കോഴിക്കോട്: സ്വർണ്ണം വാങ്ങാൻ ഏറ്റവും നല്ല സമയം എന്ന് ജൂവലറിക്കാർ എല്ലാം കൊട്ടിഘോഷിച്ച അക്ഷയ ത്രിതീയ ദിനമായ മെയ് പത്താം തീയതി രാജ്യത്തൊട്ടാകെ വിൽപ്പന നടത്തിയ സ്വർണ്ണത്തിന്റെ അളവ് 23 ടണ്ണോളം വരും എന്നാണ് റിപ്പോർട്ട്. ഓൾ ഇന്ത്യ ജെം ആന്റ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ നാഷണൽ ഡയറക്ടറും എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷററുമായ അഡ്വ.എസ്.അബ്ദുൽ നാസർ അറിയിച്ചതാണിത്.
കഴിഞ്ഞ വർഷത്തെ അക്ഷയതൃതീയ ദിനത്തിൽ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 5575 ആയിരുന്നത് ഇക്കൊല്ലം 1125 രൂപ വർധിച്ചു. ഒരു പവൻ സ്വർണ്ണത്തിന്റെ വിലയിൽ 9000 രൂപയുടെ വർധനയുണ്ടായി. അതേസമയം വ്യാപാര തോട് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു അഞ്ചു മുതൽ ഏഴു ശതമാനം വരെ ഉയർന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസത്തെ മാത്രം വിൽപ്പന 20 മുതൽ 23 ടൺ വരെയാണെന്നാണ് കണക്കാക്കുന്നത്.
സ്വർണ്ണം പവന് ശനിയാഴ്ച 680 രൂപ വർധിച്ചു 53600 രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. ഓഹരി വിപണിയിലെ ഇടിവും അമേരിക്കയിലെ തൊഴിലില്ലായ്മ സംബന്ധിച്ചു തൊഴിൽ വകുപ്പ് പുറത്തുവിട്ട കണക്കുകളും സ്വർണ്ണവിലയെ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന.