വനിതാ ഏകദിന ലോകകപ്പില്‍ കന്നികിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കാനായാല്‍ വമ്പന്‍ പാരിതോഷികമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ലഭിക്കുക. ഒരൊറ്റ വിജയം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഭാവിയെ എന്നെന്നേക്കുമായി മാറ്റും. മുന്‍ ബിസിസിഐ സെക്രട്ടറിയും ഇപ്പോഴത്തെ ഐസിസി ചെയര്‍മാനുമായ ജയ് ഷാ വനിതകള്‍ക്ക് പുരുഷ ടീമിന് തുല്യമായി വേതനം ഏര്‍പ്പെടുത്തിയിരുന്നു.
ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ വിജയിച്ചാല്‍ വലിയ തുകയാകും പാരിതോഷികമെന്ന നിലയില്‍ ബിസിസിഐ സമ്മാനിക്കുക. യുഎസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയപ്പോള്‍ 125 കോടി രൂപയാണ് ഇന്ത്യന്‍ സംഘത്തിന് നല്‍കിയത്. സമാനമായ ഒരു തുക തന്നെയാകും വനിതകള്‍ക്കും നല്‍കുക.2017ല്‍ ലോകകപ്പ് ഫൈനലില്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യന്‍ ടീം പരാജയപ്പെട്ടപ്പോള്‍ ഓരോ കളിക്കാര്‍ക്കും 50 ലക്ഷം രൂപ വീതമാണ് പാരിതോഷികം നല്‍കിയത്. ഇത്തവണ കിരീടം നേടുമ്പോള്‍ 5 കോടി രൂപയെങ്കിലും ഓരോ താരത്തിനും ലഭിക്കും.