'ആത്മഹത്യ ചെയ്യണമെങ്കിൽ ഒരു സ്റ്റൂൾ എങ്കിലും ഉപയോഗിക്കില്ലേ?': സുശാന്തിന്റെ മരണത്തിൽ സഹോദരി
മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്‍ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്.
ഇന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച മരണമായിരുന്നു നടൻ സുശാന്ത് സിങ് രജ്പുത്തിന്റേത്. 2020 ജൂൺ 14 നാണ് ആരാധകരെയും സിനിമാ പ്രേക്ഷകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയുള്ള സുശാന്തിന്റെ മരണം. മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്‍ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്.
മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും മരണകാരണം ഇതാകാമെന്നുമാണ് പോലീസ് റിപ്പോർട്ടിൽ ഉള്ളത്. ഇപ്പോഴിതാ നടന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിങ് കീർത്തി. സുശാന്തിന്റെ കഴുത്തിലുണ്ടായിരുന്ന പാട് വസ്ത്രത്തിന്റേത് അല്ലായിരുന്നുവെന്നും, അതൊരു ചെയിനിന്റെ പാട് ആണെന്നുമാണ് ശ്വേത പറയുന്നത്. അൺപ്ലഗ്ഡ് ശുഭങ്കർ എന്ന പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ശ്വേതയുടെ വെളിപ്പെടുത്തൽ.
'അത് എങ്ങനെ ആത്മഹത്യയാകും ? ഫാനും കട്ടിലിനുമിടയിൽ ഒരാൾക്ക് കാലുകൾ തൂക്കിയിടാൻ പോലും സ്ഥലമുണ്ടായിരുന്നില്ല. ആർക്കെങ്കിലും ആത്മഹത്യ ചെയ്യണമെങ്കിൽ, അവർ ഒരു സ്റ്റൂൾ എങ്കിലും ഉപയോഗിക്കില്ലേ? എന്നാൽ അവിടെ അങ്ങനെയൊരു വസ്തു ഉണ്ടായിരുന്നില്ല.ഇനി ശരീരത്തിലെ പാടുകൾ നോക്കുകയാണെങ്കിൽ, അതൊരു ദുപ്പട്ടയുടെ പാടുകളായി തോന്നുന്നില്ല. ഉപയോഗിച്ച വസ്തു ഒരു തുണി പോലെയുള്ള അടയാളമല്ല ഉണ്ടാക്കിയത്, മറിച്ച് അതൊരു നേർത്ത ചെയിനിന്റെ പാടുപോലെയാണ്".- ശ്വേത പറഞ്ഞു.