Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി നെയ്യാറ്റിന്‍‌കരയിലെ പാട്ടുമത്സരത്തിന് കാണാം!

ദുര്‍ബല്‍ കുമാര്‍

ഇനി നെയ്യാറ്റിന്‍‌കരയിലെ പാട്ടുമത്സരത്തിന് കാണാം!
, ബുധന്‍, 21 മാര്‍ച്ച് 2012 (11:52 IST)
PRO
കോലാഹലം അവസാനിച്ചു. ചൊവ്വാഴ്ച രാത്രി വരെ എല്‍ ഡി എഫ് നേതാക്കള്‍ കടുത്ത ആത്മവിശ്വാസത്തിലായിരുന്നു. വന്‍ ഭൂരിപക്ഷത്തില്‍ പിറവത്ത് എല്‍ ഡി എഫ് ജയിക്കുമെന്നായിരുന്നു വിലയിരുത്തല്‍. സി പി എമ്മിന്‍റെ എല്ലാ സംസ്ഥാന നേതാക്കളും ഈ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതില്‍ മത്സരിച്ചു. പിണറായി വിജയന്‍ പറഞ്ഞതുപോലെയാണെങ്കില്‍ പിറവത്തെ യു ഡി എഫ് വിജയം സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലാണല്ലോ. അങ്ങനെ നോക്കിയാല്‍ ഉമ്മന്‍‌ചാണ്ടിക്ക് പിണറായി വക നൂറില്‍ നൂറ്‌ മാര്‍ക്ക് ലഭിച്ചിരിക്കുന്നു!

പിറവത്ത് അനൂപ് ജേക്കബ് ജയിച്ചത് പക്ഷേ യു ഡി എഫിന്‍റെ വിജയമാണെന്നൊന്നും അങ്ങനെയങ്ങ് പിണറായി വിജയന്‍ അംഗീകരിച്ചുതരില്ല. ഇത് ജാതിമത ശക്തികളും പണവും നിര്‍ണായകമായ സ്വാധീനം ചെലുത്തിയതിന്‍റെ ഫലമാണെന്നാണ് പിണറായിയുടെ കണ്ടെത്തല്‍. മറ്റൊന്നുകൂടി പറഞ്ഞു - പിറവം പണ്ടേ യു ഡി എഫിന്‍റെ കോട്ടയാണല്ലോ. അവിടെ അവര്‍ ജയിച്ചതില്‍ അത്ഭുതമൊന്നുമില്ല.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ഡയലോഗ് ഓര്‍മ്മ വരുന്നില്ലേ? - “വിഘടന വാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍. ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അതായത്‌...വര്‍ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താ സരണികളും... റാഡിക്കലായ ഒരു മാറ്റമല്ല...”

എന്തായാലും പിറവം കഴിഞ്ഞു. ചത്ത കുഞ്ഞിന്‍റെ ജാതകം വായിച്ചിട്ട് കാര്യമില്ല. ജാതകം വായനയില്‍ വലിയ വിശ്വാസക്കാരാണെങ്കിലും ഇടതുപക്ഷം അതൊക്കെ പെട്ടെന്നു മറക്കും. ഇനി നെയ്യാറ്റിന്‍‌കരയിലെ പാട്ടുമത്സരത്തിന് കാണാം! അവിടെയും തോറ്റാല്‍ ഇനി ഉടന്‍ തന്നെ മറ്റ് മത്സരങ്ങള്‍ വരുമെന്നാണല്ലോ പ്രവാചകന്‍ ശ്രീ പി സി ജോര്‍ജ് അവര്‍കള്‍ പറഞ്ഞിരിക്കുന്നത്. അത് വിശ്വസിച്ച് മുന്നോട്ടുപോകാം സഖാക്കളേ... ലാല്‍‌സലാം!

Share this Story:

Follow Webdunia malayalam