Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപ്പാ വൈറസ്; പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി, ചികിത്സ ഒരുക്കാൻ സർക്കാർ സുസജ്ജം

നിപ്പാ വൈറസ്; പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി, ചികിത്സ ഒരുക്കാൻ സർക്കാർ സുസജ്ജം
, തിങ്കള്‍, 21 മെയ് 2018 (14:47 IST)
കോഴിക്കോട് പേരാമ്പ്രയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയത് നിപ്പാ വൈറസ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പരിഭ്രാന്തിപ്പെടേണ്ടകാര്യമില്ല കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ലോകാരോഗ്യ സംഘടനക്കും വിവരം കൈമാറിയിട്ടുണ്ട് എന്ന് മുക്യമന്ത്രി വ്യക്തമാക്കി.
 
ഏല്ലാ പ്രദേശങ്ങളിലും ആളുകൾ ജാഗ്രത പാലിക്കണം. ചികിത്സക്കായി സർക്കാർ സുസജ്ജമാ‍ണ്. ജില്ലകൾ തോറുമുള്ള ബോധവൽക്കരണത്തിന് അതത് ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ തന്നെ നേതൃത്വം നൽകും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
 
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിപ്പാ വൈറസ് ബാധ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. രോഗം പടരാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനും ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. നിപ്പാ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ആരോഗ്യമന്ത്രിയും തൊഴില്‍ മന്ത്രിയും കോഴിക്കോട്ട് ക്യാമ്പ് ചെയ്ത് വൈറസ്ബാധ നേരിടുന്നതിനുളള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
 
മരണപ്പെട്ട നാലുപേരുടെ സ്രവം നേരത്തെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചതില്‍ മൂന്നു പേരുടെ മരണം വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുളള മറ്റുളളവരുടെയും സാമ്പിള്‍ ശേഖരിച്ച് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
 
19ന് ശനിയാഴ്ചയാണ് സംശയകരമായ മരണം ശ്രദ്ധയില്‍പ്പെട്ടത്. അസാധാരണ മരണമായതുകൊണ്ട് അന്നുതന്നെ കേന്ദ്രആരോഗ്യമന്ത്രായലയവുമായും ലോകാരോഗ്യസംഘടനയുമായും ബന്ധപ്പെട്ടിരുന്നു.
 
സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട്ടെത്തിയിട്ടുണ്ട്. കേന്ദ്രസംഘവുമായി യോജിച്ചും അവരുടെ മാര്‍ഗ്ഗനിര്‍ദേശമനുസരിച്ചും നിപ വൈറസ് അമര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും. പനിബാധിച്ച് എത്തുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
കോഴിക്കോട് മാത്രമാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെങ്കിലും സംസ്ഥാനമാകെ ജാഗ്ര പുലര്‍ത്താന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും അവിടെ തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ അപ്പപ്പോള്‍ അവലോകനം ചെയ്ത് നടപടി സ്വീകരിച്ചു വരുന്നു.
 
ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ എടുത്ത് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ചടക്ക ലംഘനം; കേന്ദ്ര സർവകലാശാലയിൽ നിന്ന് 4 വിദ്യാർത്ഥികളെ പുറത്താക്കി