ദേശിയ നെടുഞ്ചാലൈ എന്ന സിനിമയുടെ ഭാഗമായി തന്നെ വെട്രി ആലോചിച്ചിരുന്നുവെന്ന് നടി ആൻഡ്രിയ ജെർമിയ. അന്ന് ധനുഷ് പറഞ്ഞിട്ട് കഥ കേൾക്കാൻ എത്തിയ തനിക്ക് വെട്രിമാരന്റെ സിഗരറ്റ് വലി കാരണം കഥ മുഴുവൻ കേൾക്കാതെ പോകേണ്ടി വന്നെന്ന് നടി പറഞ്ഞു.
നടക്കാതെ പോയ സിനിമയെക്കുറിച്ച് ജി വി പ്രകാശും വെട്രിയും പറഞ്ഞപ്പോഴാണ് ആൻഡ്രിയ ഇക്കാര്യവും പറഞ്ഞത്. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
'ഗജിനി സിനിമയുടെ നിർമാതാവുമായി സിനിമ ഓൺ ആയതോടെ ദേശിയ നെടുഞ്ചാലൈ സ്ക്രിപ്റ്റ് വെട്രിമാരൻ എന്നെ വായിച്ച് കേൾപ്പിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഒരു കോൾ വന്നു…ജി വി, പ്രൊഡക്ഷൻ ടീമിന് ഒരു വലിയ സംഗീത സംവിധായകൻ വേണം അതുകൊണ്ട് ഈ പടം ഞാൻ അവരുടെ ഇഷ്ടത്തിന് ചെയ്യുകയാണ് എനിക്ക് ഇത് പറയണമെന്ന് ഉണ്ടായിരുന്നുവെന്ന് വെട്രി എന്നോട് പറഞ്ഞു. ഞാൻ അപ്പോൾ ഓക്കെ എന്ന് പറഞ്ഞു.
വീട്ടിൽ പറഞ്ഞു സാധാരണ എല്ലാവരും കഥയൊക്കെ പറഞ്ഞിട്ട് പിന്നീട് വിളിക്കാതെ ഒന്നും പറയാതെ പോകും. അവിടെയാണ് എനിക്ക് വെട്രിമാരന്റെ സത്യസന്ധത ഇഷ്ടമായത്. പക്ഷേ ചില കാരണങ്ങൾ കൊണ്ട് ആ സിനിമ നടന്നില്ല, പിന്നീട് പൊള്ളാധവൻ നടന്നു. അതിൽ എനിക്ക് സംഗീതം ചെയ്യാനും കഴിഞ്ഞു', ജി വി പ്രകാശ് പറഞ്ഞു.
ഇതേ സിനിമയുടെ സമയത്ത് ധനുഷ് ഒരു നടിയുണ്ട് എന്ന് പറഞ്ഞ് ആൻഡ്രിയയുടെ അടുത്തെത്തിയെന്ന് സംവിധായകൻ വെട്രിമാരൻ പറഞ്ഞു. ആ സമയം തനിക്ക് സിനിമയിൽ അഭിനയിക്കാൻ യാതൊരു താത്പര്യവും ഇല്ലായിരുന്നുവെന്ന് ആൻഡ്രിയ പറഞ്ഞു.
'കഥ കേൾക്കാൻ ഞാൻ എത്തിയപ്പോൾ ഒരാൾ അവിടെയിരുന്ന് ഒരു സിഗരറ്റ് വലിച്ചതിന്റെ പുറകെ അടുത്തത് വലിക്കുന്നു. വെട്രിയുടെ പുകവലി കാരണം എന്റെ കണ്ണുകൾ ഒക്കെ ചുവന്നു. അദ്ദേഹം കഥ പറഞ്ഞ് തീർന്നില്ല അതിന് മുൻപേ ഞാൻ പറഞ്ഞു എനിക്ക് പോകണമെന്ന് കാരണം ഈ പുക എനിക്ക് പറ്റുന്നില്ലായിരുന്നു', ആൻഡ്രിയ പറഞ്ഞു.