നരേന്ദ്ര മോദിയാകാൻ ഉണ്ണി മുകുന്ദൻ; 'മാ വന്ദേ' ഒരുങ്ങുന്നത് വിവിധ ഭാഷകളിൽ
ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിൽ ആണ് സിനിമ ഒരുങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ഒരുങ്ങുന്നു. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ നരേന്ദ്ര മോദിയായി എത്തുന്നത്. 'മാ വന്ദേ' എന്ന് പേരിട്ടിരിക്കുന്ന സിനിമ ക്രാന്തി കുമാർ സി എച്ച് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും ക്രാന്തി തന്നെയാണ്. ഈ ചിത്രത്തിന്റെ നിർമ്മാണം സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി എം ആണ്. ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിൽ ആണ് സിനിമ ഒരുങ്ങുന്നത്.
ഛായാഗ്രാഹകൻ കെ കെ സെന്തിൽ കുമാർ, സംഗീത സംവിധായകൻ രവി ബസ്രൂർ, എഡിറ്റർ ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ എന്നിവർ അടങ്ങുന്നതാണ് ഈ സിനിമയുടെ ടെക്‌നിക്കൽ ടീം. കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതുവരെയുള്ള മോദിയുടെ യാത്രയാണ് ഈ സിനിമയിലൂടെ പറയുന്നത്.
അന്തരിച്ച അദ്ദേഹത്തിന്റെ അമ്മ ഹീരാബെൻ മോദിയുമായുള്ള ബന്ധത്തെക്കുറിച്ചും സിനിമ ചർച്ച ചെയ്യും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ഗംഗാധർ എൻ എസ്, വാണിശ്രീ ബി എന്നിവർക്കൊപ്പം ലൈൻ പ്രൊഡ്യൂസർ ടി വി എൻ രാജേഷും സഹസംവിധായകൻ നരസിംഹറാവു എം എന്നിവരും ഈ പ്രോജക്ടിന്റെ ഭാഗമാകും.
നേരത്തെ വിവേക് ഒബ്‌റോയിയെ നായകനാക്കി നരേന്ദ്ര മോദി ബിയോപിക് ഒരുങ്ങിയിരുന്നു. പി എം നരേന്ദ്ര മോദി എന്ന സിനിമ ഒരുക്കിയത് ഒമങ്ക് കുമാർ ആയിരുന്നു. ലെജൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ ആയിരുന്നു സിനിമ നിർമ്മിച്ചത്. മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും കനത്ത പരാജയമായിരുന്നു കാഴ്ചവെച്ചത്.