Lokah Box Office Collection: ഏവനും തൊട മുടിയാത് ! തിരുവോണ ദിനത്തില്‍ 10 കോടിയോ?
ഉത്രാട ദിനമായ ഇന്നലെ (വ്യാഴം) ഇന്ത്യ നെറ്റ് കളക്ഷന്‍ 8.35 കോടിയാണ്
Lokah Box Office Collection: തിരുവോണ ദിനത്തിലും ഡിമാന്‍ഡ് 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര'ക്ക് തന്നെ. ഇന്ന് പകുതി ഷോകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ നെറ്റ് കളക്ഷന്‍ അഞ്ച് കോടിക്കടുത്തെത്തി. ഇന്നത്തെ മുഴുവന്‍ കളക്ഷന്‍ പത്ത് കോടിക്ക് അടുത്തെത്തുമെന്നാണ് ബോക്‌സ്ഓഫീസ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.
ഉത്രാട ദിനമായ ഇന്നലെ (വ്യാഴം) ഇന്ത്യ നെറ്റ് കളക്ഷന്‍ 8.35 കോടിയാണ്. ഇതില്‍ തെലുങ്കില്‍ നിന്ന് മാത്രം ഒരു കോടിക്ക് മുകളില്‍ കളക്ട് ചെയ്തു. ഇന്ന് തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും ഓരോ കോടി വീതം ഉറപ്പ്. മലയാളം പതിപ്പിനു മാത്രം ഇന്ന് ഏഴ് കോടിക്കു മുകളില്‍ ലഭിച്ചേക്കാം. അങ്ങനെ നോക്കുമ്പോള്‍ ഇന്നത്തെ ഇന്ത്യ നെറ്റ് കളക്ഷന്‍ ഒന്‍പതിനും പത്ത് കോടിക്കും ഇടയിലെത്തും.
ഒന്‍പതാം ദിനത്തിലേക്ക് എത്തുമ്പോള്‍ ഇതുവരെ ഇന്ത്യ നെറ്റ് കളക്ഷന്‍ 59.61 കോടിയാണ്. വേള്‍ഡ് വൈഡ് കളക്ഷന്‍ 120 കോടി കടന്നു. 200 കോടിയെന്ന സ്വപ്‌ന നേട്ടത്തിലേക്ക് ലോകഃ എത്തുമെന്നാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
കേരളത്തില്‍ 250 സ്‌ക്രീനുകളില്‍ ഉണ്ടായിരുന്ന ലോകഃ ഇന്നുമുതല്‍ 503 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്ടാം വാരത്തിലേക്ക് എത്തിയിട്ടും ബോക്‌സ്ഓഫീസില്‍ ചിത്രം കത്തിക്കയറുകയാണ്. ഉടന്‍ തന്നെ ഹിന്ദി പതിപ്പും തിയറ്ററുകളിലെത്തും.