Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറുള്ളവനു മാത്രമല്ല കാല്‍നടക്കാര്‍ക്ക് കൂടെയുള്ളതാണ് കേരളം: വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ജോയ് മാത്യു

ഒരു നാട്ടില്‍ വികസനം വേണമെന്ന് തോന്നേണ്ടത് ആ നാട്ടിലുള്ളവര്‍ക്കാണ്: ജോയ് മാത്യു

കാറുള്ളവനു മാത്രമല്ല കാല്‍നടക്കാര്‍ക്ക് കൂടെയുള്ളതാണ് കേരളം: വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ജോയ് മാത്യു
, ചൊവ്വ, 20 മാര്‍ച്ച് 2018 (10:51 IST)
കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍കിളികള്‍ക്ക് പിന്തുണയുമായി നടന്‍ ജോയി മാത്യു. വികസനം വേണമെന്ന് തോന്നേണ്ടത് ആ നാട്ടിലുള്ളവര്‍ക്കാണെന്ന് ജോയ് മാത്യു പറയുന്നു. കാറുള്ളവനു മാത്രമല്ല കാല്‍നടക്കാര്‍ക്ക് കൂടെയുള്ളതാണ് കേരളമെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
 
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
 
-വികസനം എന്ന് പറഞ്ഞാല്‍ വിദേശ ബാങ്കുകളില്‍ നിന്നും പലിശക്ക് വന്‍തുക വായ്പയെടുത്ത് വെടിപ്പുള്ള നിരത്തുകള്‍ ഉണ്ടാക്കുകയും എംഎല്‍എ, എംപി, മന്ത്രി എന്നിവരുടെ പേരില്‍ മൂത്രപ്പുരകളും ബസ് സ്റ്റോപ്പുകളും ഉണ്ടാക്കി വെക്കുകയും അത് സ്വകാര്യകമ്പനിക്കര്‍ക്ക് ടോള്‍ പിരിച്ച് കാശുണ്ടാക്കാന്‍ നല്‍കുകയും ചെയ്യുന്ന ഒരേര്‍പ്പാടാണെന്നാണു നമ്മുടെ ഭരണകര്‍ത്താക്കള്‍ കരുതിയിരിക്കുന്നത്.
 
കുറ്റം പറയരുതല്ലൊ വികസനത്തിന്റെ പേരില്‍ നടക്കുന്ന നിര്‍മ്മാണപ്രവൃത്തികളില്‍ നിന്നേ എന്തെങ്കിലും ‘അടിച്ച് മാറ്റാന്‍ ‘പറ്റൂ .അപ്പോള്‍പ്പിന്നെ വികസനം ഉണ്ടാക്കിയേ പറ്റൂ. അത് വയല്‍ നികത്തിയായാലും വീട് പൊളിച്ചായാലും നിരത്തുകള്‍ ഉണ്ടെങ്കിലേ എത്രയും പെട്ടെന്ന് ബാറിലോ കള്ള് ഷാപ്പിലോ ഓടിയെത്താന്‍ പറ്റൂ . ഇല്ലെങ്കില്‍ നമ്മുടെ ഖജനാവ് എങ്ങിനെ നിറയും?

മദ്യവും ലോട്ടറിയും പ്രവാസികളുടെ പണവുമല്ലാതെ മറ്റൊരു വരുമാനവും ഇല്ലാത്ത ഒരു സംസ്ഥാനം ഇങ്ങിനെ കടമെടുത്ത് വികസനം നടത്താതിരുന്നാല്‍ എന്ത് ഭരണം എന്ന് ജനം ചോദിക്കില്ലേ? കേരളത്തില്‍ ഘടാഘടിയന്മാരായ സാബത്തിക വിദ്ഗ്ദര്‍ ( ചിരി വരുന്നെങ്കില്‍ ക്ഷമിക്കുക) ക്ക് ഇന്നേവരെ കമ്മിയല്ലാത്ത ഒരു ബജറ്റ് അവതരിപ്പിക്കാനായിട്ടുണ്ടോ?

ഒരു നാട്ടില്‍ വികസനം വേണമെന്ന് തോന്നേണ്ടത് ആ നാട്ടില്‍ ജീവിക്കുന്നവര്‍ക്കാണു അല്ലാതെ അത് വഴി അതിശീഘ്രം ‘നാട് നന്നാക്കാന്‍’ കടന്ന് പോകുന്നവര്‍ക്കല്ല- കാറുള്ളവനു മാത്രമല്ല കാല്‍നടക്കാര്‍ക്ക് കൂടെയുള്ളതാണൂ കേരളം. സംസ്ഥാനം കേന്ദ്രത്തെയും കേന്ദ്രം സംസ്ഥാനത്തേയും പരസ്പരം പഴിചാരുന്നത് രാഷ്ട്രീയമാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.

റോഡ് വികസനത്തിന്റെ പേരില്‍ വഴിയോരങ്ങളില്‍ ദിനം പ്രതി പുതുതായും പുതുക്കിപ്പണിതും
പെറ്റുപെരുകുന്ന ദേവാലയങ്ങള്‍(എല്ലാ മതങ്ങള്‍ക്കും ഇത് ബാധകമാണു) പൊളിച്ച് മാറ്റാന്‍ ധൈര്യം കാണിക്കാതെ അതിന്റെ അരികിലൂടെ ഞെങ്ങി ഞെരുങ്ങി പോകുംബോള്‍ ഇപ്പറയുന്ന വികസന ചിന്തകള്‍ എവിടെപ്പോകുന്നു? കീഴാറ്റൂരായാലും മലപ്പുറത്തായാലും അവിടത്തെ ജനങ്ങളുടെ തീരുമാനം തന്നെയാണു വലുത്.
 
സ്വന്തം കിണറ്റിലെ വെള്ളം കിണറിന്നുടമയ്ക്ക് കുടിക്കാനുള്ളതാണോ അതോ ആരുടെയോ വികസനത്തിനു വേണ്ടി ആര്‍ക്കെങ്കിലും കുഴിച്ചു മൂടാനുള്ളതാണോ എന്ന് ആ പ്രദേശത്തുള്ളവരാണു തീരുമാനിക്കേണ്ടത്.
 
കൃത്രിമമായി കെട്ടിയുയര്‍ത്തിയ പൊയ്ക്കാല്‍ വികസനമല്ല നമുക്ക് വേണ്ടത് മനുഷ്യനെ മുന്നോട്ട് നയിക്കുന്ന പുരോഗമന ചിന്തകളും പ്രവര്‍ത്തികളുമാണു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകള്‍ പര്‍ദ്ദയിടണമെന്ന് നിര്‍ബന്ധം ഇല്ല, സ്ത്രീ പുരുഷ വിവേചനം ഉണ്ടാകില്ല: സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