മമ്മൂട്ടി: നടന്‍, മികച്ച നടന്‍, മഹാനടന്‍ ! കഥാപാത്ര പൂര്‍ണതയുടെ അനായാസത

മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് ഉപയോഗിച്ചത് 'Nuances' എന്ന ഇംഗ്ലീഷ് വാക്കാണ്

Nelvin Gok
തിങ്കള്‍, 3 നവം‌ബര്‍ 2025 (19:21 IST)
Mammootty (Bramayugam)

Nelvin Gok - nelvin.wilson@webdunia.net
' ചോദിക്കാറുണ്ട് ചിലര്, മമ്മൂട്ടിയെ ഉദ്ദേശിച്ചിട്ടാണോ ഇത് എഴുതിയത് എന്ന്. 'അല്ല, മമ്മൂട്ടിയെ ഉദ്ദേശിച്ചിട്ട് ഒന്നും എഴുതാറില്ല. പക്ഷേ എഴുതി കഴിയുമ്പോള്‍ തോന്നും 'ഇത് മമ്മൂട്ടി ചെയ്താല്‍ കൊള്ളാം'. എഴുതി കഴിയുമ്പോള്‍ ഈ കഥാപാത്രത്തിനു എന്റെ മനസില്‍ ഒരു രൂപമുണ്ട്, രൂപഘടനയുണ്ട്. ആകൃതി, പ്രകൃതി, സംസാരം, ചലനം, ശരീരഭാഷ തുടങ്ങിയവയൊക്കെ ഉണ്ട്,' ഒരിക്കല്‍ മമ്മൂട്ടിയെ മുന്നിലിരുത്തി അയാളുടെ 'എം.ടി സാര്‍' (എം.ടി.വാസുദേവന്‍ നായര്‍) പറഞ്ഞതാണ്. കഥാപാത്രത്തിന്റെ ആകൃതിയിലും പ്രകൃതിയിലുമാണ് മമ്മൂട്ടിയെന്ന നടന്‍ 'ഔട്ട്‌ഡേറ്റഡ്' ആകാതെ തുടരുന്നത്.
 
മമ്മൂട്ടി ഒരേസമയം ഏറ്റവും മികച്ച നടനും ചിലപ്പോഴെക്കെ മോശം നടനുമാണ്. കാമ്പില്ലാത്ത കഥാപാത്രങ്ങളെ കൈയില്‍ കിട്ടിയാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പരിഭ്രമിക്കുന്ന മമ്മൂട്ടിയെ കാണാം. കാമ്പുള്ള കഥാപാത്രങ്ങള്‍ക്കു വേണ്ടി ഏതറ്റം വരെയും നൂല്‍പ്പാലത്തിലൂടെ പോകുന്ന മമ്മൂട്ടിയെയും കാണാം. കേവലം 'പെര്‍ഫോമര്‍' ആയിരിക്കാന്‍ മമ്മൂട്ടി ആഗ്രഹിക്കുന്നില്ല, അങ്ങനെ ആഗ്രഹിച്ചപ്പോഴെല്ലാം മമ്മൂട്ടിയിലെ നടന്‍ അപ്രസക്തമായി പോയിട്ടുമുണ്ട്. പെര്‍ഫോമര്‍ക്കു ആവര്‍ത്തിക്കപ്പെടാനുള്ള ലൈസന്‍സുണ്ട്, എന്നാല്‍ ഒരു നടനു അതില്ല. സ്വന്തം ശരീരഭാഷയും പേറി നിങ്ങള്‍ക്കു നടനാകാന്‍ പറ്റില്ല, ചിലപ്പോള്‍ ഒരുപരിധി വരെ പെര്‍ഫോമര്‍ ആകാന്‍ സാധിച്ചേക്കും. ഇത് തിരിച്ചറിഞ്ഞാണ് മമ്മൂട്ടി തന്നിലെ നടനെ പുതുക്കിയത്, അതുകൊണ്ടാണ് മമ്മൂട്ടിയിലെ താരത്തിന്റെ വിന്റേജ് കാണാന്‍ കൊതിക്കുന്ന കടുത്ത മമ്മൂട്ടി രസികര്‍ പോലും അയാളിലെ നടനിലെ വിന്റേജിനെ കുറിച്ച് പുളകം കൊള്ളാത്തത്. കാരണം അവര്‍ക്കറിയാം 'നടന്‍ മമ്മൂട്ടി' സിനിമയിലെ അവസാന ശ്വാസം വരെയും ഞെട്ടിക്കുമെന്ന് ! 
 
