ഏറെ ദിവസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമേന്ദ്ര ബുധനാഴ്ചയാണ് ആശുപത്രി വിട്ടത്. വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.
ഇപ്പോഴിതാ ജുഹുവിലെ വസതിക്ക് മുന്നിൽ തടിച്ചു കൂടിയ പാപ്പരാസികളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ധർമേന്ദ്രയുടെ മകനും നടനുമായ സണ്ണി ഡിയോൾ. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് നിരന്തരം അഭ്യർഥിച്ചിട്ടും ഫോട്ടോഗ്രഫർമാരും മാധ്യമപ്രവർത്തകരും വീടിന് മുന്നിൽ തടിച്ചു കൂടിയതോടെയാണ് സണ്ണി ഡിയോൾ പൊട്ടിത്തെറിച്ചത്.
"നിങ്ങളുടെ വീട്ടിൽ മാതാപിതാക്കളും കുട്ടികളുമില്ലേ?... നിങ്ങൾക്ക് നാണമില്ലേ?. നിങ്ങൾക്ക് സ്വയം നാണക്കേട് തോന്നുന്നില്ലേ. നിങ്ങൾക്കും മാതാപിതാക്കളും, കുട്ടികളുമുണ്ട്... ഇപ്പോഴും നിങ്ങൾ ഇഡിയറ്റ്സിനെ പോലെ വിഡിയോകൾ ചെയ്യുന്നു. നിങ്ങൾ നിങ്ങളെ തന്നെ ഓർത്ത് ലജ്ജിക്കൂ". - എന്നാണ് സണ്ണി ഡിയോൾ മാധ്യമപ്രവർത്തകരോട് കൈകൾ കൂപ്പി പറയുന്നത്.