Mammootty: 'ആറ് മാസത്തിനു ശേഷം'; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മമ്മൂട്ടി
ചെന്നൈയില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്
Mammootty: 74-ാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പൂര്‍ണ ആരോഗ്യവാനായി വീണ്ടും സിനിമയില്‍ സജീവമാകാന്‍ പോകുന്ന മമ്മൂട്ടി ആറ് മാസങ്ങള്‍ക്കു ശേഷമാണ് സ്വന്തം ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്.
ചെന്നൈയില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. തന്റെ വണ്ടിയില്‍ ചാരിനിന്ന് കടലിലേക്ക് നോക്കുന്ന മമ്മൂട്ടിയെ ചിത്രത്തില്‍ കാണാം. 'എല്ലാവര്‍ക്കും ദൈവത്തിനും സ്‌നേഹവും നന്ദിയും' എന്നാണ് മമ്മൂട്ടി ചിത്രത്തിനു ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
കുടല്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മമ്മൂട്ടി. ആറ് മാസത്തോളമായി സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുന്നു. ഈയടുത്താണ് മമ്മൂട്ടി പൂര്‍ണ രോഗമുക്തി നേടിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്. രോഗമുക്തി നേടി തിരിച്ചെത്തുന്ന ഘട്ടത്തിലാണ് താരം 74-ാം ജന്മദിനം ആഘോഷിക്കുന്നത്.
ചെന്നൈയിലെ വീട്ടിലായിരിക്കും മമ്മൂട്ടിയുടെ ജന്മദിനാഘോഷം. മകന്‍ ദുല്‍ഖര്‍ സല്‍മാനടക്കം മറ്റു കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുക. കുറച്ചുദിവസം കൂടി വിശ്രമം തുടര്‍ന്ന ശേഷം മമ്മൂട്ടി കൊച്ചിയില്‍ എത്തുകയും സിനിമയില്‍ സജീവമാകുകയും ചെയ്യും.