Royal Challengers Bengaluru: 'ഈ ടീം പിരിച്ചുവിടുന്നതാണ് നല്ലത്' തുടര്‍ തോല്‍വികളില്‍ മനംനൊന്ത് ആര്‍സിബി ആരാധകര്‍; മുംബൈക്കെതിരെയും നാണംകെട്ടു
മുംബൈ ബാറ്റര്‍മാര്‍ ആര്‍സിബി ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിച്ചു
Royal Challengers Bengaluru: ഐപിഎല്ലില്‍ അഞ്ചാം തോല്‍വി വഴങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു ജയം മാത്രമുള്ള ആര്‍സിബി രണ്ട് പോയിന്റോടെ ഒന്‍പതാം സ്ഥാനത്ത്. വാങ്കഡെയില്‍ നടന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് തോല്‍വിയാണ് ആര്‍സിബി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടിയപ്പോള്‍ മുംബൈ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വെറും 15.3 ഓവറില്‍ വിജയം സ്വന്തമാക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.
മുംബൈ ബാറ്റര്‍മാര്‍ ആര്‍സിബി ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിച്ചു. പത്തില്‍ കുറവ് ഇക്കോണമിയില്‍ ഒരു ആര്‍സിബി ബൗളര്‍ പോലും ഇന്നലെ പന്തെറിഞ്ഞിട്ടില്ല. വെറും 19 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 52 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 34 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതം 69 റണ്‍സ് നേടിയ ഇഷാന്‍ കിഷനും ആര്‍സിബി ബൗളര്‍മാരെ കണക്കിനു പ്രഹരിച്ചു. രോഹിത് ശര്‍മ 24 പന്തില്‍ 38 റണ്‍സ് നേടി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ആറ് പന്തില്‍ പുറത്താകാതെ 21 റണ്‍സ്.
ഈ സീസണില്‍ ആര്‍സിബി പ്ലേ ഓഫ് കാണില്ലെന്ന് ഏറെക്കുറെ ഉറപ്പായി തുടങ്ങി. ഏറ്റവും മോശം ബൗളിങ് ലൈനപ്പുള്ള ടീമെന്നാണ് ആരാധകര്‍ പോലും ആര്‍സിബിയെ പരിഹസിക്കുന്നത്. ശേഷിക്കുന്ന എട്ട് മത്സരങ്ങളില്‍ ഏഴെണ്ണത്തില്‍ എങ്കിലും ജയിക്കാതെ ആര്‍സിബിക്ക് ഇനി പ്ലേ ഓഫ് കാണാന്‍ സാധിക്കില്ല. വിരാട് കോലിയെ വേറെ ഏതെങ്കിലും നല്ല ഫ്രാഞ്ചൈസിക്ക് വിട്ടുകൊടുത്ത് ആര്‍സിബി ടീം പിരിച്ചുവിടുന്നതാണ് നല്ലതെന്ന് പോലും ആരാധകര്‍ പറയുന്നു.