Dewald Brevis Century: ബേബി എബിഡി അവതരിച്ചു, 41 പന്തിൽ സെഞ്ചുറി !, ഓസ്ട്രേലിയക്കെതിരെ ബ്രെവിസ് വിളയാട്ടം
56 പന്തില്‍ 125 റണ്‍സ് നേടിയ ബ്രെവിസിന്റെ പ്രകടനത്തോടെ 20 ഓവറില്‍ 7 വിക്കറ്റിന് 218 റണ്‍സാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
ഡെവാള്‍ഡ് ബ്രെവിസിന്റെ സെഞ്ചുറിപ്രകടനത്തിന്റെ ബലത്തില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സിനെ കൂട്ടുപിടിച്ച് ഡെവാള്‍ഡ് ബ്രെവിസ് നടത്തിയ വെടിക്കെട്ട് സെഞ്ചുറി പ്രകടനമാണ് തുണയായത്. 56 പന്തില്‍ 125 റണ്‍സ് നേടിയ ബ്രെവിസിന്റെ പ്രകടനത്തോടെ 20 ഓവറില്‍ 7 വിക്കറ്റിന് 218 റണ്‍സാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് വിജയം അനിവാര്യമായിരുന്നു. എന്നാല്‍ 18 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമിനെ ഗ്ലെന്‍ മാക്‌സ്വെല്ലും കഴിഞ്ഞ മത്സരത്തിലെ ഹീറോ റയാന്‍ റിക്കിള്‍ട്ടണെ ഡാര്‍സ്യൂസും തുടക്കത്തിലെ മടക്കിയതോടെ ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദത്തിലായി. 57 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ നിന്ന ദക്ഷിണാഫ്രിക്കയെ ഡെവാള്‍ഡ് ബ്രെവിസ്- ട്രിസ്റ്റണ്‍ സ്റ്റമ്പ്‌സ് കൂട്ടുക്കെട്ടാണ് മികച്ച നിലയിലെത്തിച്ചത്. 56 പന്തില്‍ 12 ബൗണ്ടറികളും 8 സിക്‌സും സഹിതം 125 റണ്‍സാണ് ബ്രെവിസ് പുറത്താവാതെ നേടിയത്. 41 പന്തിലായിരുന്നു താരത്തിന്റെ സെഞ്ചുറി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കായി ടി20യില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. 22 പന്തില്‍ 33 റണ്‍സാണ് ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കായി ഗ്ലെന്‍ മാക്‌സ്വെല്‍, ബെന്‍ ഡ്വാര്‍സ്യൂസ് എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.