മമ്മൂട്ടിയിലെ ഫ്‌ളക്‌സിബിലിറ്റി അതിശയിപ്പിക്കുന്നതാണ്. ഒരു നടനിലെ ഫ്‌ളക്‌സിബിലിറ്റി അഥവാ അനായാസത കഥാപാത്രത്തില്‍ നിന്ന് കഥാപാത്രത്തിലേക്കുള്ള അഡാപ്റ്റബിലിറ്റിയാണ്. അതുകൊണ്ടാണ് ലോഹിതദാസ് ഒരിക്കല്‍ പറഞ്ഞത്, ' മലയാളത്തിലെ ഏറ്റവും ഫ്‌ളക്‌സിബിള്‍ ആയ നടന്‍ മമ്മൂട്ടിയാണ്. ശരീരം എളുപ്പത്തില്‍ ചലിപ്പിക്കുന്നതോ ഡാന്‍സ് ചെയ്യുന്നതോ അല്ല ഫ്‌ളക്‌സിബിലിറ്റി. അഭിനയത്തിലെ അനായാസത എന്നുപറഞ്ഞാല്‍ അത് ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള പരിവര്‍ത്തനമാണ്,' വാക്കുകള്‍ അളന്നും മുറിച്ചും പറയുന്ന പരുക്കനായ ലോഹിയില്‍ നിന്ന് മമ്മൂട്ടിക്കു വര്‍ഷങ്ങള്‍ക്കു മുന്‍പേ കിട്ടിയൊരു 'അവാര്‍ഡ്' 
 
ഭ്രമയുഗത്തിലെ പോറ്റിയും ചാത്തനുമായി മനയ്ക്കലേക്കു കയറുമ്പോള്‍ മമ്മൂട്ടിക്ക് 'മമ്മൂട്ടി'യെ മാത്രം പടിക്കല്‍ നിര്‍ത്തിയാല്‍ പോരാ. മറിച്ച് വിധേയനിലെ ഭാസ്‌കര പട്ടേലരെ മുതല്‍ പാലേരിമാണിക്യത്തിലെ മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജിയെ വരെ വലിച്ചെറിയണം. ശക്തനായ ദൈവത്തോട് പോരടിക്കണമെങ്കില്‍ അതിശക്തനായ സാത്താനാകണം, കൊടുമണ്‍ പോറ്റി അങ്ങനെയാണ്. അയാള്‍ക്ക് എപ്പോഴും ചോരയുടെ നിറമാണ്, ഗന്ധമാണ്. മുന്‍ വില്ലന്‍ വേഷങ്ങളുടെ ആവര്‍ത്തനം കൊടുമണ്‍ പോറ്റിയുടെ ചിരിയില്‍ പോലും ഉണ്ടാകരുതെന്ന് അയാള്‍ക്ക് ശാഠ്യമുണ്ടായിരുന്നു. നാനൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ച മഹാനടന്‍ അതിനായി വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. ഓരോ സിനിമകള്‍ കഴിയും തോറും സ്വയം പുതുക്കാന്‍ കാണിക്കുന്ന മമ്മൂട്ടിയിലെ നടന് ഈ സംസ്ഥാന പുരസ്‌കാരം മറ്റാരെക്കാളും അര്‍ഹതപ്പെട്ടതാകാന്‍ കാരണവും അതാണ്. അധികാരത്തിന്റെ മത്തുപ്പിടിച്ച, കുപ്രസിദ്ധനായ കൊടുമണ്‍ പോറ്റിക്ക് വേണ്ടി തന്റെ താരശരീരത്തിലെ ആടയാഭരണങ്ങള്‍ രണ്ടാമതൊന്നു ചിന്തിക്കാതെ മമ്മൂട്ടി അഴിച്ചുവെച്ചു. ചിരിയിലും സംസാരത്തിലും നോട്ടത്തിലും ശരീരഭാഷയിലും മമ്മൂട്ടിയെ കാണാത്ത വിധം കൊടുമണ്‍ പോറ്റിയിലേക്കുള്ള വേരിറക്കം പ്രേക്ഷകര്‍ അത്ഭുതത്തോടെ നോക്കിയിരുന്നു. 
 
