Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അറിയാത്ത കാര്യങ്ങൾ എഴുതി കയ്യടി നേടാൻ ശ്രമിക്കുന്നു'; വേണുഗോപാലിനെതിരെ ശ്രീകുമാരൻ തമ്പി

Sreekumaran Thambi

നിഹാരിക കെ.എസ്

, വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (08:36 IST)
മുതിർന്ന നടൻ മധുവിന് പിറന്നാൾ ആശംസകളറിയിച്ച് ഗായകൻ ജി വേണുഗോപാൽ പങ്കുവെച്ച കുറിപ്പിനെതിരേ ഗാനരചയിതാവും സംവിധായകനും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പി രംഗത്ത്. വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ച് തെറ്റായി എഴുതുന്ന സ്വഭാവം വേണുഗോപാലിനുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
 
മധുവിനെപ്പോലെയുള്ളവരെ കുറിച്ച് അറിയാത്ത കാര്യങ്ങൾ എഴുതി കയ്യടി നേടാൻ വേണുഗോപാൽ ശ്രമിയ്ക്കരുതെന്നും ശ്രീകുമാരൻ തമ്പി ഫെയ്‌സ്ബുക്കിൽ കുറിച്ചു. മധുവിനെ പുകഴ്ത്തുകയാണെന്ന മട്ടിൽ അങ്ങേയറ്റം ഇകഴ്ത്തിക്കൊണ്ട് വേണുഗോപാൽ എഴുതിയ പോസ്റ്റിനെതിരെയാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.
 
ശ്രീകുമാരൻ തമ്പിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
 
ജി വേണുഗോപാൽ നന്നായി പാടുന്ന ഗായകനാണ്. ഏതാനും ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായി മലയാള ഗാനശാഖയ്ക്കു ലഭിച്ചിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തിൽ ഞാൻ എഴുതിയ ''ഉണരുമീ ഗാനം ''.. എന്ന പാട്ടിനായിരുന്നു അദ്ദേഹത്തിന് ലഭിച്ച സംസ്ഥാന അവാർഡുകളിൽ ഒന്ന്. പക്ഷേ ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ടോ അദ്ദേഹത്തിന് യേശുദാസിന്റെയോ പി ജയചന്ദ്രന്റെയോ എം ജി ശ്രീകുമാറിന്റെയോ നിലയിലേക്ക് ഉയരാൻ സാധിച്ചില്ല.
 
ഇന്ന് വേദനയോടെ അദ്ദേഹത്തെ കുറിച്ച് ഒരു സത്യം പറയട്ടെ. വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ചിലപ്പോഴെങ്കിലും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന ഒരു സ്വഭാവം അദ്ദേഹത്തിനുണ്ട്. ഒന്ന് രണ്ടു അനുഭവങ്ങൾ വ്യക്തിപരമായി എനിക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇന്ന് ഞാൻ ഇതിവിടെ പറയാൻ കാരണം, ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ ശ്രീ. മധു എന്ന അതുല്യ നടനെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തെ പുകഴ്ത്തുകയാണെന്ന മട്ടിൽ അങ്ങേയറ്റം ഇകഴ്ത്തിക്കൊണ്ട് ജി വേണുഗോപാൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ്.
 
കഴിഞ്ഞ അറുപതു വർഷക്കാലമായി മധുച്ചേട്ടനോടൊപ്പം സിനിമാ രംഗത്ത് പ്രവർത്തിക്കുകയും ഒരു അനുജനെപ്പോലെ അദ്ദേഹത്തിന്റെ കുടുംബവുമായി ഇടപഴകുകയും ചെയ്യുന്ന എനിക്ക് ഈ വിവരക്കേടിനെതിരെ പ്രതികരിയ്ക്കാതിരിക്കാനാവില്ല. ഞാൻ സംവിധാനം ചെയ്ത ഇരുപത്തൊൻപത് പടങ്ങളിൽ പത്ത് പടങ്ങളിൽ നായകൻ ശ്രീ. മധുവാണ്. അതുപോലെ മധു ചേട്ടൻ നിർമ്മിച്ച പല ചിത്രങ്ങൾക്കും പാട്ടെഴുതിയത് ഞാൻ ആയിരുന്നു. മധു ചേട്ടന്റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും അദ്ദേഹത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമൊക്കെ ജി വേണുഗോപാൽ എഴുതിയത് മുഴുവൻ ശുദ്ധ അസംബന്ധമാണ്.
 
