Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളിക്കൂട്ടുകാ‍രി കൊച്ചുറാണിയെ കോടാലി കൊണ്ട് വെട്ടിവീഴ്ത്തിയപ്പോഴും ആന്റണിക്ക് കൈ വിറച്ചില്ല; ആലുവ കൂട്ടക്കൊലയുടെ നാൾ വഴികൾ

കൊച്ചുറാണിയെ കൊല്ലാൻ ആന്റണിക്ക് കഴിയില്ല, മറ്റാർക്കോ വേണ്ടി ആന്റണി സ്വയം ബലിയാടായതോ?

കളിക്കൂട്ടുകാ‍രി കൊച്ചുറാണിയെ കോടാലി കൊണ്ട് വെട്ടിവീഴ്ത്തിയപ്പോഴും ആന്റണിക്ക് കൈ വിറച്ചില്ല; ആലുവ കൂട്ടക്കൊലയുടെ നാൾ വഴികൾ
, ബുധന്‍, 12 ഡിസം‌ബര്‍ 2018 (12:20 IST)
ആലുവ കൂട്ടക്കൊലക്കേസിലെ ഏക പ്രതി ആന്‍റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചുകൊണ്ട് ജസ്റ്റിസ് മദൻ ബി. ലോകൂർ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. ആന്റണി നൽകിയ പുനഃപരിശോധനാ ഹർജിയിൽ നേരത്തേ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. 
 
2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്‌ളാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. 
 
അന്ന് പൊലീസിന് ഏറെ തലവേദന ഉണ്ടാക്കിയ കേസായിരുന്നു ഇത്. ഏറെ നാളത്തെ വിവാദത്തിനും അന്വേഷണത്തിനുമൊടുവിലാണ് ആന്റണിയെ പിടികൂടാൻ ആയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ച് ആന്റണിയെ കുറ്റക്കാരനായി കണ്ടെത്തിയത്. പിന്നീട് സി ബി ഐയും കേസ് അന്വേഷിച്ചു. സി ബി ഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന കമാല്‍ പാഷയാണ് വധശിക്ഷ വിധിച്ചത്. 
 
മാഞ്ഞൂരാന്‍ കുടുംബത്തിലെ ഡ്രൈവറായിരുന്നു പ്രതിയായ ആന്റണി‍. വിവാഹബന്ധം വേര്‍പ്പെട്ട് കഴിഞ്ഞിരുന്ന കൊച്ചുറാണിയുടെ ബാല്യകാല സുഹൃത്തുകൂടിയായിരുന്നു ആന്റണി. ആന്റണിക്ക് സൗദിയിലേക്ക് പോകാന്‍ വിസ തരപ്പെട്ടപ്പോള്‍ അതിനുവേണ്ടിയുള്ള പണം നല്‍കാമെന്ന് കൊച്ചുറാണി പറഞ്ഞിരുന്നു. എന്നാൽ, അവസാന സമയം കൊച്ചുറാണി പണം നല്‍കാന്‍ തയാറായില്ല. 
 
ഇതേ തുടര്‍ന്ന് ഇവരുമായി വാൿതർക്കങ്ങൾ ഉണ്ടായെങ്കിലും പണം തരാനാകില്ല എന്ന് തന്നെ കൊച്ചുറാണി ഉറപ്പിച്ചു പറഞ്ഞു. ഇതോടെ പക മൂത്ത ആന്റണി കൊച്ചുറാണിയെ മാത്രം കൊല്ലുക എന്ന ഉദ്ദെശത്തോടെയായിരുന്നു വീട്ടിലെത്തിയത്. 
 
ഈ സമയം കൊച്ചുറാണിയും അമ്മ ക്‌ളാരയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇരുവരെയും കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. പൂര്‍ണമായി തെളിവ് നശിപ്പിക്കണമെന്ന ചിന്തയിൽ ആന്റണി മറ്റുള്ളവർ വരാൻ കാത്തിരുന്നു. പിന്നീട് അഗസ്റ്റ്യനെയും ഭാര്യയെയും രണ്ട് മക്കളെയും കോടാലികൊണ്ട് തന്നെ വെട്ടി വീഴ്‌ത്തി. 
 
തുടര്‍ന്ന് തീവണ്ടികയറി മുംബൈയിലെത്തി അവിടെനിന്ന് ദമ്മാമിലേക്ക് കടന്നു. എന്നാല്‍ കുറ്റവാളിയാണെന്ന് മനസിലായ ആന്റണിയെ പൊലീസ് തന്ത്രപൂര്‍വം വിളിച്ചുവരുത്തി മുംബൈയില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പക്ഷേ, ആന്റണിയെ പിടികൂടിയെങ്കിലും ആറ് കൊലപാതകവും ആന്റണി ഒറ്റയ്ക്ക് ആണ് നടത്തിയതെന്ന് പൊലീസ് വിശ്വസിച്ചില്ല. കൂട്ടുപ്രതികൾ ഉണ്ടോയെന്ന് ഉറപ്പു വരുത്താൻ കൂടുതൽ അന്വേഷിച്ചെങ്കിലും ആരേയും കണ്ടെത്താൻ പൊലീസിനായില്ല.
 
അതേസമയം മറ്റാര്‍ക്കോ വേണ്ടി ആന്റണി കുറ്റമേറ്റെടുക്കുകയായിരുന്നു എന്നാണ് പലരും ഇപ്പോഴും വിശ്വസിക്കുന്നത്. സ്വന്തം കൂട്ടുകാരി കൊച്ചുറാണിയെ കൊല്ലാൻ ആന്റണിക്ക് കഴിയില്ലെന്നും ആലുവ സ്വദേശികൾ ഇപ്പോഴും പറയുന്നുണ്ട്. മാഞ്ഞൂരാന്‍ കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ നടന്ന വന്‍ ഗൂഡാലോചനയായിരുന്നു കൊലപാതകങ്ങള്‍ എന്നാണ് ആക്ഷേപം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലുവ കൂട്ടക്കൊല; ഏക പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു