ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ 3 മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ സ്വന്തം കളിക്കാര്‍ക്കെതിരെ തന്നെ നടപടികളുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. രാജ്യത്തിന് പുറത്ത് നല്‍കുന്ന ടി20 ലീഗുകളില്‍ കളിക്കാനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാനാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
എന്‍ഒസി മരവിപ്പിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും തീരുമാനം പാക് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരെ അറിയിച്ചിട്ടുണ്ട്. എസ് എ 20, ഐഎല്‍ടി 20, ബിബിഎല്‍ തുടങ്ങിയ വിദേശ ലീഗുകള്‍ വരും മാസങ്ങളില്‍ ആരംഭിക്കാനിരിക്കെയാണ് പിസിബിയുടെ തീരുമാനം. ഈ ലീഗുകളില്‍ കളിച്ചില്ലെങ്കില്‍ അത് പാക് കളിക്കാരെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കുമെന്ന് ഉറപ്പാണ്.
പിസിബി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുമൈര്‍ അഹമ്മദ് സയ്യിദ് ആണ് തീരുമാനം അറിയിച്ചത്. ഇതോടെ ബിഗ് ബാഷ്, ഐഎല്‍ടി 20 ലീഗുകളില്‍ പങ്കെടുക്കാന്‍ കാത്തിരുന്ന ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്വാന്‍ തുടങ്ങിയവരെയെല്ലാം തീരുമാനം ബാധിക്കും. ലീഗുകളിലും മറ്റ് വിദേശ ടൂര്‍ണമെന്റുകളിലും പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കളിക്കാര്‍ക്കുള്ള എല്ലാ എന്‍ഒസികളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായാണ് പിസിബി അറിയിച്ചത്.