Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുനാൾ അമ്മയുടെ ഈ 'അശ്ലീല' ചിത്രങ്ങൾ അവൻ കാണും; ഇതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു: വൈറൽ താരം

ഈ പ്രശസ്തി കാരണം നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് ഗിരിജ.

Marathi actress Girija Oak

നിഹാരിക കെ.എസ്

, വെള്ളി, 14 നവം‌ബര്‍ 2025 (18:00 IST)
ഒരൊറ്റ വീഡിയോ കൊണ്ട് നാഷണൽ ക്രഷ് ആയി മാറിയിരിക്കുകയാണ് മറാത്തി നടി ഗിരിജ ഓക്ക്. അപ്രതീക്ഷിതമായിട്ടായിരുന്നു ഗിരിജയുടെ വീഡിയോ വൈറൽ ആയത്. ഇപ്പോഴിതാ, തനിക്ക് ഇപ്പോൾ കിട്ടിയിരിക്കുന്ന ഈ പ്രശസ്തി കാരണം നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് ഗിരിജ. 
 
എഐ ഉപയോഗിച്ചുകൊണ്ടുള്ള തന്റെ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ടെന്ന് ഗിരിജ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ ഇത്തരം ചിത്രങ്ങൾ ഉണ്ടാക്കുന്നവരോടും പ്രചരിപ്പിക്കുന്നവരോടും പിന്മാറാൻ ആവശ്യപ്പെടുകയാണ് നടി. 
 
'തീർത്തും ഭ്രാന്തമായ കാര്യങ്ങളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടക്കുന്നത്. ഒരേസമയം ഭ്രാന്തവും മികച്ചതുമായ കാര്യങ്ങളാണ്. പെട്ടെന്ന് എനിക്ക് ഒരുപാട് ശ്രദ്ധ ലഭിച്ചു. അത് ഉൾക്കൊള്ളാൻ ഞാൻ പഠിച്ചു വരികയാണ്. ഒരുപാട് സ്‌നേഹം ലഭിക്കുന്നുണ്ട്. നല്ല കമന്റുകളും മെസേജുകളും ഫോൺ കോളുകളും ലഭിക്കുന്നു. എന്റെ പോസ്റ്റുകളും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളുമൊക്കെ കണ്ടാണ് അതെല്ലാം വരുന്നത്. 
 
ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളും എന്നെ അറിയാവുന്നവരും മീമുകളും പോസ്റ്റുകളും അയച്ചു തരുന്നുണ്ട്. ചിലതൊക്കെ ക്രീയേറ്റീവും തമാശനിറഞ്ഞതുമാണ്.
 
അതേസമയം അവയിൽ ചിലത് എഐ ഉപയോഗിച്ച് മോർഫ് ചെയ്ത എന്റെ ചിത്രങ്ങളാണ്. അത് നല്ല ഉദ്ദേശത്തോടെയുള്ളതല്ല. ഒബ്‌കെട്‌ഫൈ ചെയ്യുന്ന, ലൈംഗികച്ചുവയോടെയുള്ളതാണ് അവ. അത് എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഞാനും ഇന്നത്തെ കാലത്ത് ജീവിക്കുന്നയാളാണ്. ഞാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. 
 
ഒരു കാര്യം വൈറലാകുമ്പോൾ, ട്രെന്റാകുമ്പോൾ എന്താണ് സംഭവിക്കുക എന്നെനിക്ക് അറിയാം. ലൈക്കും ഇന്ററാക്ഷനും വ്യൂസും കിട്ടുന്നത് വരെ ഇത്തരം ചിത്രങ്ങൾ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. ഈ കളി എങ്ങനെയെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.
 
എന്നെ അലട്ടുന്നത് ഈ കളിയ്ക്ക് യാതൊരു നിയമവുമില്ലെന്നതാണ്. ഈ കളിയിൽ അനുവദനീയമല്ലാത്തതായി ഒന്നും തന്നെയില്ല. എനിക്ക് പന്ത്രണ്ട് വയസുള്ളൊരു മകനുണ്ട്. അവൻ ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല. പക്ഷെ ഭാവിയിൽ ഉപയോഗിക്കും. അവൻ വലുതാകുമ്പോൾ ഈ ചിത്രങ്ങൾ കാണും. ഇപ്പോൾ പ്രചരിക്കുന്നത് എല്ലാക്കാലത്തും ഇന്റർനെറ്റിൽ ലഭ്യമായിരിക്കും.
 
അവൻ ഒരുനാൾ തന്റെ അമ്മയുടെ ഈ അശ്ലീല ചിത്രങ്ങൾ കാണും. അത് എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. ഭയപ്പെടുത്തുന്നുണ്ട്. അവൻ എന്താകും അപ്പോൾ ചിന്തിക്കുക. ഈ ചിത്രങ്ങൾ യഥാർത്ഥമല്ലെന്നും എഐയുടെ സഹായത്തോടെ മോർഫ് ചെയ്യപ്പെട്ടതാണെന്നും അവൻ മനസിലാക്കും. ഇപ്പോൾ ഈ ചിത്രങ്ങൾ കാണുന്നവർക്കുമറിയാം ഇതൊന്നും യഥാർത്ഥമല്ലെന്നും ഉണ്ടാക്കിയതാണെന്നും. എന്നാൽ അവർക്കത് വിലകുറഞ്ഞൊരു ത്രില്ല് കൊടുക്കുന്നുണ്ട്. അത് ഭയപ്പെടുത്തുന്നതാണ്.
 
എനിക്ക് കാര്യമായൊന്നും ചെയ്യാനാകില്ലെന്ന് അറിയാം. പക്ഷെ വെറുതെയിരിക്കാനും സാധിക്കില്ല. അതിനാൽ ഇത് കാണുന്ന ആരെങ്കിലും സ്ത്രീകളുടെയോ പുരുഷന്മാരുടേയോ ചിത്രങ്ങൾ ഐഐ ഉപയോഗിച്ച് മോർഫ് ചെയ്യുന്നവരാണെങ്കിൽ ഒന്ന് ചിന്തിക്കണം. ഇത്തരം ചിത്രങ്ങൾക്ക് ലൈക്ക് ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങളും ഈ പ്രശ്‌നത്തിന്റെ ഭാഗമാണ്. പുനർവിചിന്തനത്തിന് അപേക്ഷിക്കാനേ എനിക്ക് സാധിക്കൂ', ഗിരിജ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയൻതാരയുമായി സംസാരിച്ചിട്ടുള്ളത് അപൂർവ്വമായിട്ട്, കാണുന്നത് അവാർഡ് ഷോയ്‌ക്ക്: തൃഷ