മലയാളത്തില്‍ 300 കോടി രൂപ സ്വന്തമാക്കുന്ന ആദ്യ സിനിമയുടെ നിര്‍മാതാവാണ് നടന്‍ കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍. കല്യാണി പ്രിയദര്‍ശനെ നായികയാക്കി വമ്പന്‍ ബജറ്റില്‍ സിനിമയൊരുക്കുമ്പോള്‍ ദുല്‍ഖര്‍ എന്ന നിര്‍മാതാവിന്റെ മുന്നില്‍ വെല്ലുവിളികള്‍ ആയിരമായിരുന്നു. ഒരു നായികയെ മുന്നില്‍ നിര്‍ത്തി ഒരു വമ്പന്‍ സിനിമ ഒരുക്കിയാല്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കുമോ എന്ന റിസ്‌കായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. എന്നാല്‍ ഇതെല്ലാം അസ്ഥാനത്താക്കുന്ന പ്രകടനമാണ് സിനിമ ബോക്‌സോഫീസില്‍ കാഴ്ചവെച്ചത്.
സിനിമ 300 കോടി സ്വന്തമാക്കിയെങ്കിലും താനോ പ്രധാനവേഷങ്ങളിലെത്തിയ കല്യാണിയോ നസ്ലെനോ ഈ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. തന്റെ പുതിയ സിനിമയായ കാന്തയുടെ പ്രമോഷനായി ഗലാട്ട മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ്സ് തുറന്നത്. വേള്‍ഡ് ബില്‍ഡിങ്ങിനായുള്ള ആദ്യ സിനിമയെന്ന റിസ്‌ക് സിനിമയ്ക്കുണ്ടായിരുന്നു. ബജറ്റിന്റെ ഇരട്ടിയിലധികം ചെലവ് വന്നതിനാലും പാട്ടിന്റെ റൈറ്റ്‌സ് വില്‍ക്കാന്‍ കഴിയാത്തതിനാലും സാമ്പത്തികമായി പ്രതിസന്ധിയിലായി. സിനിമ വര്‍ക്കായാല്‍ അടുത്ത ചാപ്റ്ററുകളെ പറ്റി ചിന്തിക്കാമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇങ്ങനൊരു വിജയം പ്രതീക്ഷിച്ചില്ല. ദുല്‍ഖര്‍ പറഞ്ഞു.