ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കജോള്‍. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും കജോൾ ഇടയ്ക്കിടെ സിനിമകൾ ചെയ്യും. അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ച് കജോൾ നടത്തിയ പരാമർശം വൈറലായിരുന്നു.
കൃതി സനോണും വിക്കി കൗശലും അതിഥികളായി എപ്പിസോഡില്‍ വിവാഹങ്ങള്‍ക്ക് ഒരു എക്‌സ്പയറി ഡേറ്റും പുതുക്കാനുള്ള ഓപ്ഷനും വേണമോ എന്ന ചോദ്യം ഉയര്‍ന്നു വരികയായിരുന്നു. കൃതിയും വിക്കിയും ട്വിങ്കിളും അങ്ങനൊരു ആവശ്യമില്ലെന്ന് പറഞ്ഞുവെങ്കില്‍ കജോളിന്റെ അഭിപ്രായം വിഭിന്നമായിരുന്നു.
'കല്യാണമാണ്, വാഷിങ് മെഷീന്‍ അല്ല' എന്നാണ് ട്വിങ്കിള്‍ പറഞ്ഞത്. പക്ഷെ കജോള്‍ എതിര്‍ത്തു. ''തീര്‍ച്ചയായും വേണം. ശരിയായ വ്യക്തിയെ, ശരിയായ സമയത്താണ് കല്യാണം കഴിക്കുന്നത് എന്നതില്‍ എന്ത് ഗ്യാരണ്ടിയാണുള്ളത്. പുതുക്കാനുള്ള ഓപ്ഷന്‍ ന്യായമാണ്. ഒരു എക്‌സ്പയറി ഡേറ്റ് ഉണ്ടെങ്കില്‍ ആര്‍ക്കും അധികകാലം ബുദ്ധിമുട്ടേണ്ടി വരില്ല'' എന്നായിരുന്നു കജോളിന്റെ മറുപടി.
കജോളിന്റെ വാക്കുകള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. തന്റെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാകാം കജോള്‍ അങ്ങനെ പറഞ്ഞതെന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. ജീവിതം ഓക്കെയല്ലെന്ന് തോന്നുന്നുവെങ്കില്‍ ഡിവോഴ്‌സ് ചെയ്യാനും ചിലര്‍ നിര്‍ദ്ദേശിക്കുന്നു. അതേസമയം കജോളിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ട്. നടന്‍ അജയ് ദേവ്ഗണ്‍ ആണ് കജോളിന്റെ ഭര്‍ത്താവ്.
നേരത്തെ വിവാഹേതര ബന്ധത്തെ ന്യായീകരിച്ചും കജോളും ട്വിങ്കിളും വിവാദത്തിലായിരുന്നു. 9-5 ജോലി ചെയ്യുന്നവരേക്കാള്‍ കഷ്ടപ്പെടുന്നത് അഭിനേതാക്കള്‍ ആണെന്ന കജോളിന്റെ പരാമര്‍ശവും ഷോയെ വിവാദത്തില്‍ ചെന്നു ചാടിച്ചിരുന്നു.