ഐപിഎല്ലില്‍ നാല് വര്‍ഷക്കാലമായി കളിക്കുന്ന താരമാണെങ്കിലും റിയാന്‍ പരാഗ് എന്ന താരത്തിന്റെ ഫുള്‍ പൊട്ടന്‍ഷ്യല്‍ കാണാനായത് 2024ലെ ഐപിഎല്‍ സീസണിലായിരുന്നു. തുടരെ പരാജയമായിട്ടും എന്തുകൊണ്ട് രാജസ്ഥാന്‍ യുവതാരത്തെ പിന്തുണയ്ക്കുന്നു എന്നതിന്റെ ഉത്തരം ഒരൊറ്റ സീസണ്‍ കൊണ്ട് പരാഗ് തന്നുകഴിഞ്ഞു. ഹെറ്റ്‌മെയര്‍,റോവ്മന്‍ പവല്‍,ജോസ് ബട്ട്ലര്‍ എന്നീ ഹിറ്റര്‍മാരുള്ള ടീമില്‍ മധ്യനിരയെ താങ്ങിനിര്‍ത്തുന്ന പ്രകടനമാണ് പരാഗ് നടത്തുന്നത്.
കഴിഞ്ഞ 3 വര്‍ഷക്കാലമായി കളിച്ച 54 മത്സരങ്ങളില്‍ നിന്നും 600 റണ്‍സ് മാത്രമാണ് പരാഗിന് ഉണ്ടായിരുന്നത്. എന്നാല്‍ 2024 സീസണിലെ 10 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഐപിഎല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് റിയാന്‍ പരാഗ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 77 റണ്‍സുമായി താരം തിളങ്ങിയിരുന്നു. മത്സരത്തില്‍ ഐപിഎല്ലില്‍ 50 സിക്‌സുകള്‍ എന്ന നേട്ടവും പരാഗ് സ്വന്തം പേരിലാക്കി. ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്താണ് റിയാന്‍ പരാഗ് ഇപ്പോള്‍. റുതുരാജ് ഗെയ്ക്ക്വാദ് ഒന്നാമതുള്ള പട്ടികയില്‍ വിരാട് കോലി, സായ് സുദര്‍ശന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.