Select Your Language

Notifications

webdunia
webdunia
webdunia
webdunia

2007ല്‍ വിരമിക്കാന്‍ തീരുമാനിച്ചിരുന്നു; പിന്തിരിപ്പിച്ചത് സച്ചിന്‍- സെവാഗ്

2007ല്‍ വിരമിക്കാന്‍ തീരുമാനിച്ചിരുന്നു; പിന്തിരിപ്പിച്ചത് സച്ചിന്‍- സെവാഗ്
ന്യൂഡല്‍ഹി , വ്യാഴം, 29 ഒക്‌ടോബര്‍ 2015 (10:11 IST)
2007ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് വീരേന്ദര്‍ സെവാഗ്. തീരുമാനത്തില്‍ നിന്നും സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് പിന്തിരിപ്പിച്ചത്. താന്‍ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ അനില്‍ കുബ്ലെയാണ്. തന്നെ ടീമില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം സെലക്‍ടര്‍മാര്‍ അറിയിച്ചില്ലെന്നും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വ്യക്തമാക്കി.

'എല്ലാ താരങ്ങളും തങ്ങളുടെ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ വിരമിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. അങ്ങനെ തന്നെയാണ് താനും ചിന്തിച്ചത്. വിരമിക്കല്‍ പ്രസംഗം പോലും തയാറാക്കി. എന്നാല്‍ അവസാന നിമിഷം സച്ചിന്‍ തന്റെ നീക്കം തടയുകയായിരുന്നുവെന്നും സെവാഗ് വ്യക്തമാക്കി. രാജ്യാന്തര മല്‍സരങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വിരമിച്ചിരുന്നെങ്കില്‍ എനിക്കും വിടവാങ്ങല്‍ മത്സരവും വിടവാങ്ങല്‍ പ്രസംഗവുമെല്ലാം ലഭിച്ചേനെ. എന്നാല്‍ എന്തു ചെയ്യാം വിധി എനിക്കുവേണ്ടി മറ്റൊന്നായിരുന്നു കരുതിവെച്ചത്. സെവാഗ് പറഞ്ഞു.

2013 ല്‍ ഓസ്‍ട്രേലിയയ്‌ക്കെതിരെയുള്ള പരമ്പരയില്‍ നിന്നും തന്നെ ഒഴിവാക്കുന്നതിനു മുമ്പ് സെലക്‍ടര്‍മാര്‍ അറിയിച്ചില്ല. തന്നെ ഒഴിവാക്കുന്നതായി നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേനെ. അപ്രതീക്ഷിതമായി താന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് തന്നെ സ്‌നേഹിക്കുന്നവര്‍ക്കും കുടുംബത്തിനും ഇഷ്‌ടമായില്ലെന്നും സെവാഗ് പറഞ്ഞു. ഞാനൊരിക്കലും ക്രിക്കറ്റില്‍ നിന്നും വിടപറയില്ല. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

2013ല്‍ ഇന്ത്യന്‍ ടീമില്‍നിന്നു പുറത്തായ ശേഷം സേവാഗിനു ടീമിലേക്കു തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു വര്‍ഷത്തോളം ടീമിലേക്കു വരാന്‍ കാത്തിരുന്ന ശേഷം കഴിഞ്ഞ ഒക്ടോബറില്‍ 20 ന് തന്റെ 37 -മത് പിറന്നാള്‍ ദിനത്തിലാണു സേവാഗ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Share this Story:

Follow Webdunia malayalam