മധുച്ചേട്ടന്റെ സ്വദേശം കണ്ണമ്മൂല അല്ല, ഗൗരീശപട്ടം ആണ്. ധാരാളം സ്വത്തുവകകൾ ഉള്ള ഒരു ജന്മിത്തറവാട്ടിലെ അംഗം. മധു ചേട്ടന്റെ പിതാവ് പരമേശ്വരൻ നായർ തിരുവനന്തപുരം നഗരസഭ മേയർ ആയിരുന്നു. മധു ചേട്ടൻ ഇന്നു താമസിക്കുന്ന കണ്ണമ്മൂലയിലുള്ള '' ശിവഭവനം'' എന്ന വീട് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയുടെ ജന്മഹൃഹമാണ്. ധാരാളം ഭൂസ്വത്തുക്കൾ സ്വന്തമായുള്ള ഒരു വലിയ തറവാട്. അദ്ദേഹം ''ഏകനായി താമസിക്കുന്ന ചെറിയ വീട് ''എന്നു വേണുഗോപാൽ വിശേഷിപ്പിക്കുന്ന മധു ചേട്ടന്റെ വീടിനു ഒരു ഹാളും അഞ്ചു മുറികളും ഉണ്ട്. രണ്ടുമുറികൾ ബേസ്മെന്റിൽ ആണുള്ളത്. ആ വീട് മധു ചേട്ടൻ സ്വന്തം പണം കൊണ്ട് തന്റെ സ്വന്ത ഇഷ്ടപ്രകാരം നിർമ്മിച്ചതാണ്. അവിടെ അദ്ദേഹം തനിച്ചല്ല താമസം. അദ്ദേഹത്തിന്റെ ഒരു പേർസണൽ ഓഫീസ് പോലെയാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ആരാധകരെയും സ്വീകരിക്കുന്ന ഇടം. ആ കോമ്പൗണ്ടിൽ ആകെ മൂന്നു വലിയ കെട്ടിടങ്ങൾ ഉണ്ട്. ഒന്ന് മധുച്ചേട്ടന്റെ ഭാര്യയുടെ ജന്മഗൃഹമായ ശിവഭവനം.
 
അതിനു പിന്നിലായി പണിത പുതിയ വീട്ടിൽ മധുച്ചേട്ടന്റെ ഏക മകൾ ഡോ. ഉമാ നായരും ഭർത്താവ് എൻജിനീയറും വിദ്യാഭ്യാസ വിദഗ്ധനുമായ കൃഷ്ണകുമാറും അവരുടെ ഏക മകനും കുടുംബവും താമസിക്കുന്നു. കൃഷ്ണകുമാറിന്റെ പിതാവ് ശ്രീ. പദ്മനാഭൻ നായരും അവരോടൊപ്പം സന്തോഷമായിരിക്കുന്നു. മധു ചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. മധു ചേട്ടന്റെ സഹായികളായി രണ്ടു പേർ കൂടിയുണ്ട് ആ വലിയ വീട്ടിൽ . ഞങ്ങളെ പോലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പതിവായി ഇവരെയെല്ലാം ഒരുമിച്ചു സന്ദർശിച്ചു സന്തോഷ നിമിഷങ്ങൾ പങ്കുവെയ്ക്കുന്നു. ഇങ്ങനെ ഒരു വലിയ കൂട്ടു കുടുംബത്തിന്റെ നായകനായ മധു ചേട്ടനെയാണ് പാട്ടുകാരൻ വേണുഗോപാൽ ഏകനും അനാഥനുമായി ചിത്രീകരിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും വേണ്ടപ്പട്ടവരും നടൻ മധുവിനെ ശ്രദ്ധിക്കുന്നില്ല എന്ന ഒരു ധ്വനി വേണുഗോപാലിന്റെ പോസ്റ്റിൽ ഉണ്ട് വേണുഗോപാലിനെ പോലുള്ളവർ ഇങ്ങനെ നിജസ്ഥിതി അറിയാതെ അപവാദം പറഞ്ഞു പരത്തുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കുന്നില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Hridayapoorvam OTT Release: ഹൃദയപൂര്‍വ്വം ഒടിടിയില്‍