ആമിർ ഖാന്റെ ദംഗൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സൈറ വസീം. നടിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സൈറ തന്നെയാണ് വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.
'ഖുബൂൽ ഹേ (ഞാൻ അത് സ്വീകരിക്കുന്നു)'. -എന്ന അടിക്കുറിപ്പോടെയാണ് സൈറ ചിത്രങ്ങൾ പങ്കുവച്ചത്. ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോയും വിവാഹ ഉടമ്പടിയിൽ ഒപ്പ് വയ്ക്കുന്ന ചിത്രവുമാണ് നടി പങ്കുവച്ചിരിക്കുന്നത്. സൈറയും ഭര്‍ത്താവും ചന്ദ്രനെ നോക്കി നില്‍ക്കുന്നത് കാണാം.
'നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ".- എന്ന ഖുർആൻ വചനത്തോടൊപ്പമാണ് സൈറ എക്സിൽ വിവാഹചിത്രം പങ്കുവച്ചിരിക്കുന്നത്.
സ്വര്‍ണ നൂലുകൊണ്ട് മനോഹരമായി എംബ്രോയിഡറി ചെയ്ത കടും ചുവപ്പ് നിറത്തിലുള്ള ദുപ്പട്ടയാണ് നടി ധരിച്ചിരുന്നത്. വരന്‍ ക്രീം നിറത്തിലുള്ള ഷെര്‍വാണിയും അതിന് ചേര്‍ന്ന സ്റ്റോളും അണിഞ്ഞിട്ടുണ്ട്. പതിനാറാം വയസ്സിലാണ് സൈറ ആമിര്‍ ഖാന്റെ ദംഗല്‍ (2016) എന്ന ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തില്‍ ഗുസ്തിക്കാരി ഗീത ഫോഗട്ടിന്റെ ചെറുപ്പകാലമാണ് അവര്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും സൈറയെ തേടിയെത്തി.