Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഡ്‌ലെയ്‌ഡില്‍ കൊലവിളിച്ച് കോഹ്‌ലി (90*); ഓസീസ് ബോളര്‍മാരെ തല്ലിപ്പരത്തി, കംഗാരുക്കള്‍ക്ക് ലക്ഷ്യം- 189

അഡ്‌ലെയ്‌ഡില്‍ കൊലവിളിച്ച് കോഹ്‌ലി (90*); ഓസീസ് ബോളര്‍മാരെ തല്ലിപ്പരത്തി, കംഗാരുക്കള്‍ക്ക് ലക്ഷ്യം- 189
അഡ്‌ലെയ്‌ഡ് , ചൊവ്വ, 26 ജനുവരി 2016 (15:49 IST)
വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്‌ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 188 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. മുന്നാമനായി ക്രീസിലെത്തിയ കോഹ്‌ലിയും (90*) നാലാമനായെത്തിയ സുരേഷ് റെയ്‌നയും (41) ഓസീസ് ബോളര്‍മാരെ തരിപ്പണമാക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 134 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. അമ്പത്തിയഞ്ച് പന്തില്‍ നിന്ന് 6 സിക്‍സറുകളും 9 ഫോറുകളും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി ശിഖര്‍ ധാവാനും രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് നല്‍കിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച രോഹിത്തായിരുന്നു (31) കൂടുതല്‍ അപകടകാരിയായത്. ഓസീസ് ബോളര്‍മാരെ തലങ്ങും വെലങ്ങും അടിച്ചു പരത്തിയ അദ്ദേഹം അഞ്ചാം ഓവറില്‍ ഷെയ്‌ന്‍ വാട്ട്‌സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. 40 റണ്‍സാണ് ധാവാനും രോഹിത്തും ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. അഞ്ചാം പന്തില്‍ ധവാനും (5) കീപ്പര്‍ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലാകുമെന്ന് കരുതിയെങ്കിലും ക്രീസില്‍ ഒത്തുച്ചേര്‍ന്ന സുരേഷ് റെയ്‌ന കോഹ്‌ലി സഖ്യം ഇന്ത്യയെ മികച്ച നിലയില്‍ എത്തിക്കുകയായിരുന്നു.

റെയ്‌നയെ കാഴ്‌ചക്കാരനാക്കി കോഹ്‌ലി അടിച്ചു തകര്‍ക്കുകയായിരുന്നു. അവസാന ഓവറിലെ രണ്ടാം പന്തില്‍ ഫോക്‍നര്‍ക്ക് വിക്കറ്റ് നല്‍കി റെയ്‌ന പുറത്തായെങ്കിലും ക്രീസിലെത്തിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി (11*) മികച്ച പ്രകടനം നടത്തുകയായിരുന്നു. ട്വന്റി-20യില്‍ ഓസ്‌ട്രേലിയക്കെതിരെ തന്റെ ഉയര്‍ന്ന സ്‌കോറാണ് കോഹ്‌ലി കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam