Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാണിയെ പാട്ടിലാക്കാന്‍ നിര്‍ണായക യുഡിഎഫ് നേതൃയോഗം ആരംഭിച്ചു

മാണിയെ പാട്ടിലാക്കാന്‍ നിര്‍ണായക യുഡിഎഫ് നേതൃയോഗം ആരംഭിച്ചു
തിരുവനന്തപുരം , ചൊവ്വ, 12 മെയ് 2015 (07:55 IST)
വ്യക്തിപരമായ അസൗകര്യം പരിഗണിച്ച് യുഡിഎഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ചേരുന്ന യുഡിഎഫ് നേതൃ യോഗം ആരംഭിച്ചു. ക്ലിഫ് ഹൗസിലാണ് യോഗം. യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. അതേസമയം, യോഗത്തില്‍ ജെഡി-യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ പങ്കെടുക്കില്ല. പകരം ജെഡി-യു പ്രതിനിധിയായി വര്‍ഗീസ് ജോര്‍ജ് പങ്കെടുക്കുന്നുണ്ട്.

കുടുംബപരമായ ആവശ്യത്തിന് ദുബായിലേക്ക് തിരിക്കുന്ന മാണി ഈയാഴ്ച അവസാനമേ മടങ്ങിയെത്തൂ. പതിമൂന്നിന് ജോസ് കെ മാണിയും ദുബായിലേക്ക് പോകും. ഈ സാഹചര്യത്തിലാണ് മാണി മേഖലാ ജാഥ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം ജാഥ നടത്തിയാല്‍ മതിയെന്ന മാണിയുടെ ആവശ്യത്തെ കോണ്‍ഗ്രസ് തള്ളി നിലയ്‌ക്കാണ് അദ്ദേഹം വ്യക്തിപരമായ അസൗകര്യം ഉയര്‍ത്തിക്കാണിച്ച് സമ്മര്‍ദ്ദം ചെലുത്താണ് ശ്രമിക്കുന്നത്.

കെ എം മാണിയുടെ വ്യക്തിപരമായ ആവശ്യം പരിഗണിച്ച് മധ്യമേഖല ജാഥ മാത്രം പരമാവധി 2 ദിവസത്തേക്ക് മാറ്റാം എന്നാണ് സമവായ നിര്‍ദ്ദേശം. എന്നാല്‍ എല്ലാ മേഖല ജാഥകളും മാറ്റണമെന്നും ഇപ്പോള്‍ നിശ്ചയിച്ച തീയതിയില്‍ അസൗകര്യമുണ്ടെന്നുമാണ് കേരള കോണ്‍ഗ്രസ് നിലപാട്.

ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം യുഡിഎഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന കെഎം മാണിയുടെ ആവശ്യത്തെ അംഗീകരിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ വിഎം സുധീരനും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയതോടെ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകാന്‍ കേരള കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. പാര്‍ട്ടി ആവശ്യത്തെ അംഗീകരിക്കാതെ മുന്നോട്ട് പോയാല്‍ കടുത്ത നിലപാടിലേയ്ക്ക് നീങ്ങാനാണ് തങ്ങളുടെ തീരുമാനമെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

ജാഥകൾ ഒരുകാരണവശാലും മാറ്റിവയ്ക്കരുതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും ആവശ്യപ്പെട്ടിരുന്നു. ജാഥയുമായി ബന്ധപ്പെട്ട് ആരുടെയും സമ്മർദ്ദത്തിന് വഴങ്ങേണ്ട കാര്യമില്ലെന്നും കെപിസിസി നേതൃയോഗത്തിൽ സുധീരൻ വ്യക്തമാക്കി. അതിനാല്‍ നേരത്തെ നിശ്ചയിച്ച പോലെ 19 മുതല്‍ 25 വരെ ജാഥ നടത്തണമെന്നാണ് കെപിസിസി തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാര്‍കോഴക്കേസ് അന്വേഷണം കഴിഞ്ഞു മതി മേഖലാ ജാഥകള്‍ എന്ന കെ എം മാണിയുടെ ആവശ്യത്തോട് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. മുന്നണിയിലെ പ്രബല ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്-എം ഇല്ലാതെ എങ്ങനെ മേഖലാ ജാഥ നടത്തുമെന്ന് ഒരു വിഭാഗം ചോദിക്കുബോള്‍ ഘടക കക്ഷിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്നാണു മറുപക്ഷം പറയുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പൊതുവികാരം. പ്രഖ്യാപിച്ച ജാഥകള്‍ മാറ്റിവയ്ക്കുന്നത് ശരിയല്ലെന്നും ഇത് മുന്നണിയിലെ ഭിന്നത പരസ്യമാകുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam