Kaantha: ദുൽഖറുമായി അസാധ്യ കെമിസ്ട്രി, കാരണം ഇതാണെന്ന് 'കാന്ത' നായിക ഭാഗ്യശ്രീ
ദുൽഖറും നായിക ഭാഗ്യശ്രീ ബോർസെയും തമ്മിലുള്ള കെമിസ്ട്രിയാണ് പാട്ടിന്റെ മുഖ്യാകർഷണം.
ദുൽഖർ സൽമാന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് കാന്ത. കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന തമിഴ് സിനിമയാണിത്. പിരിയഡ് ഡ്രാമയായ കാന്ത പറയുന്നത് സൂപ്പർ താരവും സംവിധായകനും തമ്മിലുള്ള ഭിന്നതതയുടെ കഥയാണെന്നാണ് ടീസർ നൽകിയ സൂചനകൾ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ 'പനിമലരേ' എന്ന പാട്ട് പുറത്തിറങ്ങിയത്. ദുൽഖറും നായിക ഭാഗ്യശ്രീ ബോർസെയും തമ്മിലുള്ള കെമിസ്ട്രിയാണ് പാട്ടിന്റെ മുഖ്യാകർഷണം.
ഭാഗ്യശ്രീയുടെ ആദ്യ തമിഴ് ചിത്രമാണ് കാന്ത. മുൻകാല നടിമാരുടെ സൗന്ദര്യത്തിലും കരുത്തിലും ആകർഷണം തോന്നിയാണ് താൻ വളർന്നതെന്നാണ് ഭാഗ്യശ്രീ പറയുന്നത്. താൻ സിനിമയേയും സ്ത്രീത്വത്തേയുമൊക്കെ കാണുന്ന രീതിയെ അവർ സ്വാധീനിച്ചിട്ടുണ്ടെന്നും താരം പറയുന്നു. അങ്ങനെയുള്ളപ്പോൾ അത്തരമൊരു കഥാപാത്രം ചെയ്യാൻ സാധിച്ചത് ബഹുമതിയാണെന്നാണ് ഭാഗ്യശ്രീ പറയുന്നത്.
'ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ, ഞാൻ അവരുടെ തോളിലാണ് നിൽക്കുന്നതെന്നൊരു തോന്നലുണ്ട്. അവർ കരുത്തും സൗന്ദര്യവും നൽകി ഉണ്ടാക്കിയെടുത്തൊരു ലെഗസിയെ മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിക്കുകയാണ്. അതിനാൽ എന്റെ അരങ്ങേറ്റത്തിൽ തന്നെ എന്നിൽ ആ വിശ്വാസം അർപ്പിക്കപ്പെടുന്നുവെന്നത് ബഹുമതിയാണ്'' എന്നാണ് താരം പറഞ്ഞത്.
ദുൽഖറിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചും ഭാഗ്യശ്രീ വാചാലയാകുന്നുണ്ട്. 'അദ്ദേഹം കാമറയെ അഭിമുഖീകരിക്കുന്നതിലൊരു ഈസിനെസുണ്ട്. സീനുകൾ ചെയ്യുന്നതിൽ അദ്ദേഹം വല്ലാത്തൊരു സത്യസന്ധത കൊണ്ടു വരുന്നുണ്ട്. ആളുകൾ പറയുന്ന കെമിസ്ട്രിയുടെ കാരണം അദ്ദേഹത്തിന്റെ കലയോടുള്ള എന്റെ ആരാധനയാണ്. അദ്ദേഹം കൊണ്ടു വരുന്ന ഊർജ്ജത്താൽ മൂവ് ചെയ്യാപ്പെടാതിരിക്കുക അസാധ്യമാണ്' എന്നാണ് ഭാഗ്യശ്രീ പറയുന്നത്.