ഒമാനില്‍ വിസാനിയന്ത്രണം

ചൊവ്വ, 12 ഓഗസ്റ്റ് 2008 (16:33 IST)
KBJWD
ഒമാനില്‍ ചില പ്രത്യേക തൊഴില്‍ മേഖലകളിലെ കമ്പനികള്‍ക്ക്‌ വിസ നല്‍കുന്നത്‌ നിര്‍ത്തിയതായി ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ വാധ്വ അറിയിച്ചു.

ഇറക്കുമതിയും കയറ്റുമതിയും, വൃത്തിയാക്കല്‍, ബാര്‍ബര്‍ഷോപ്പ്‌, ഇലക്ട്രോണിക്‌ റിപ്പയര്‍ സ്ഥാപനങ്ങള്‍, അലക്കുകടകള്‍, തുണിക്കടകള്‍, ഹെല്‍ത്ത്‌ ക്ലബ്ബുകള്‍, വര്‍ക്‍ഷോപ്പുകള്‍, മൊബെയില്‍ കടകള്‍, തയ്യല്‍ കടകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിസാ വിതരണമാണ്‌ തദ്ദേശീയര്‍ക്ക്‌ തൊഴില്‍ നല്‍കുന്നത്‌ മുന്‍നിര്‍ത്തി നിര്‍ത്തിയത്‌.

നിലവിലുള്ള കമ്പനികള്‍ക്ക്‌ പുതുതായി പുറത്ത്‌ നിന്ന്‌ ജോലിക്കാരെകൊണ്ടുവരാനാവില്ല, പുതുതായി കമ്പനികള്‍ തുടങ്ങാനുമാകില്ല. എന്നാല്‍ നിലവില്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നല്‍കും. മൂന്നും നാലും ഗ്രേഡുകളില്‍പ്പെട്ട കമ്പനികളാണ്‌ വിസാ നിയന്ത്രണത്തിന്‍റെ പരിധിയില്‍ വരുക.

വിസാ നിയന്ത്രണം ഇപ്പോള്‍ ഡിസംബര്‍ 31 വരെയാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ശേഷം നയം പുന:പരിശോധിക്കാനിടയുണ്ട്‌. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന്‌ ഒമാനില്‍ തൊഴില്‍ തേടുന്നവരുടെ അവസരങ്ങളെ പുതിയ നിയന്ത്രണം വിപരീതമായി ബാധിക്കും.

വെബ്ദുനിയ വായിക്കുക