സിനിമയോടും സിനിമാതാരങ്ങളോടുമുള്ള ജനങ്ങളുടെ സമീപനത്തില്‍ അടുത്തകാലത്തായി വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി റാണി മുഖര്‍ജി. ഇന്ന് അഭിനയം പലര്‍ക്കും കരിയര്‍ ഓപ്ഷനായി മാറിയിരിക്കുന്നു. എന്നാല്‍ താന്‍ സിനിമയില്‍ വന്ന സമയത്തെ കാര്യങ്ങള്‍ ഇങ്ങനെയല്ലായിരുന്നുവെന്നും റാണി പറയുന്നു.
ഞാന്‍ അഭിനയിക്കുന്നതില്‍ അച്ഛന് താത്പര്യമുണ്ടായിരുന്നില്ല. സിനിമാ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ അഭിനയരംഗത്തേക്ക് വരുന്നത് അന്ന് സാധാരണമായിരുന്നില്ല. അക്കാലത്ത് ഒരു മികച്ച കരിയര്‍ ഓപ്ഷനായി സിനിമയെ മിക്കവരും കണ്ടിരുന്നില്ല. ഞാന്‍ വളര്‍ന്ന സമയത്ത് ഞാനൊരു സിനിമാകുടുംബത്തില്‍ നിന്നാണെന്ന് പറയുന്നത് അഭിമാനകരമായ ഒന്നായിരുന്നില്ല.
സിനിമയിലേക്ക് വരുന്നതില്‍ അച്ഛന് വിയോജിപ്പായിരുന്നെങ്കിലും അമ്മ അങ്ങനെയായിരുന്നില്ല. എന്നാല്‍ തന്നെ ഒരു സിനിമയില്‍ ഉള്‍പ്പെടുത്തരുതെന്ന് അമ്മ ഒരു നിര്‍മാതാവിനോട് പറഞ്ഞിട്ടുണ്ട്. എന്റെ ആദ്യ സ്‌ക്രീന്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ പ്രോത്സാഹനം നല്‍കിയത് അമ്മയാണ്. സ്‌ക്രീന്‍ ടെസ്റ്റിലെ എന്റെ പ്രകടനം മോശമായിരുന്നു. അമ്മ അക്കാര്യം നിര്‍മാതാവിനോട് തുറന്ന് പറഞ്ഞു. എന്റെ മകളെ അഭിനയിപ്പിച്ചാല്‍ ഈ പടം പൊട്ടും. അവളെ എടുക്കാതിരിക്കുന്നതാണ് നല്ലത്. റാണി തന്റെ രസകരമായ അനുഭവം പങ്കുവെച്ചു.