Asia Cup Final: ജയിച്ചേ പറ്റു, ബുമ്ര തിരിച്ചെത്തും, ഇന്ത്യൻ ടീമിൽ 2 മാറ്റങ്ങൾക്ക് സാധ്യത
ഫൈനല്‍ മത്സരത്തില്‍ ജസ്പ്രീത് ബുമ്ര, ഓള്‍റൗണ്ടര്‍ ശിവം ദുബെ എന്നിവര്‍ ടീമിലെത്തും.
ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. ടൂര്‍ണമെന്റിലെ 6 മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പാകിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും വിജയിച്ചിരുന്നു. എന്നാല്‍ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ കടുപ്പമേറിയ പോരാട്ടമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. ഈ സാഹചര്യത്തില്‍ പാകിസ്ഥാനെ നിസാരമായി കാണാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല.
ഫൈനല്‍ മത്സരത്തില്‍ ജസ്പ്രീത് ബുമ്ര, ഓള്‍റൗണ്ടര്‍ ശിവം ദുബെ എന്നിവര്‍ ടീമിലെത്തും. അര്‍ഷദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവര്‍ ഇതോടെ പുറത്തിരിക്കേണ്ടി വരും. ഓപ്പണിംഗില്‍ അഭിഷേക് ശര്‍മ നല്‍കുന്ന തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയുടെ വിജയങ്ങള്‍ക്ക് മുഖ്യ ഘടകം. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പരിക്കാണ് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. മധ്യനിരയില്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനം നടത്തുന്നതും ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.
ബാറ്റിങ്ങില്‍ ഫോമിലെത്താനായില്ലെങ്കിലും ബൗളിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നടത്തുന്നത്. ബൗളിങ്ങില്‍ ശിവം ദുബെയും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു. ബൗളര്‍മാരില്‍ കുല്‍ദീപ് യാദവിന്റെ പ്രകടനവും ഇന്ത്യയ്ക്ക് നിര്‍ണായകമാകും. വരുണ്‍ ചക്രവര്‍ത്തിയാകും കുല്‍ദീപിനൊപ്പം മറ്റൊരു സ്പിന്നറായെത്തുക.