരണം ഇന്ന് പാർലമെന്റിൽ
ആതൻസ് , വെള്ളി, 10 ജൂലൈ 2015 (08:56 IST)
കടക്കെണിയിലായ ഗ്രീസ് സർക്കാർ രൂപപ്പെടുത്തിയ സാമ്പത്തിക പരിഷ്കരണ നടപടികൾ ഇന്നു പാർലമെന്റിൽ വോട്ടിനിടും. കർശനമായ നികുതി, പെൻഷൻ പരിഷ്കാരങ്ങളാണു വിഭാവനം ചെയ്തിരിക്കുന്നത്. ഇതേസമയം, ധനസഹായം സംബന്ധിച്ച ഗ്രീസിന്റെ പുതിയ ശുപാർശ ലഭിച്ചതായി യൂറോപ്യൻ യൂണിയൻ വക്താവ് അറിയിച്ചു.

സാമ്പത്തിക അച്ചടക്കത്തിനു പാർലമെന്റിന്റെ പിന്തുണ ലഭിക്കുകയും പുതിയ ശുപാർശകൾ യൂറോപ്യൻ യൂണിയനിലെ മറ്റംഗങ്ങൾ അംഗീകരിക്കുകയും ചെയ്താൽ ഗ്രീസിനു സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള സഹായവാഗ്ദാനം ലഭിച്ചേക്കും. ഞായറാഴ്ച നടക്കുന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.

ഞായറാഴ്‌ച ധനരക്ഷാ പദ്ധതിയുടെ അന്തിമരൂപം സമര്‍പ്പിക്കണമെന്ന് ഗ്രീസിനോട് യൂറോപ്യന്‍ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.  ഞായറാഴ്ച ചേരുന്ന 28 യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും പങ്കെടുക്കുന്ന നിര്‍ണായക യോഗം പദ്ധതി ചര്‍ച്ചചെയ്യും. പ്രതിസന്ധിയില്‍ ഉഴറുന്ന ഗ്രീസിന്റെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുന്നതിനോ യൂറോ മേഖലയില്‍നിന്ന് ഗ്രീസ് പുറത്തുപോകുന്നതിനോ ഉള്ള തീരുമാനം അന്നുണ്ടാകുമെന്നാണ് കരുതുന്നത്.

സാമ്പത്തിക പരിഷ്കരണം സംബന്ധിച്ച സമഗ്ര പദ്ധതി ചൊവ്വാഴ്ചക്കകം സമര്‍പ്പിക്കാന്‍ ഗ്രീസിന് കഴിയാതിരുന്നതിനത്തെുടര്‍ന്നാണ് അടിയന്തരമായി യോഗംചേര്‍ന്ന യൂറോപ്യന്‍ നേതാക്കള്‍ ഞായറാഴ്ച വരെ സമയം അനുവദിച്ചത്. ഞായറാഴ്‌ച ധനരക്ഷാ പദ്ധതിയുടെ അന്തിമരൂപം സമര്‍പ്പിക്കാന്‍ ഗ്രീസിന് സാധിച്ചില്ലെങ്കില്‍ യൂറോ മേഖലയില്‍നിന്ന് ഗ്രീസ് പുറത്തുപോകുന്നതിനോ ഉള്ള തീരുമാനം അന്നുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തോടെ യൂറോസോണിലെ പാപ്പരായ രാജ്യമായി തീരും ഗ്രീസെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ടസ്ക് പറഞ്ഞു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് സ്വീകാര്യമായ കരാറിലത്തൊന്‍ എല്ലാ ശ്രമങ്ങളും ഗ്രീസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി അലക്സിസ് സിപ്രസ് പറഞ്ഞു.

ധനപ്രതിസന്ധി രൂക്ഷമായതോടെ ഗ്രീസിലെ ബാങ്കുകള്‍ രണ്ടാഴ്‌ചകളായി അടഞ്ഞുകിടക്കുകയാണ്. അടിയന്തര വായ്പ ലഭ്യതക്കുള്ള സാധ്യത പരിമിതപ്പെടുത്തിക്കൊണ്ട് യൂറോപ്യന്‍ കേന്ദ്ര ബാങ്ക് തിങ്കളാഴ്ച രാത്രി ഗ്രീക് ബാങ്കുകളെ സമ്മര്‍ദത്തിലാക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി 8900 കോടി യൂറോ ഗ്രീക് ധനകാര്യ സംവിധാനത്തിലേക്ക് നല്‍കിക്കൊണ്ടിരുന്ന കേന്ദ്ര ബാങ്ക് ഇനി ഈ സൗകര്യത്തിന് സര്‍ക്കാര്‍ ബോണ്ടുകള്‍ പോലുള്ള ഈട് കൂടിയേ തീരുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

അടിയന്തര സഹായം 8900 കോടിയില്‍നിന്ന് 9200 കോടി യൂറോയാക്കണമെന്ന് ഗ്രീസ് കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടിരിക്കെയാണ് ഈ നടപടി. അതിനിടെ, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി മരിയോ ദ്രാഗി, ഐ.എം.എഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ് എന്നിവരുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി അലക്സിസ് സിപ്രസ് മൂലധന നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ നടപടി ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam