ലോകേഷിന് പിന്നാലെ സുന്ദര്‍ സിയും പിന്മാറി; കമല്‍-രജനി ചിത്രം ഇനി ആര് സംവിധാനം ചെയ്യും?
സുന്ദര്‍ സിയുടെ പ്രസ്താവന നടിയും ഭാര്യയുമായ ഖുശ്ബു സുന്ദര്‍ ആണ് പുറത്തു വിട്ടത്.
രജനീകാന്തും കമല്‍ഹാസനും ഒരുമിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സുന്ദര്‍ സി ആയിരുന്നു സിനിമ സംവിധാനം. എന്നാല്‍ സുന്ദര്‍ സി ഈ ചിത്രത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ചിത്രത്തില്‍ നിന്നും പിന്മാറുന്നുവെന്ന സുന്ദര്‍ സിയുടെ പ്രസ്താവന നടിയും ഭാര്യയുമായ ഖുശ്ബു സുന്ദര്‍ ആണ് പുറത്തു വിട്ടത്.
ഹൃദയവേദനയോടെയാണ് ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്രതീക്ഷിതവും ഒഴിവാക്കാന്‍ പറ്റാത്തതുമായ സാഹചര്യത്തില്‍, തലൈവര്‍ 173 ല്‍ നിന്നും പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചു. രജനീകാന്തിനെ നായകനാക്കി കമല്‍ഹാസന്‍ ഒരുക്കുന്ന ഈ സിനിമ എന്നെ സംബന്ധിച്ച് സ്വപ്‌നസാക്ഷാത്കാരമായിരുന്നുവെന്നാണ് സുന്ദര്‍ സി കുറിപ്പില്‍ പറയുന്നത്.
ജീവിതം നമുക്ക് കാണിച്ചു തരുന്ന പാത പിന്തുടരേണ്ടി വരും. സ്വപ്‌നങ്ങളില്‍ നിന്നും വ്യതിചലിക്കേണ്ടി വന്നാലും. ഈ രണ്ട് ഇതിഹാസങ്ങളുമായി വളരെ കാലമായുള്ള അടുപ്പമുണ്ട്. അവരെ ഞാന്‍ എന്നും ആദരവോടെയാണ് നോക്കി കാണുക. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഞങ്ങള്‍ പങ്കിട്ട നല്ല നിമിഷങ്ങള്‍ ഞാനെന്നും ഓര്‍ത്തിരിക്കും. വിലമതിക്കാനാകാത്ത വലിയ പാഠങ്ങള്‍ അവര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും സുന്ദര്‍ പറയുന്നു.
സിനിമയ്ക്കായി ആകാംഷയോടെ കാത്തിരിക്കുന്നവര്‍ക്ക് വേദനയുണ്ടാക്കിയതില്‍ ഖേദം രേഖപ്പെടുത്തുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കെ രസിപ്പിക്കുക തുടരുക തന്നെ ചെയ്യും. മനസിലാക്കിയതിനും പിന്തുണച്ചതിനും നന്ദിയെന്നും അദ്ദേഹം പറയുന്നു.
രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മിക്കുന്ന ചിത്രമാണ് തലൈവര്‍ 173. 2027 ലെ പൊങ്കല്‍ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ അനൗണ്‍സ്‌മെന്റ് വിഡിയോ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് സുന്ദര്‍ സി പിന്മാറുന്നുവെന്ന വാര്‍ത്ത ചര്‍ച്ചയാകുന്നത്.