രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ആക്ഷൻ ചിത്രമായിരുന്നു കൂലി. സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ചിത്രം ബോക്സ്ഓഫീസിൽ വിജയമായിരുന്നു. 500 കോടിയിലധികം സിനിമ നേടിയിരുന്നു. നാഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
ചിത്രത്തിൽ ദാഹ എന്ന കഥാപാത്രത്തെയാണ് ആമിർ ഖാൻ അവതരിപ്പിച്ചത്. കൂലി റിലീസിനെത്തിയതിന് പിന്നാലെ ആമിറിന്റെ കഥാപാത്രത്തെ തേടി ട്രോളുകളും എത്തിയിരുന്നു. അടുത്തിടെ ആമിർ ഖാൻ കൂലിയെ തള്ളിപ്പറഞ്ഞുവെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഒരു മാധ്യമത്തിന് ആമിർ നൽകിയ പ്രതികരണത്തിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്.
കൂലി ചെയ്തത് വലിയ തെറ്റായിരുന്നുവെന്നും അതിൽ കുറ്റബോധമുണ്ടെന്നും ആമിർ പറഞ്ഞുവെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ആമിർ ഖാന്റെ ടീം. "ആമിർ ഖാൻ അത്തരമൊരു അഭിമുഖം നൽകിയിട്ടില്ല. കൂലി എന്ന സിനിമയെക്കുറിച്ച് ഒരു മോശം അഭിപ്രായവും പറഞ്ഞിട്ടില്ല.
രജനികാന്തിനോടും ലോകേഷിനോടും കൂലിയുടെ മുഴുവൻ ടീമിനോടും ആമിർ ഖാന് വലിയ ബഹുമാനമുണ്ട്. ചിത്രം ബോക്സ് ഓഫീസിൽ 500 കോടിയിലധികം നേടി. അതിലൂടെ തന്നെ സത്യം എന്താണെന്ന് മനസിലാകും.- അവർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കൂലിയുടെ അണിയറപ്രവർത്തകരും അറിയിച്ചിരുന്നു. അതേസമയം കൂലി ഒടിടിയിലും എത്തിയിരുന്നു.
ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ''രജനി സാബിന് വേണ്ടിയാണ് ഞാൻ അതിഥി വേഷം ചെയ്യാൻ തയ്യാറായത്. സത്യത്തിൽ എന്താണ് എന്റെ കഥാപാത്രമെന്ന് ഇപ്പോഴും മനസിലായിട്ടില്ല. നടന്നു വന്നു, ഒന്നോ രണ്ടോ ലൈൻ പറഞ്ഞു, അപ്രത്യക്ഷനായി എന്നാണ് തോന്നിയത്. ഒരു അർത്ഥവുമില്ല. അതിന് പിന്നിൽ ഒരു ചിന്തയുമില്ല. വളരെ മോശമായി എഴുതിയ കഥാപാത്രമാണ്'' എന്ന് ആമിർ ഖാൻ പറഞ്ഞതായാണ് ലേഖനത്തിൽ പറയുന്നത്. ''ഞാൻ ക്രിയാത്മകമായി ഇടപെട്ടിട്ടില്ല. ഫൈനൽ പ്രൊഡക്ട് എന്തായിരിക്കുമെന്ന് അറിയില്ലായിരുന്നു.
രസകരമായിരിക്കുമെന്നാണ് കരുതിയത്. പക്ഷെ അതുണ്ടായില്ല. ഇത്രയും ട്രോൾ നേരിടേണ്ടി വരുമെന്ന് കരുതിയില്ല. പക്ഷെ എന്തുകൊണ്ടാണ് ആളുകൾ നിരാശരായത് എന്ന് മനസിലാക്കുന്നു. സീൻ വർക്കായില്ല, അത്രയേയുള്ളൂ. അതൊരു വലിയ തെറ്റായിരുന്നു. ഭാവിയിൽ കൂടുതൽ സൂക്ഷിക്കും'' എന്നും ആമിർ ഖാൻ പറഞ്ഞതായും ഇതേ ലേഖനത്തിൽ പറഞ്ഞിരുന്നു.