Shubman Gill : മൂന്ന് ഫോർമാറ്റും ഒരുപോലെ കൈകാര്യം ചെയ്യുക വെല്ലുവിളിയാണ്: ശുഭ്മാൻ ഗിൽ
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ഗില്‍ ഇക്കാര്യം പറഞ്ഞത്.
3 ഫോര്‍മാറ്റിലും ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുക എന്നത് വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്‍. നിലവില്‍ ടെസ്റ്റ്- ഏകദിന ടീമുകളുടെ നായകനായ ഗില്ലിന് ടി20 ടീമിന്റെ ഉപനായക പദവിയും ലഭിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്ററെന്ന നിലയിലും നായകനെന്ന നിലയിലും തിളങ്ങിയെങ്കിലും അതിന് ശേഷം വന്ന ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ തിളങ്ങാന്‍ ഗില്ലിനായിരുന്നില്ല.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ഗില്‍ ഇക്കാര്യം പറഞ്ഞത്. ജോലിഭാരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ ഇപ്പോഴും മനസിലാക്കി വരുന്നതെയുള്ളു. ഏഷ്യാകപ്പ് മുതല്‍ ഞങ്ങള്‍ തുടര്‍ച്ചയായി കളിക്കുന്നു. കളിക്കുന്ന ഫോര്‍മാറ്റുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും വിജയിക്കാനും എനിക്ക് ചെയ്യാനാവുന്നത് ഞാന്‍ ചെയ്യുന്നു.തീര്‍ച്ചയായും വെല്ലുവിളിയാണ്. ശാരീരികമാണ് എന്നതിനേക്കാള്‍ മാനസികമായ വെല്ലുവിളിയാണ്. ഗില്‍ പറഞ്ഞു.
അതേസമയം മുഹമ്മദ് ഷമി ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിനും ഗില്‍ മറുപടി നല്‍കി. ഷമിയുടെ നിലവാരത്തിലുള്ള അധികം ബൗളര്‍മാര്‍ ടീമിലില്ലെന്ന് പറഞ്ഞെങ്കിലും ഷമി തിരിച്ചെത്തുന്ന കാര്യം സംശയമാണെന്ന സൂചനയാണ് ഗില്‍ നല്‍കിയത്. ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം മികച്ച പ്രകടനങ്ങളാണ് നടത്തുന്നതെന്നും ഭാവിയെ കൂടി നോക്കേണ്ടതുണ്ടെന്നുമാണ് ഗില്‍ വ്യക്തമാക്കിയത്. സെലക്ടര്‍മാര്‍ക്കാകും ഇക്കാര്യത്തില്‍ ഉത്തരം പറയാനാവുക എന്നും ഗില്‍ പറഞ്ഞു.