മമ്മൂട്ടിക്കൊപ്പം ആദ്യ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് കേരള ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി തിരെഞ്ഞെടുക്കപ്പെട്ട ഷംല ഹംസ. കേരളത്തിലെ തീരദേശപ്രദേശമായ പൊന്നാനിയുടെ പശ്ചാത്തലത്തില്‍ ഒരു വീട്ടമ്മയുടെ നിത്യജീവിതത്തിലെ പ്രതിരോധവും ആഗ്രഹങ്ങളും പറഞ്ഞ ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് ഷംല ഹംസയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നേടികൊടുത്തത്.
ഈ അവസരത്തില്‍ എന്ത് പറയണമെന്നറിയില്ല. ആദ്യത്തെ സിനിമയ്ക്ക് വേണ്ടി എല്ലാവരുടെയും സപ്പോര്‍ട്ട് ഉണ്ടായിരുന്നു. സിനിമയില്‍ അഷ്‌റഫ് എന്ന കഥാപാത്രത്തെ ചെയ്ത കുമാര്‍ സുനില്‍ തന്ന പിന്തുണ വളരെയധികം വലുതാണ്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുക എന്നത് വലിയ ബഹുമതിയാണ്. അതും മമ്മൂട്ടിയുടെ കൂടെ ലഭിക്കുക എന്നത് അത്ഭുതമായി തോന്നുന്നു. മികച്ച നടിക്കുള്ള മത്സരത്തില്‍ കൂടെയുണ്ടായിരുന്ന എല്ലാ നടിമാര്‍ക്കും നന്ദി. ഷംല ഹംസ പറഞ്ഞു.
ആയിരത്തൊന്ന് നുണകള്‍ എന്ന സിനിമയിലൂടെയാണ് ഫെമിനിച്ചി ഫാത്തിമയിലേക്ക് ഷംല ഹംസയ്ക്ക് വഴിയൊരുങ്ങിയത്. എല്ലാവരുടെയും പിന്തുണ കാരണമാണ് കഥാപാത്രം ചെയ്യാനായത്. നല്ല കഥകളും കഥാപാത്രങ്ങളും ലഭിച്ചാല്‍ ഇനിയും ചെയ്യും. ഞാന്‍ ഇപ്പോഴും ഒരു തുടക്കക്കാരിയാണ്. ഈ അവാര്‍ഡ് ഒരു പ്രചോദനമാണ്. ഷംല ഹംസ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം മകള്‍ക്ക് 6 മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഷംല ഹംസ ഫെമിനിച്ചി ഫാത്തിമയില്‍ വേഷമിട്ടത്. ഒരു കിടക്കയെ കേന്ദ്രമാക്കിയാണ് സ്ത്രീ പക്ഷത്ത് നിന്നും ഫെമിനിച്ചി ഫാത്തിമ കഥ പറഞ്ഞത്. ഐഎഫ്എഫ്‌കെയില്‍ വിവിധ വിഭാഗങ്ങളിലായി അഞ്ചോളം പുരസ്‌കാരങ്ങള്‍ സിനിമ നേടിയിരുന്നു.