കരിയറില്‍ താന്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടുണ്ടെന്ന് നടന്‍ അജിത്ത്. സിനിമയില്‍ വന്ന ആദ്യ കാലത്ത് തനിക്ക് തമിഴ് സംസാരിക്കാന്‍ പോലും ശരിക്ക് അറിയില്ലായിരുന്നുവെന്ന് തുറന്നു പറയുകയാണ് അജിത്ത്. തന്റെ പേര് മാറ്റാന്‍ പോലും പലരും പറഞ്ഞിരുന്നുവെന്നും അദ്ദേഹം ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'എനിക്ക് തമിഴ് ശരിയായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. എന്റെ ഉച്ചാരണത്തില്‍ പ്രശ്‌നമുണ്ടായിരുന്നു. പിന്നീട് ഞാന്‍ ശരിയാക്കി എടുക്കുകയായിരുന്നു. സിനിമയില്‍ വന്ന ആദ്യ കാലത്ത് ആളുകള്‍ എന്നോട് പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. കുറച്ച് കൂടി പരിചിതമായ ഒരു പേരിലേക്ക് മാറാന്‍ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു പേര് വേണ്ടെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു.
കരിയറില്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായിരുന്നു. എല്ലാം ഞാന്‍ മറികടന്നു. ഒരു റേസര്‍ ആകാനായി ഒരു 19കാരനെ പോലെ ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അഭിനയമായാലും റേസിംഗ് ആയാലും നല്ലൊരു ടീം വേണം. എനിക്ക് നല്ല ഭാഗ്യമുണ്ട്. എനിക്ക് ലഭിച്ച സംവിധായകര്‍, നിര്‍മ്മാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, മോട്ടോര്‍സ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടവരില്‍ നിന്നെല്ലാം ധാരാളം കാര്യങ്ങള്‍ ഞാന്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്', എന്നാണ് അജിത്ത് പറയുന്നത്.