ഇഷാൻ ഓപ്പണിങ്ങിൽ ഇറങ്ങേണ്ട താരം, മുംബൈ ഇന്ത്യൻസിൽ തിരിച്ചുപോകണമെന്ന് മുൻ ഇന്ത്യൻ താരം
മുംബൈയില്‍ തിരിച്ചെത്തിയാല്‍ രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ ഇഷാന് അവസരം ലഭിക്കുമെന്നാണ് കൈഫ് വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഇഷാന്‍ കിഷന്‍ തിരിച്ച് മുംബൈ ഇന്ത്യന്‍സിലേക്ക് പോകണമെന്ന് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. ഇഷാന് ഏറ്റവും അനുയോജ്യമായ സ്ഥാനം ഓപ്പണിങ്ങിലാണെന്നും ഹെഡും അഭിഷേകും ഓപ്പണ്‍ ചെയ്യുന്ന ഹൈദരാബാദില്‍ ഇഷാന് ഒരിക്കലും ഓപ്പണറായി ഇറങ്ങാനാകില്ലെന്നും കൈഫ് പറയുന്നു. മുംബൈയില്‍ തിരിച്ചെത്തിയാല്‍ രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ ഇഷാന് അവസരം ലഭിക്കുമെന്നാണ് കൈഫ് വ്യക്തമാക്കുന്നത്.
ഇഷാന്‍ കിഷന്‍ മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയ താരമാണ്. നിലവില്‍ ഹൈദരാബാദിനായി മൂന്നാമതായാണ് ഇഷാന്‍ കളിക്കുന്നത്. വലിയ തുക പ്രതിഫലമുണ്ടെങ്കിലും വണ്‍ ഡൗണായി കളിക്കുന്നത് ഇഷാന് ഗുണം ചെയ്യില്ല. ഒരു ഡീല്‍ നടക്കുമെങ്കില്‍ തിരിച്ച് മുംബൈയ്ക്ക് പോകണമെന്ന് ഇഷാന്‍ ടീമിനോട് അഭ്യര്‍ഥിക്കണം. ഇഷാന്‍ തിരിച്ചെത്തിയാല്‍ അത് മുംബൈയ്ക്കും ഗുണം ചെയ്യും. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ കൈഫ് പറയുന്നു.
ഐപിഎല്ലില്‍ 2018 മുതല്‍ 2024 വരെ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു ഇഷാന്‍ കിഷന്‍. കഴിഞ്ഞ സീസണില്‍ 11.25 കോടി മുടക്കി ഹൈദരാബാദ് താരത്തെ സ്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനായി സെഞ്ചുറി അടിച്ചു തുടങ്ങിയെങ്കിലും സീസണില്‍ ആ മികവ് തുടരാന്‍ ഇഷാന്‍ കിഷനായിരുന്നില്ല. 14 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും ഒരു ഫിഫ്റ്റിയും സഹിതം 354 റണ്‍സാണ് താരം കഴിഞ്ഞ സീസണില്‍ നേടിയത്.