മമ്മൂട്ടി ആന്റോഗോണിസ്റ്റ് വേഷത്തിലെത്തുന്നു എന്നു പറയുമ്പോള്‍ നിങ്ങളുടെ മനസിലേക്ക് ഓടിയെത്തുന്ന ചില പേരുകള്‍ ഏതൊക്കെയാണ്? ഭാസ്‌കര പട്ടേലര്‍, അഹമ്മദ് ഹാജി, മുന്നറിയിപ്പിലെ രാഘവന്‍, പുഴുവിലെ കുട്ടന്‍...! ആവേശം കൊള്ളിക്കുന്ന, ഭയപ്പെടുത്തുന്ന ഒരു പട്ടിക തന്നെയുണ്ട്. എന്നാല്‍ കൊടുമണ്‍ പോറ്റിയിലേക്ക് എത്തുമ്പോള്‍ മേല്‍പ്പറഞ്ഞ ഒരു കഥാപാത്രത്തിന്റെയും ആവര്‍ത്തനം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. നടന്‍ മുരളി പറഞ്ഞതു പോലെ 'അഭിനയത്തില്‍ ആവര്‍ത്തനം ഇല്ലാത്തവന്‍ ആരോ അയാള്‍ നല്ല നടനാണ്'. എങ്കില്‍ മമ്മൂട്ടി അതില്‍ 'രാക്ഷസ നടികര്‍' ആണ്. താന്‍ മുന്‍പ് ചെയ്തുവെച്ച പ്രതിനായക വേഷങ്ങളുടെ ഒരു മാനറിസവും കൊടുമണ്‍ പോറ്റിയില്‍ ഉണ്ടാകരുതെന്ന് അയാള്‍ക്ക് ശാഠ്യമുണ്ടായിരുന്നു. 
 
ഭ്രമയുഗത്തിന്റെ പ്രചാരണ പരിപാടികളോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ മമ്മൂട്ടിയെ കുറിച്ച് അത്ര പഠനങ്ങളൊന്നും നടത്താത്ത ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നുണ്ട് 'ഭീഷ്മ പര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഇരിക്കുന്നതു പോലെയാണല്ലോ ഭ്രമയുഗത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ഇരിക്കുന്നത്' എന്ന്. 'രണ്ടും ഒരേ ഇരിപ്പ് തന്നെയാണോ' എന്നായി മമ്മൂട്ടിയുടെ തിരിച്ചുള്ള ചോദ്യം. ഒന്നൂടെ കനത്തില്‍ 'ഉറപ്പാണോ' എന്നു മാധ്യമപ്രവര്‍ത്തകനോട് 'ഇരുത്തി' ചോദിക്കുന്നുമുണ്ട്. അതിനുശേഷം രണ്ട് പോസ്റ്ററുകളിലേയും ഇരിപ്പ്, കൈ വെച്ചിരിക്കുന്നത് അടക്കം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മമ്മൂട്ടി കാണിച്ചു കൊടുക്കുന്നു. ഇരിക്കുന്നത് കസേരയില്‍ ആണെന്നത് ഒഴിച്ചാല്‍ ആ ഇരിപ്പില്‍ മറ്റ് സാമ്യതകളൊന്നും ഇല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി കൊടുത്തു. കഴിഞ്ഞില്ല ഒരു കാര്യം കൂടി അതിനൊപ്പം കൂട്ടിച്ചേര്‍ത്തു, 'എന്നെ ചതിക്കരുത്, ഞാന്‍ ഒരുപാട് കഷ്ടപ്പെട്ട് ചെയ്യുന്നതാണ്.' ആ വാക്കുകളില്‍ ഒരു ദൈന്യതയുണ്ട്, അരനൂറ്റാണ്ടോളമായി സിനിമ ചെയ്തിട്ടും കഥാപാത്രങ്ങള്‍ ശരീരഭാഷ കൊണ്ട് പോലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കഷ്ടപ്പെടുന്നവനെ ഇങ്ങനെ ഓരോന്ന് ചോദിച്ച് തളര്‍ത്തരുതെന്ന് അപേക്ഷിക്കുന്ന വിധം..! അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ആ ഇരിപ്പുകള്‍ നോക്കുക, ഒന്നില്‍ തനിക്കു ചുറ്റിലുമുള്ള മനുഷ്യരുടെ സംരക്ഷകനായി ജാഗ്രതയോടെ ഇരിക്കുന്ന മൈക്കിളപ്പയെ കാണാം, മറ്റേ ഇരിപ്പില്‍ അധികാരത്തിന്റെ മത്തുപിടിച്ചിരിക്കുന്ന കണ്ണില്‍ കുടിലതയുള്ള പോറ്റിയെ അല്ലെങ്കില്‍ ചാത്തനെ കാണാം. 
 
മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് ഉപയോഗിച്ചത് 'Nuances' എന്ന ഇംഗ്ലീഷ് വാക്കാണ്. പോറ്റിയിലും ചാത്തനിലും മമ്മൂട്ടിയില്‍ നിന്നുള്ള വൈവിധ്യം മാത്രം മതി അദ്ദേഹത്തെ മികച്ച നടനായി തിരഞ്ഞെടുക്കാനെന്ന് തെല്ലും ആലോചിക്കാതെ ജൂറി ചെയര്‍മാന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കിയെന്നാണ് ജൂറി ഒന്നടങ്കം അവാര്‍ഡ് നിര്‍ണയത്തില്‍ കുറിച്ചുവച്ചിരിക്കുന്നത്. 

എല്ലാവരും പറയുന്നുണ്ട്, 'മമ്മൂട്ടി മത്സരിക്കുന്നത് യുവനടന്‍മാരോടാണ്' എന്ന്. യഥാര്‍ഥത്തില്‍ മമ്മൂട്ടി മത്സരിക്കുന്നത് മമ്മൂട്ടിയോടു തന്നെയാണ്. തന്നിലെ നടന്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്‍പു ചെയ്ത കഥാപാത്രങ്ങളോടു മല്ലയുദ്ധം നടത്തുകയാണ് മമ്മൂട്ടി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച 'ഒരു വടക്കന്‍ വീരഗാഥ' ഇന്ന് ചെയ്യുകയാണെങ്കില്‍ അഭിനയത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ഉറപ്പിച്ചു പറയുന്ന മമ്മൂട്ടി 'മമ്മൂട്ടി'യോടല്ലാതെ മറ്റാരോടാണ് മത്സരിച്ചുകൊണ്ടിരിക്കുന്നത് ! ഓര്‍ക്കണം, മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയ കഥാപാത്രത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇതെന്ന്..! സ്വയം പുതുക്കി, ആവര്‍ത്തനങ്ങള്‍ക്ക് സൂചിയിട നല്‍കാതെ 'മമ്മൂട്ടി സിറന്ത നടികര്‍' ആയി വാഴുന്നത് ഇങ്ങനെയൊക്കെയാണ്...! വഴിയില്‍ ഇട്ടേച്ചും പോകില്ലേല്‍ ഞാന്‍ ഇനിയും പരീക്ഷണങ്ങള്‍ ചെയ്യാമെന്ന് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ട്. ആ വാക്ക് പൊന്നാകട്ടെ, മഹാനടന്റെ അഭിനയത്തോടുള്ള 'ഭ്രമം' തുടരട്ടെ..! മമ്മൂട്ടിക്ക്, മികച്ച നടന്, മലയാളത്തിന്റെ മഹാനടന് ആശംസകള്‍..! 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments