Ajith Kumar: കരൂർ ദുരന്തം; വിജയ് മാത്രമോ ഉത്തരവാദി? ആദ്യമായി പ്രതികരിച്ച് നടൻ അജിത്ത് കുമാർ
ദുരന്തത്തിൽ വിജയ് മാത്രമല്ല ഉത്തരവാദിയെന്ന് അദ്ദേഹം പറഞ്ഞു.
കരൂരിൽ വിജയുടെ ടി.വി.കെ പാർട്ടി സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ 41 പേർ മരണപ്പെട്ടിരുന്നു. കരൂർ ദുരന്തത്തിന് പിന്നാലെ നിരവധി സിനിമാതാരങ്ങൾ അനുശോചനം അറിയിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് നടൻ അജിത് കുമാർ. ദുരന്തത്തിൽ വിജയ് മാത്രമല്ല ഉത്തരവാദിയെന്ന് അദ്ദേഹം പറഞ്ഞു.
നമ്മൾ എല്ലാവർക്കും ആ ദുരന്തത്തിൽ പങ്കുണ്ടെന്നും ഒരുപാട് ജനങ്ങളെ ഒരു പരിപാടിയിൽ കൊണ്ടുവരുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധയെന്നും നടൻ പറഞ്ഞു. താരങ്ങൾ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് ജനങ്ങളുടെ സ്നേഹത്തിന് വേണ്ടിയാണ് ആരുടെയും ജീവൻ അപകടത്തിലാക്കാൻ അല്ലെന്നും നടൻ കൂട്ടിച്ചേർത്തു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജിത്തിന്റെ ഈ പ്രതികരണം.
'കരൂർ ദുരന്തത്തിൽ വിജയ് മാത്രമല്ല ഉത്തരവാദി, നമ്മൾ എല്ലാവർക്കും പങ്കുണ്ട്. ഇന്നത്തെ കാലത്ത് ഒരുപാട് ജനങ്ങളെ ഒരു പരിപാടിയിൽ കൊണ്ടുവരുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ…അതെല്ലാം അവസാനിക്കണം. ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ ആൾകൂട്ടം ഉണ്ടാകുന്നു… പക്ഷേ എന്തുകൊണ്ട് ഈ അപകടം തിയേറ്ററിലും സിനിമ പ്രവർത്തകരുടെയും പേരിൽ ഉണ്ടാകുന്നു. ഇന്ത്യൻ സിനിമ ഇൻഡസ്ട്രിക്ക് അതൊരു നാണക്കേട് ആണ്.
കുടുംബത്തിന്റെ ഒപ്പം നിൽക്കാതെ കഷ്ടപ്പെട്ട് സിനിമയിൽ അഭിനയിക്കുന്നതും ഉറക്കമില്ലാതെ ഡിപ്രഷൻ അനുഭവിക്കുന്നതും സെറ്റിൽ അപകടം വകവെക്കാതെ ഷോട്ട് ചെയ്യുന്നതും അവരുടെ സ്നേഹത്തിന് വേണ്ടിയാണ്. ആരുടേയും ജീവൻ അപകടത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല', അജിത് കുമാർ പറഞ്ഞു.
അതേസമയം, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ച് നടൻ വിജയ് രംഗത്തെത്തിയിരുന്നു. മരിച്ചവരുടെ ബന്ധുക്കളുമായി വിജയ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ദുരിതബാധിതരെ ഒരിക്കലും കയ്യൊഴിയില്ല. എപ്പോഴും കൂടെയുണ്ടാകുമെന്നും വിജയ് ഉറപ്പു നൽകി. ഇവർക്കെല്ലാം വിജയ് നല്ലൊരു തുക നഷ്ടപരിഹാരമായി നൽകുകയും ചെയ്തു.