സിനിമയ്ക്ക് പുറമെയുള്ള മികച്ച സൗഹൃദങ്ങളിൽ ഒന്നാണ് ബേസിൽ ജോസഫും ടൊവിനോ തോമസും തമ്മിലുള്ളത്. ഇവർ ഒരുമിച്ച് സിനിമകളെല്ലാം ഹിറ്റായിരുന്നു. ബേസിൽ സംവിധാനം ചെയ്ത് ടൊവിനോ അഭിനയിച്ച മിന്നൽ മുരളിക്ക് ലോകമെങ്ങും ആരാധകരുണ്ട്. ഇപ്പോഴിതാ, ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു.
'മിന്നൽ മുരളി' എന്ന ചിത്രത്തിലെ ബേസിൽ ജോസഫിന്റെ സഹസംവിധായകൻ സ്വതന്ത്ര സംവിധായകൻ ആവുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഒക്ടോബർ ആദ്യവാരത്തോട് കൂടി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.
തന്റെ പുതിയ സംവിധാന സംരഭത്തിലേക്ക് ബേസിൽ ജോസഫ് കടക്കുന്നതിനു മുൻപ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇതെന്നും സൂചനയുണ്ട്. അതേസമയം, ബേസിൽ കഴിഞ്ഞ ദിവസം തന്റെ പ്രൊഡക്ഷൻ കമ്പനി അന്നൗൻസ് ചെയ്തിരുന്നു.