Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമദൂരമെന്ന പറ്റിപ്പുനാടകം, എന്‍എസ്എസിന്‍റെ രാഷ്ട്രീയക്കളികള്‍!

ഹരികൃഷ്ണന്‍ നായര്‍

സമദൂരമെന്ന പറ്റിപ്പുനാടകം, എന്‍എസ്എസിന്‍റെ രാഷ്ട്രീയക്കളികള്‍!
, ശനി, 2 ഫെബ്രുവരി 2013 (17:52 IST)
PRO
1913ല്‍ സമൂഹത്തില്‍ ജാതിവ്യവസ്ഥയും ഉച്ചനീചത്വവും ശക്തമായ സമയത്തായിരുന്നു എന്‍ എസ് എസ് അഥവാ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ രൂപീകരണം. സമുദായാംഗങ്ങളില്‍നിന്നു പിരിച്ച പിടിയരികൊണ്ട് മന്നത്ത് പദ്മനാഭന്‍ രൂപം കൊടുത്ത പ്രസ്ഥാനം ഇന്ന് കോടികളുടെ ആസ്തിയുള്ള ഒന്നായി മാറിക്കഴിഞ്ഞു. കണക്കുകള്‍പ്രകാരം 5182 കരയോഗങ്ങള്‍, 4232 വനിതാ സമാജങ്ങള്‍, 2466 ബാലസമാജങ്ങള്‍ എന്നിങ്ങനെ സാമൂഹിക - രാഷ്ടീയരംഗത്തും നിര്‍ണായക ശക്തിയായി മാറിയിട്ടുണ്ട് എന്നത് തികച്ചും യാഥാര്‍ഥ്യമാണ്. എന്നാല്‍ ഈ സമുദായനേതൃത്വം സമൂഹത്തിന് എന്തിന്, സമുദായത്തിന് എന്തു നന്മകള്‍ ചെയ്യുന്നുണ്ട് എന്നതാണ് ഇപ്പോള്‍ സമുദായാംഗങ്ങള്‍ തന്നെ പരസ്പരം ചോദിക്കുന്നത്.

ഏറ്റവുമൊടുവില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന പോലും സമുദായാംഗങ്ങളില്‍ അതൃപ്തി പടര്‍ത്തിയിരിക്കുകയാണ്. സമുദായത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രമേശിന് താക്കോല്‍ സ്ഥാനം നല്‍കണമെന്ന പ്രസ്താവനയെന്ന് സുകുമാരന്‍ നായരെ താങ്ങിനിര്‍ത്തുന്ന ഒരുവിഭാഗം പറയുമായിരിക്കും. എന്നാല്‍ സത്യമെത്ര വിദൂരത്താണ്?

ജനുവരി ഒന്ന്, രണ്ട് തീയതികള്‍ എന്‍ എസ് എസിനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. കാരണം മന്നം ജയന്തി ആഘോഷങ്ങളും ഒപ്പം എന്‍ എസ് എസ് നയപ്രഖ്യാപനവും നടക്കുന്നത് ഈ ദിവസങ്ങളിലാണ്. ഇതിനെ എന്‍ എസ് എസിന്‍റെ മുറജപം എന്നു വിശേഷിപ്പിച്ചാ‍ലും തെറ്റില്ല. കാരണം എല്ലാത്തവണയും ഒറ്റ മന്ത്രമേ നേതൃത്വം ഉരുവിടൂ, സമദൂരം!

കാരണം വ്യക്തമാണ്. ലക്ഷകണക്കിന് വരുന്ന സമുദായാംഗങ്ങള്‍ വിവിധ രാഷ്ടീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരും വിശ്വസിക്കുന്നവരുമാണ്. അവര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യമാണ് സമദൂരം. ഇതുകേട്ട് പാവപ്പെട്ട നായന്മാര്‍ കുളിരുകോരി വീട്ടില്‍ പോവും. 2011ലെ മന്നം ജയന്തിക്കും ഇതുതന്നെ സംഭവിച്ചു. ‘നമ്മള്‍ ആരെയും പിന്തുണയ്ക്കുന്നില്ല, നമ്മള്‍ സമദൂരത്തില്‍ ഉറച്ചുനില്‍ക്കുന്നു’ സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചു.

മേയ് മാസത്തില്‍ പതിമൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം. തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് 72ഉം എല്‍ഡിഎഫിന് 68ഉം സീറ്റുകള്‍. ഇതിനുപിന്നാലെ സമുദായ നേതാവിന്റെ പ്രഖ്യാപനം വന്നു, എന്‍ എസ് എസാണ് വിജയശില്‍‌പികള്‍!

ഇപ്പോള്‍ പറയുന്നു, എന്‍ എസ് എസ് ആസ്ഥാനത്ത് കോണ്‍ഗ്രസ് കേന്ദ്രക്കമ്മറ്റി വക്താവ് വിലാസ് റാവു ദേശ്മുഖ് എത്തി ചര്‍ച്ച നടത്തിയിരുന്നു, സമുദായത്തിന്റെ സ്വന്തം കുട്ടിയായ ചെന്നിത്തലയെ മന്ത്രിയാക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു എന്ന്. അപ്പോള്‍ സമദൂരം എവിടെപ്പോയി? മന്നം ജയന്തി കൂടിയ ശേഷം മനസ്സുനിറയെ സമദൂരമെന്ന മന്ത്രവുമായി തിരികെപ്പോയ, കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെയുള്ള മുഴുവന്‍ സമുദായംഗങ്ങളെയും പറ്റിക്കുകയല്ലേ സുകുമാരന്‍ നായര്‍ ചെയ്തത്?

ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തല്‍. സൂര്യനെല്ലിക്കേസില്‍ പീഡനവിധേയായ പെണ്‍കുട്ടി നല്‍കിയ മൊഴിപ്രകാരം രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനും കുറ്റം ചെയ്തിട്ടുണ്ട്. എന്നാ‍ല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന സമയത്ത് കുര്യന്‍ തന്റെ അടുത്തുണ്ടായിരുന്നുവെന്ന് സുകുമാരന്‍ നായര്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണത്രേ കുര്യനെ കുറ്റവിമുക്തനാക്കിയത്. എന്തായാലും കുര്യന് ഇപ്പോള്‍ യേശുവിനേക്കാള്‍ ഇഷ്ടം സുകുമാരന്‍ നായരോടാണെന്നാണ് സഹപ്രവര്‍ത്തകര്‍ പോലും അടക്കം പറയുന്നത്. അതുകൊണ്ടാണത്രേ, കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം എതിര്‍ത്തു പറഞ്ഞപ്പോള്‍ കുര്യന്‍ മാത്രം സുകുമാരന്‍ നായരെ പിന്തുണച്ചത്.

മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ വിക്കുകയും എന്നോടൊന്നും ചോദിക്കേണ്ട, എല്ലാം അന്വേഷണോദ്യോഗസ്ഥരോടു മതി എന്നും പറഞ്ഞുവച്ചു ജനറല്‍ സെക്രട്ടറി. എവിടെയൊക്കെയോ, എന്തൊക്കെയോ ചീഞ്ഞുനാറുന്നില്ലേ? സംശയം നായര്‍ സമുദായാംഗങ്ങള്‍ കൂടി ഉള്‍പ്പെട്ട പൊതുസമൂഹത്തിന് ഉയര്‍ന്നിട്ടുണ്ട്. മറുപടി പറയാന്‍ സുകുമാരന്‍ നായര്‍ ബാധ്യസ്ഥനാണ്.

Share this Story:

Follow Webdunia malayalam