Kerala Cricket League 2025: മറുപടിയില്ലാതെ കൊല്ലം പകച്ചുനിന്നു; കെസിഎല്‍ കിരീടം കൊച്ചിക്ക്
കൊച്ചിക്കായി ജെറിന്‍ പി.എസ്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നായകന്‍ സാലി സാംസണ്‍, കെ.എം.ആസിഫ്, മുഹമ്മദ് ആഷിക് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍
Kochi Blue Tigers Champions: കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്. ഫൈനലില്‍ ഏരീസ് കൊല്ലം സൈലേഴ്‌സിനെ 75 റണ്‍സിനു തോല്‍പ്പിച്ചാണ് കൊച്ചിയുടെ കിരീടധാരണം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന കൊച്ചി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടിയപ്പോള്‍ കൊല്ലത്തിന്റെ മറുപടി ഇന്നിങ്‌സ് 106 ല്‍ അവസാനിച്ചു. 21 പന്തുകള്‍ ശേഷിക്കെ കൊല്ലം ഓള്‍ഔട്ട് ആകുകയായിരുന്നു.
കൊച്ചിക്കായി ജെറിന്‍ പി.എസ്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നായകന്‍ സാലി സാംസണ്‍, കെ.എം.ആസിഫ്, മുഹമ്മദ് ആഷിക് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍. അജീഷ് കെ. ഒരു വിക്കറ്റ് സ്വന്തമാക്കി.
ഓപ്പണര്‍ വിനൂപ് മനോഹരന്റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് കൊച്ചി മികച്ച സ്‌കോര്‍ നേടിയത്. 30 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 70 റണ്‍സെടുത്ത വിനൂപ് തന്നെയാണ് കളിയിലെ താരം. ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ 25 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്നു.
സഞ്ജു സാംസണ്‍ അംഗമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് ഫൈനലില്‍ എത്തിയത്. കൊച്ചി സെമി ബെര്‍ത്ത് ഉറപ്പിച്ചതിനു പിന്നാലെ സഞ്ജു കെ.എസി.എല്‍ അവസാനിപ്പിച്ച് ഏഷ്യാ കപ്പ് ഒരുക്കത്തിലേക്ക് കടന്നിരുന്നു. അതുകൊണ്ടാണ് താരത്തിനു സെമി ഫൈനല്‍, ഫൈനല്‍ എന്നിവ നഷ്ടമായത്.