Women's ODI Worldcup Final : ഒരു വിജയമകലെ ലോകകിരീടം, പക്ഷേ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമല്ല
പ്രധാനമായും ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയില്‍ പരിചയസമ്പന്നയായ മരിസാന്‍ കാപ്പാകും ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളി ഉയര്‍ത്തുക.
വനിതാ ക്രിക്കറ്റില്‍ തങ്ങളുടെ ആദ്യ ലോകകിരീടനേട്ടമെന്ന ചരിത്രനിമിഷത്തിന് അരികിലാണ് ഇന്ത്യന്‍ വനിതകള്‍. കരുത്തരായ ഓസ്‌ട്രേലിയയെ സെമിഫൈനലില്‍ അട്ടിമറിച്ചെത്തിയ ഇന്ത്യന്‍ വനിതകള്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. മികച്ച ഫോമില്‍ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് എന്നീ താരങ്ങള്‍ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഏറെയാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും കടുത്ത പോരാട്ടം തന്നെയാകും ഇന്ത്യന്‍ വനിതകള്‍ക്ക് നേരിടേണ്ടി വരിക.
പ്രധാനമായും ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയില്‍ പരിചയസമ്പന്നയായ മരിസാന്‍ കാപ്പാകും ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളി ഉയര്‍ത്തുക. ലോകകപ്പില്‍ മങ്ങിയ ഫോമിലാണ് തുടങ്ങിയതെങ്കിലും പിന്നീട് താളം വീണ്ടെടുത്ത കാപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 5 വിക്കറ്റുകളുമായി തിളങ്ങിയിരുന്നു. മീഡിയം പേസ് ബൗളറാണെങ്കിലും പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ് കാപ്പിനെ അപകടകരിയാക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ ന്യൂ ബോള്‍ ആക്രമണത്തിന് മുന്നില്‍ ഇന്ത്യയുടെ മുന്‍ നിര തകര്‍ന്നടിഞ്ഞിരുന്നു. അതിനാല്‍ തന്നെ ഫൈനലില്‍ ശ്രദ്ധയോടെയാകും ഇന്ത്യ ഇന്നിങ്ങ്‌സ് പടുത്തുയര്‍ത്തുക. ബാറ്റിങ്ങിലേക്ക് വന്നാല്‍ 470 റണ്‍സ് ടൂര്‍ണമെന്റില്‍ ഇതിനകം അടിച്ചുകൂട്ടിയ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടാണ്‍ ദക്ഷിണാഫ്രിക്കയുടെ നട്ടെല്ല്. ഈ വര്‍ഷം 5 സെഞ്ചുറികള്‍ നേടിയ തസ്മിന്‍ ബ്രിട്ട്‌സ് ടീമിലുണ്ടെങ്കിലും താരത്തിന്റെ അസ്ഥിരത ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയാണ്. ലോറയ്‌ക്കൊപ്പം തസ്മിന്‍ ബ്രിട്ട്‌സും അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യയ്ക്ക് അത് വലിയ തിരിച്ചടിയായി മാറും.
മുന്‍നിരയില്‍ ഈ 2 ബാറ്റര്‍മാരല്ലാതെ അപകടം വിതയ്ക്കുന്ന വലിയ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലില്ല എന്നത് ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ വാലറ്റത്ത് ബാറ്റിങ്ങില്‍ പ്രതിരോധം തീര്‍ക്കാനുള്ള മികവ് ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. മാരിസാന്‍ കാപ്പ്, ലോറ വോള്‍വാര്‍ട്ട്, ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലാര്‍ക്ക് എന്നീ താരങ്ങളാകും മത്സരത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്ന താരങ്ങള്‍.